ഏഴ് ദിവസത്തേക്ക് ലോൺ, കഴുത്തറപ്പൻ പലിശ; അത്യാവശ്യത്തിന് എടുത്ത് പോയാല്‍ കാത്തിരിക്കുന്നത് വൻ പണി!
ലോൺ അനുവദിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവ ആവശ്യപ്പെടും. ഇത് ദുരുപയോഗിക്കപ്പെടാനും സാധ്യതയുണ്ട്.
കൊച്ചി: ഓൺലൈൻ ലോൺ ആപ്പുകളുടെ അപകടത്തെ കരുതിയിരിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ്. നമ്മുടെ സമൂഹത്തിൽ ഇത്തരം ആപ്പുകളുടെ ചതിയിൽപ്പെടുന്നുവർ ധാരാളമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത ലോൺ ആപ്പുകളിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പ് സംഘം സാധാരണ ഗതിയിൽ ഏഴു ദിവസത്തേക്കാണ് ലോൺ അനുവദിക്കുന്നത്. അയ്യായിരം രൂപ ലോൺ ആവശ്യപ്പെടുന്ന ഒരാൾക്ക് ശരാശരി മൂവായിരം മുതൽ മൂവായിരത്തി അഞ്ഞുറു രൂപ വരെയാണ് നൽകുന്നത്.
അയ്യായിരം രൂപയ്ക്ക് ഏഴു ദിവസത്തേക്ക് ആയിരത്തിയഞ്ഞൂറു രൂപ വരെ പലിശ ഈടാക്കും. ലോൺ അനുവദിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവ ആവശ്യപ്പെടും. ഇത് ദുരുപയോഗിക്കപ്പെടാനും സാധ്യതയുണ്ട്. ലോൺ അനുവദിക്കുന്നതിന് അവർ നിർദ്ദേശിക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം. ഈ ആപ്പിലൂടെ മൊബൈൽ ഫോണിലുള്ള കോൺടാക്റ്റ്സ് കവരുകയാണ് ഇവർ ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം ഗ്യാലറിയിലെ ഫോട്ടോ, വീഡിയോ മെസേജ് എന്നിവയും കൈക്കലാക്കും. ലോൺ അടക്കാതെ വന്നാൽ ഭീഷണി സന്ദേശം ആദ്യം അയക്കും. തുടർന്ന് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളും ലോൺ എടുത്തയാളെ കുറ്റവാളിയായി ചിത്രീകരിക്കുന്ന മെസേജും ഫോണിൽ നിന്ന് കവർന്നെടുത്ത നമ്പറുകളിലേക്കും അയക്കും. ഇതിലൂടെ ലോൺ എടുത്തയാൾ മാനസികമായി തകരുകയുമാണ് ചെയ്യുന്നത്. ഇനി ലോൺ അടയ്ക്കാൻ കഴിയില്ലെങ്കിൽ സമാനമായി ലോൺ തരുന്ന മറ്റ് ആപ്പുകളെ പരിചയപ്പെടുത്തി നൽകുകയും അവരിലൂടെ പുതിയ ലോൺ എടുക്കാൻ പ്രേരിപ്പിക്കുകയും കൂടുതൽ ബാധ്യതക്കാരായി തീർക്കുകയുമാണ് ചെയ്യുന്നത്.
എത്ര തുക അടച്ചാലും ഇത്തരം ലോൺ തീരുന്നതിനുള്ള സാധ്യത കുറവാണ്. വിദേശ നിർമ്മിത ആപ്പുകളും വ്യാജ മൊബൈൽ നമ്പറുമാണ് തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്. വായ്പ എടുക്കുന്നതിന് അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ലോൺ ആപ്പ് സംബന്ധിച്ച് പരാതിയുള്ളവർക്ക് 9497980900 എന്ന വാട്സപ്പ് നമ്പറിൽ അക്കാര്യം അറിയിക്കാം. ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, ശബ്ധസന്ദേശം എന്നിവയായി പരാതി നൽകാം. സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനുള്ള 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിൽ നേരിട്ട് വിളിച്ചും വിവരങ്ങൾ നൽകാവുന്നതാണ്.
മെട്രോയ്ക്കുള്ളിൽ കിടിലൻ റീൽസ് എടുക്കാൻ യുവാവിന്‍റെ ശ്രമം; വേദന കൊണ്ട് പുളഞ്ഞു, വീഡിയോ വൈറൽ