100 ഭൗമസമാന ഗ്രഹങ്ങളെക്കൂടി നാസ കണ്ടെത്തി
ന്യൂയോര്‍ക്ക്: ബഹിരാകാശഗവേഷണ രംഗത്തെ വലിയ കണ്ടുപിടുത്തവുമായി വീണ്ടും നാസ. നാസയുടെ കെപ്ലര്‍ ടെലസ്‌കോപ്പ് സൗരയൂഥത്തിന് പുറത്ത് 100 ഭൗമസമാന ഗ്രഹങ്ങളെക്കൂടി കണ്ടെത്തി. ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള മേഖലയില്‍ 9 പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയതായും നാസയിലെ ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു.
സൗരയൂഥത്തിന് പുറത്ത് ജീവന്‍ തെരയുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. നമ്മുടെ സൗരയൂഥത്തിന് പുറത്ത് മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന 1284 പുതിയ ഗ്രഹങ്ങളെയാണ് ഇത്തവണ കെപ്ലര്‍ ടെലസ്‌കോപ്പ് കണ്ടെത്തിയത്.
ഇത്രയേറെ എക്‌സോപ്ലാനറ്റുകളുടെ കണ്ടെത്തല്‍ ഒരുമിച്ച് പ്രഖ്യാപിക്കന്നത് ഇതാദ്യമായാണ്. ഇതില്‍ 100 എണ്ണം ഭൂമിയുടെ സമാന വലിപ്പം ഉള്ളവയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ജീവന് നിലനില്‍ക്കാന്‍ സാധ്യതയുള്ള മേഖലയില്‍ നിലനില്‍ക്കുന്ന 9 ഗ്രഹങ്ങളെയും കണ്ടത്തിയിട്ടുണ്ട്.
ഈ ഗ്രഹങ്ങളില്‍ ദ്രാവകാവസ്ഥയില്‍ ജലം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 മാര്‍ച്ച് 7നാണ് കെപ്ലര്‍ ടെലസ്‌കോപ്പ് വിക്ഷേപിച്ചത്.