ഒരു പകല്‍ മുഴുവന്‍ ബെംഗളുരുവിനെ ഞെട്ടിച്ച വന്‍ സ്ഫോടന ശബ്ദത്തിന് കാരണം ഇതാണ്
ബെംഗളുരുവില്‍ ഇന്ന് ഉച്ചയ്ക്ക് 1.20ഓടെയാണ് സ്ഫോടനത്തിന് സമാനമായ വലിയ ശബ്ദമുണ്ടായത്. ബെംഗളുരുവില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ വരെ ശബ്ദമെത്തിയതോടെ നാട്ടുകാര്‍ ഭയന്നിരുന്നു. പൊട്ടിത്തെറി ശബ്ദത്തേക്കുറിച്ച് പല രീതികളിലുള്ള തിയറികളും രൂപപ്പെട്ടു.
ദില്ലി: ബെംഗളുരും നഗരത്തെ ഞെട്ടിച്ച വന്‍ സ്ഫോടന ശബ്ദത്തിന്‍റെ ചുരുളഴിഞ്ഞു. ബുധനാഴ്ച ബെംഗളുരു നഗരത്തിനെ ഞെട്ടിച്ച ആ ശബ്ദം വ്യോമസേന വിമാനത്തിന്‍റെ പരീക്ഷണ പറക്കലിന്‍റേതാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ബെംഗളുരു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സൂപ്പര്‍ സോണിക് സ്വഭാവമുള്ള വിമാനത്തില്‍ നിന്നാണ് നഗരത്തെ ഞെട്ടിച്ച ശബ്ദമുണ്ടായത്. നഗരത്തിന് പുറത്ത് അനുമതിയുള്ള ഇടത്താണ് വിമാനം പരീക്ഷണ പറക്കല്‍ നടത്തിയതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ബെംഗളുരുവില്‍ ഇന്ന് ഉച്ചയ്ക്ക് 1.20ഓടെയാണ് സ്ഫോടനത്തിന് സമാനമായ വലിയ ശബ്ദമുണ്ടായത്. ബെംഗളുരുവില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ വരെ ശബ്ദമെത്തിയതോടെ നാട്ടുകാര്‍ ഭയന്നിരുന്നു. പൊട്ടിത്തെറി ശബ്ദത്തേക്കുറിച്ച് പല രീതികളിലുള്ള തിയറികളും രൂപപ്പെട്ടു. ഭൂകമ്പമാണെന്നും, സ്ഫോടനമാണെന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ നഗരത്തില്‍ എവിടെയും പൊട്ടിത്തെറി നടന്നതിന്‍റെ ലക്ഷണങ്ങളോ കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയോ ചെയ്യാതിരുന്നത് കര്‍ണാടക പൊലീസിനേയും കുഴക്കിയിരുന്നു.
സൂപ്പര്‍ സോണികില്‍ നിന്ന് സബ്സോണിക് വേഗതയിലേക്ക് വിമാനം വന്നപ്പോഴാണ് വലിയ ശബ്ദമുണ്ടായത്. 36000-40000 അടി ഉയരത്തിലായിരുന്നു വിമാനമുണ്ടായതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ശബ്ദമുണ്ടായ സമയത്ത് വിമാനം നഗരത്തില്‍ നിനന് ഏറെ ദൂരെയായിരുന്നുവെന്നും വിമാനം 65-80 കിലോമീറ്റര്‍ അകലെയുള്ളപ്പോള്‍ പോലും ഈ ശബ്ദം കേള്‍ക്കാന്‍ സാധിക്കുമെന്നും പ്രിതരോധമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവിനെ ഞെട്ടിച്ച് വന്‍ സ്‌ഫോടന ശബ്ദം; ഭൂമികുലക്കമല്ല, പിന്നെന്ത്
ചില വീടുകളുടെ ജനലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അഞ്ച് സെക്കന്റോളം ശബ്ദമുണ്ടായതായുമാണ് പ്രദേശവാസികള്‍ സംഭവത്തേക്കുറിച്ച് വിവരിച്ചത്. കുക്ക്ടൗണ്‍, വിവേക് നഗര്‍, രാമമൂര്‍ത്തി നഗര്‍, ഹൊസൂര്‍ റോഡ്, എച്ചഎഎല്‍, ഓള്‍ഡ് മദ്രാസ് റോഡ്, ഉള്‍സൂര്‍, കുണ്ടനഹള്ളി, കമ്മനഹള്ളി, സിവി രാമന്‍നഗര്‍ എന്നിവിടങ്ങളിലും ശബ്ദം കേട്ടിരുന്നു.