മലേഷ്യൻ വിമാനം തേടിപോയ കപ്പല്‍ ദുരൂഹമായി അപ്രത്യക്ഷമായി

MH370 search vessel goes dark after tracking system disabled

മാനില: നാലു വർഷം മുൻപ് കാണാതായ മലേഷ്യൻ വിമാനം തേടിപോയ കപ്പല്‍ ദുരൂഹമായി അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്.  കപ്പൽ റഡാറിൽ നിന്ന് മറഞ്ഞുവെന്നാണ് ചില വിദേശ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സീബെഡ് കണ്‍സ്ട്രക്ടര്‍ എന്ന കപ്പലിൽ നിന്നുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം  ജനുവരി 31 മുതല്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കപ്പലുമായി ബന്ധം തടസ്സപ്പെട്ടതിന്‍റെ കാരണം കണ്‍ട്രോള്‍ റൂമുകളില്‍ ഇപ്പോഴും വ്യക്കമല്ല. ഏറ്റവും പുതിയ റിപ്പോർട്ടു പ്രകാരം ഇതുവരെ എഐഎസ് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. മൂന്ന് ആഴ്ച തിരച്ചിൽ നടത്തിയതിനു ശേഷമാണ് സംഭവം.  ഇതിനിടെ മലേഷ്യൻ വിമാനം കാണാതായത് പോലെ സീബെഡ് കൺസ്ട്രക്ടർ കപ്പലും അപകടത്തിലാണെന്നാണ് ഒരു വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്തായാലും അടുത്ത ദിവസങ്ങളിൽ തന്നെ തിരച്ചിൽ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലഭിക്കുമെന്നാണ് തിരച്ചിലിനു നേതൃത്വം നൽകുന്ന കമ്പനി വക്താവ് അറിയിച്ചത്. ജനുവരി 22 നാണ് അന്വേഷണം തുടങ്ങിയത്.  നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താനുള്ള ഏറ്റവും പുതിയ പ്രതീക്ഷയായി അവതരിച്ചതായിരുന്നു സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പൽ. 

60 കിലോമീറ്റര്‍ ഭാഗത്ത് കടലില്‍ മൂന്ന് കിലോമീറ്റര്‍ വരെ ആഴത്തില്‍ പരീക്ഷണ തിരച്ചില്‍ നടത്തിയ ശേഷമാണ് സീബെഡ് കണ്‍സ്ട്രക്ടര്‍ പുതിയ ദൗത്യത്തിന് തിരിച്ചത്. പരമാവധി ആറ് കിലോമീറ്റര്‍ വരെ ആഴത്തില്‍ പരിശോധന നടത്താന്‍ സീബെഡ് കണ്‍സ്ട്രക്ടറിനാകും. മലേഷ്യന്‍ സര്‍ക്കാര്‍ തന്നെയാണ് ദൗത്യം ഔദ്യോഗികമായി അവരെ ഏല്‍പ്പിച്ചത്. വിമാനം കണ്ടെത്തിയാല്‍ മാത്രം പൂര്‍ണ്ണ പ്രതിഫലം നല്‍കുന്ന കരാറാണ് സര്‍ക്കാര്‍ കമ്പനിയുമായി ഉണ്ടാക്കിയിരിക്കുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios