അയേൺഡോമിനെ വരെ ലക്ഷ്യമാക്കി ഹാക്കർമാർ; ഇന്ത്യൻ ഹാക്കർമാരും രംഗത്ത്, തകർന്ന് ഇസ്രയേലി-ഹമാസ് വെബ്സൈറ്റുകൾ
ഇസ്രയേലിന്റെ സർക്കാർ വെബ്സൈറ്റുകൾ മുതൽ സുപ്രധാന വ്യോമ പ്രതിരോധ സംവിധാനമായ അയേൺ ഡോം വരെ സൈബർ ആക്രമണത്തിന് ഇരയാക്കി കഴിഞ്ഞു.
ഇസ്രയേൽ - പലസ്തീൻ സംഘർഷം കടുക്കുമ്പോൾ സൈബർ ലോകത്തും പ്രത്യാഘാതങ്ങൾ രൂക്ഷം. റഷ്യൻ ഹാക്കർമാരും ഇസ്രയേൽ വിരുദ്ധ രാജ്യങ്ങളിലെ ഹാക്കർമാരും ചേർന്നാണ് ഇസ്രയേലിന് എതിരെ ആക്രമണം നടത്തുന്നത്. ഇസ്രയേലിന്റെ സർക്കാർ വെബ്സൈറ്റുകൾ മുതൽ സുപ്രധാന വ്യോമ പ്രതിരോധ സംവിധാനമായ അയേൺ ഡോം വരെ സൈബർ ആക്രമണത്തിന് ഇരയാക്കി കഴിഞ്ഞു.
ഇതിനു പിന്നാലെ ഹമാസിന്റെ വെബ്സൈറ്റുകൾക്ക് നേരെ ഇന്ത്യൻ ഹാക്കർമാരും രംഗത്തെത്തിയെന്ന് സൂചനയുണ്ട്. ഇസ്രയേലി വെബ് സൈറ്റായ gov.ilന്റെ പ്രവർത്തനം തകരാറിലാക്കിയത് റഷ്യൻ ഹാക്കർമാരുടെ സംഘമായ കിൽനെറ്റാണ്. ടെലഗ്രാമിലെ പേജ് വഴി കിൽനെറ്റ് തന്നെയാണ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇസ്രയേലി ഭരണകൂടത്തിന് നേരെയാണ് തങ്ങളുടെ ആക്രമണമെന്നും കിൽനെറ്റ് പറയുന്നുണ്ട്.
അനോണിമസ് സുഡാൻ എന്ന ഹാക്കിവിസ്റ്റ് ഗ്രൂപ്പും ഹമാസ് പക്ഷത്ത് ചേർന്ന് ഇസ്രയേലിനെതിരെ സൈബർ ആക്രമണം നടത്തിുന്നുണ്ട്. റഷ്യയുമായി ബന്ധമുള്ള സംഘമാണ് ഇതെന്നാണ് സൂചന. ദ ജറൂസലേം പോസ്റ്റ് എന്ന ഇസ്രയേലി മാധ്യമത്തിന്റെ വെബ്‌സൈറ്റാണ് അനോണിമസ് ലക്ഷ്യം വെച്ചിരിക്കുന്നത്. എക്സ് വഴി ദ ജറൂസലേം തന്നെയാണ് സൈബർ ആക്രമണത്തിന് ഇരയായ വിവരം പുറത്തുവിട്ടത്. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയേൺ ഡോമിനെ ആക്രമിച്ച് നേരിട്ട് യുദ്ധത്തിന്റെ ഭാഗമാകാൻ അനോണിമസ് സുഡാൻ ശ്രമിക്കുന്നുവെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.
ഇസ്രയേലിന്റെ മുന്നറിയിപ്പ് സംവിധാനവും ഇവരുടെ കൈകളിലാണ്. സൈബർ ആർമി ഓഫ് റഷ്യ എന്ന മറ്റൊരു റഷ്യൻ സൈബർ സംഘം ഇസ്രയേലിനെയാണോ പലസ്തീനെയാണോ പിന്തുണക്കേണ്ടത് എന്നുള്ള അഭിപ്രായ സർവേ നടത്തുന്നുണ്ട്. ഇതിനു പിന്നാലെ ഇസ്രയേലിനെ പിന്തുണക്കുന്ന ഇന്ത്യൻ ഹാക്കർമാരുടെ സംഘം ഹമാസ് വെബ്‌സൈറ്റിനു നേരെ സൈബർ ആക്രമണം നടത്തിയെന്നും സൂചനയുണ്ട്.
ഇന്ത്യ സൈബർ ഫോഴ്‌സ് എന്നറിയപ്പെടുന്ന സംഘമാണ് ഇതിനു പിന്നിൽ. നാഷണൽ ബാങ്ക്(tns.ps/en), ടെലികമ്മ്യൂണിക്കേഷൻ കമ്പനി(palter.ps) എന്നീ വെബ്‌സൈറ്റുകൾക്കു നേരേയും ഹമാസിന്റെ ഔദ്യോഗിക സൈറ്റായ hamas.psനു നേരെയുമാണ് ആക്രമണമുണ്ടായത്. സൈലൻവൺ, ഗരുണ ഓപ്‌സ്, ടീം യുസിസി ഓപ്‌സ് എന്നീസംഘങ്ങളും ഇസ്രയേലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ടീം ഇൻസേൻ പികെ എന്ന പാകിസ്ഥാൻ ഹാക്കർമാരുടെ സംഘം ഇസ്രയേലിലെ ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങൾ തകരാറിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.