സൂപ്പര്‍ സോണിക് ഇന്‍റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി ഇന്ത്യ പരീക്ഷിച്ചു
ബാലസോര്‍: സൂപ്പര്‍ സോണിക് ഇന്‍റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി ഇന്ത്യ പരീക്ഷിച്ചു. തദ്ദേശ്ശീയമായി വികസിപ്പിച്ച സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റിക് മിസൈലാണ് മൂന്നാം തവണയും വിജയകരമായി പരീക്ഷിച്ചത്.
ബാലിസ്റ്റിക് മിസൈലുകളെ 30 കിലോ മീറ്റര്‍ ദൂരത്ത് നിന്നു തന്നെ അന്തരീക്ഷത്തില്‍ വെച്ച് നശിപ്പിക്കാന്‍ കഴിയുന്നതോടൊപ്പം താഴ്ന്നു വരുന്ന മിസൈലുകളെയും നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് അഡ്വാന്‍സ് എയര്‍ ഡിഫന്‍സ് സൂപ്പര്‍ സോണിക് ഇന്‍റര്‍സെപ്റ്റര്‍ മിസൈല്‍. മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മിസൈല്‍ പരീക്ഷണം.
ഒഡീഷയിലെ ടെസ്റ്റ് റേഞ്ചില്‍ വെച്ച് നടത്തിയ പരീക്ഷണം വന്‍ വിജയമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പൃഥ്വി മിസൈല്‍ ചാന്ദിപ്പുരയിലെ മൂന്നാമത്തെ വിക്ഷേപണ തറയില്‍ നിന്നാണ് വിക്ഷേപിച്ചത്. നേരത്തെ ഫെബ്രുവരി 11 നും, മാര്‍ച്ച് ഒന്നിനുമായിരുന്നു പരീക്ഷണം നടത്തിയത്.