ആനന്ദ് മഹേശ്വരി രാജിവെച്ചു; മൈക്രോ സോഫ്റ്റ് ഇന്ത്യക്ക് ഇനി പുതിയ മേധാവി
'ആനന്ദ് മൈക്രോസോഫ്റ്റ് വിടുന്ന കാര്യം തങ്ങൾ സ്ഥിരീകരിക്കുന്നുവെന്നും കമ്പനിയുടെ പുറത്തുള്ള മറ്റൊരു ചുമതല ഏറ്റെടുക്കാനാണ് അദ്ദേഹം പോകുന്നതെന്നും മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു.
ദില്ലി: മൈക്രോ സോഫ്റ്റ് ഇന്ത്യയ്ക്ക് ഇനി പുതിയ മേധാവി. വെങ്കട്ട് കൃഷ്ണൻ പൊതുമേഖലാ ബിസിനസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേറ്റെടുക്കുന്നതിനാൽ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ പുതിയ സിഇഒ ആയി നവതേജ് ബാലിനെ നിയമിച്ചു. മൈക്രോ സോഫ്റ്റ് ഇന്ത്യയുടെ പ്രസിഡന്റ് ആനന്ദ് മഹേശ്വരി ഇന്നലെയാണ് രാജിവെച്ചത്. പ്രസിഡന്റിന്റെ രാജി കമ്പനി സ്ഥിരീകരിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥർക്കിടയിൽ മാറ്റങ്ങൾക്കിടയാക്കുന്നതാണ് രാജി.
'ആനന്ദ് മൈക്രോസോഫ്റ്റ് വിടുന്ന കാര്യം തങ്ങൾ സ്ഥിരീകരിക്കുന്നുവെന്നും കമ്പനിയുടെ പുറത്തുള്ള മറ്റൊരു ചുമതല ഏറ്റെടുക്കാനാണ് അദ്ദേഹം പോകുന്നതെന്നും മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു. ഇന്ത്യയിൽ നമ്മുടെ ബിസിനസിന് അദ്ദേഹം നൽകിയ സംഭാവനകൾക്ക് നന്ദി പറയുന്നതായും ഭാവി പ്രവർത്തനങ്ങൾക്ക് വിജയാശംസകൾ നേരുന്നതായും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഹണി വെൽ, മക്കൻസി ആൻഡ് കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്ത ആനന്ദ് 2016ലാണ് മൈക്രോസോഫ്റ്റിൽ ചേർന്നത്. ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് എൻജിനിയറിങ് ബിരുദധാരിയാണ് അദ്ദേഹം. ആനന്ദ് രാജിവെച്ചതോടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ ഇറിന ഗോസെയാണ് ഇന്ത്യയിലെ മാനേജിങ് ഡയറക്ടറാകുന്നത്. മൈക്രോസോഫ്റ്റിൽ ചേരുന്നതിന് മുമ്പ്, മഹേശ്വരി ഹണിവെൽ ഇന്ത്യയിലെ പ്രസിഡന്റായും മക്കിൻസി ആൻഡ് കമ്പനിയിൽ എൻഗേജ്‌മെന്റ് മാനേജരായും ജോലി ചെയ്തിരുന്നു.
മൈക്രോസോഫ്റ്റിന്റെ സീനിയർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവായ ശ്രീനിവാസ റെഡ്ഡി ഈ വർഷം അവസാനത്തോടെ ഗൂഗിളിൽ ചേരുമെന്നാണ് സൂചന. മുമ്പ് ആപ്പിളിന്റെ ഇന്ത്യ റെഗുലേറ്ററി ടീമിൽ പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. റെഗുലേറ്ററി വെല്ലുവിളികൾ നാവിഗേറ്റ് ചെയ്യാൻ എക്സിക്യൂട്ടീവ് ഗൂഗിളിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Read More : 'ഇന്ത്യ ഇപ്പോൾ എന്‍റേത്'; കാമുകനെ തേടി 4 മക്കളുമായി ഇന്ത്യയിൽ, അറസ്റ്റ്, ജയിൽ, പാക് യുവതി ഹാപ്പിയാണ്