ഓപെറയുടെ സിങ്ക് സേവനം ഹാക്ക് ചെയ്യപ്പെട്ടു
മൊബൈല്‍ വെബ് ബ്രൗസറായ ഓപെറയുടെ സിങ്ക് സേവനം ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരണം. ഈ സേവനം ഉപയോഗപ്പെടുത്തുന്ന വലിയ വിഭാഗം ഉപയോക്താക്കളുടെ പാസ്‌വേര്‍ഡുകളും അക്കൗണ്ടു വിവരങ്ങളും ചോര്‍ത്തപ്പെട്ടതായാണ് കരുതപ്പെടുന്നത്.
സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ സിങ്ക് ഉപയോക്താക്കളോടും പാസ്‌വേര്‍ഡ് മാറ്റാന്‍ ഓപെറ ഇമെയിലിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സിങ്ക് സേവനവുമായി സിങ്ക്രണസ് ചെയ്തിട്ടുള്ള സൈറ്റുകളുടെയും പാസ്‌വേര്‍ഡ് മാറ്റാന്‍ കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞമാസത്തെ കണക്കുകള്‍ പ്രകാരം 1.70 മില്യണ്‍ ആക്ടീവ് യൂസേഴ്‌സ് ആണ് ഓപെറ സിങ്ക് സേവനം ഉപയോഗിക്കുന്നത്. ഓപെറയുടെ മൊത്തം ഉപയോക്താക്കളുടെ വെറും 0.5 ശതമാനമാണിത്. ലോകത്താകെ 350 മില്യണ്‍ ആളുകളാണ് ഓപെറ ബ്രൗസര്‍ ഉപയോഗിക്കുന്നത്.
ശേഷിക്കുന്ന സിങ്ക് സേവനം ഉപയോഗിക്കാത്ത ഓപെറ യൂസര്‍മാര്‍ ഒന്നും ചെയ്യേണ്ടതില്ലെന്നും കമ്പനി വ്യക്തമാക്കി. ആക്രമണം അതിവേഗം തടയാനായെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ഓപെറ അറിയിച്ചു.