കോള്‍ സെന്‍ററിന്‍റെ മറവില്‍ മറ്റ് ഇടപാടുകള്‍; അന്താരാഷ്‌ട്ര കോളുകളുടെ പൂരം, ഒടുവില്‍ കയ്യോടെ പൊക്കി
നവി മുംബൈയിലാണ് അനധികൃതമായി കോള്‍ സെന്‍റര്‍ പ്രവര്‍ത്തിച്ചിരുന്നത്
താനെ: നവി മുംബൈയില്‍ മാസങ്ങളായി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്‍റര്‍ റെയ്‌ഡ് ചെയ്‌ത് പൂട്ടിച്ച് ടെലികോം മന്ത്രാലയം. അനധികൃതമായി കോള്‍ സെന്‍റര്‍ പ്രവര്‍ത്തിപ്പിച്ച മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വെബ് വെര്‍ക്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥരുടെ റെയ്‌ഡ് നടന്നത്. സര്‍ക്കാരിന് അഞ്ച് കോടിയുടെ നഷ്‌ടമാണ് ഈ അനധികൃത കോള്‍ സെന്‍റര്‍ വരുത്തിവെച്ചത് എന്നാണ് കണക്ക്.
നവി മുംബൈയിലാണ് അനധികൃതമായി കോള്‍ സെന്‍റര്‍ പ്രവര്‍ത്തിച്ചിരുന്നത്. ടെലികോം മന്ത്രാലയം നടത്തിയ റെയ്‌ഡില്‍ 70,000 രൂപ വിലവരുന്ന സെര്‍വര്‍ കമ്പനിയില്‍ നിന്ന് പിടികൂടി. പശ്ചിമ ബംഗാളില്‍ നിന്നുള്ള ശാരദ വിനോദ് കുമാര്‍, ജാര്‍ഖണ്ഡില്‍ നിന്നുള്ള അമിത് കുമാര്‍, പിങ്കി റാണ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയും വിവിധ ടെലികോം വകുപ്പുകളും പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തു. സര്‍ക്കാരിന് അഞ്ച് കോടിയുടെ നഷ്‌ടമാണ് ഈ കോള്‍ സെന്‍റര്‍ ഉണ്ടാക്കിയത് എന്ന് ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഏപ്രില്‍ മാസം മുതല്‍ വെബ് വെര്‍ക്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നവി മുംബൈയില്‍ അനധികൃതമായി അന്താരാഷ്ട്ര കോളുകള്‍ കൈകാര്യം ചെയ്‌തതായി പൊലീസ് പറയുന്നു. ഇത്തരം ഫോണ്‍വിളികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ളതാണെന്നും അതിനാല്‍ വിശദമായ അന്വേഷണം കേസില്‍ നടക്കുന്നതായും പൊലീസ് വ്യക്തമാക്കി. സര്‍ക്കാരിന് അഞ്ച് കോടി രൂപയുടെ നഷ്‌ടമാണ് ഇതുണ്ടാക്കിയത് എന്നാണ് ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ അനുമാനം. റെയ്‌ഡിന്‍റെ ദൃശ്യങ്ങള്‍ ടെലികോം മന്ത്രാലയം സാമൂഹ്യമാധ്യമമായ എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Read more: തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചു എന്ന് ആരോപണം; സിഗ്‌നല്‍ ആപ്ലിക്കേഷന്‍ നിരോധിച്ച് റഷ്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം