പണ്ട് പാമ്പുകള്‍ക്ക് കാലുണ്ടായിരുന്നു, അത് നഷ്ടപ്പെട്ടത് എങ്ങനെ?- പുതിയ കണ്ടെത്തല്‍
എപ്പോള്‍ മുതലാണ് പാമ്പുകള്‍ക്ക് കാലുകള്‍ നഷ്ടമായി തുടങ്ങിയത്? ശാസ്ത്രലോകത്തെ ഏറെ കുഴക്കിയ ചോദ്യമായിരുന്നു ഇത്. കോടികണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാമ്പുകള്‍ക്ക് കാലുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയെങ്കിലും അത് എങ്ങനെ നഷ്ടമായി എന്നതിനെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു.
ഒമ്പതു കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തിയതില്‍നിന്നാണ് പാമ്പുകള്‍ക്ക് കാലുകള്‍ നഷ്ടമായത് എങ്ങനെയെന്ന് അറിയാനായത്. ഈ ഫോസില്‍, സി ടി സ്‌കാനിനും മറ്റു ചില പഠനങ്ങള്‍ക്കും വിധേയമാക്കിയതില്‍നിന്നാണ് ഇതിനുള്ള ഉത്തരം ലഭിച്ചത്. പാമ്പുകള്‍ മാളത്തില്‍ ഒളിച്ചിരുന്ന് ഇര പിടിക്കാന്‍ തുടങ്ങിയതോടെ, അവരുടെ കാലുകള്‍ ഉപയോഗിക്കാതെയായി.
അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോകുന്നതിനിടെ പാമ്പുകളുടെ കാലുകള്‍ അപ്രത്യക്ഷമാകുകയായിരുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എഡിന്‍ബറോ സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ ഹോങ്‌യു യീയുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പാമ്പുകള്‍ കടലില്‍ ജീവിക്കാന്‍ തുടങ്ങിയതോടെയാണ് കാലുകള്‍ നഷ്ടമായതെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിഗമനം.
പുതിയ കണ്ടെത്തലോടെ അത് അപ്രസക്തമായിരിക്കുകയാണ്. കാലുകള്‍ അപ്രത്യക്ഷമായതോടെയാണ് പാമ്പുകള്‍ക്ക് അക ചെവി രൂപപ്പെടുന്നത്. പാമ്പുകളുടെ സഞ്ചാരനിയന്ത്രണവും കേള്‍വിയുമൊക്കെ ഈ അക ചെവിയുടെ സഹായത്തോടെയാണ് നടക്കുന്നത്.
ചെവിയിലെ ബോണി കനാല്‍സിന്‍റെയും കാവിറ്റിയുടെയും പ്രവര്‍ത്തനമാണ് ഇതു സാധ്യമാക്കുന്നതെന്ന് സിടി സ്‌കാനില്‍നിന്ന് ഗവേഷകര്‍ക്ക് മനസിലായി. പഠന റിപ്പോര്‍ട്ട് ജേര്‍ണല്‍ സയന്‍സ് അഡ്‌വാന്‍സസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.