കൂട്ട നടപടി; വാട്‌സ്ആപ്പ് ഇന്ത്യയില്‍ 85 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ നിരോധിച്ചു, സെപ്റ്റംബറിലെ കണക്ക് പുറത്ത്

ദുരുപയോഗം ചെയ്യപ്പെടുന്ന അക്കൗണ്ടുകള്‍ക്കെതിരെ കൂട്ട നടപടിയുമായി വാട്‌സ്ആപ്പ്, സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ പുറത്ത്

WhatsApp bans over 85 lakh accounts in September in India

ദില്ലി: മെറ്റയുടെ ഓണ്‍ലൈന്‍ മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് 2024 സെപ്റ്റംബര്‍ മാസം 8,584,000 (85 ലക്ഷത്തിലധികം) അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. ഉപഭോക്താക്കളുടെ അപ്പീലിനെ തുടര്‍ന്ന് ഇതില്‍ 33 അക്കൗണ്ടുകളുടെ വിലക്ക് വാട്‌സ്ആപ്പ് പിന്‍വലിച്ചുവെന്നും കമ്പനി നവംബര്‍ 1ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആപ്ലിക്കേഷന്‍റെ ദുരുപയോഗം തടയാനും വിശ്വാസ്യത വര്‍ധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് 85 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ക്കെതിരെ ഒരൊറ്റ മാസം കൊണ്ട് വാട്‌സ്ആപ്പ് ഇന്ത്യയില്‍ നടപടി സ്വീകരിച്ചത്. ഇവയില്‍ 1,658,000 അക്കൗണ്ടുകള്‍ ഉപഭോക്താക്കളുടെ പരാതിയൊന്നും ഇല്ലാതെ നിരോധിച്ചവയാണ്. അക്കൗണ്ട് ഉടമകളില്‍ നിന്ന് 8,161 പരാതികളാണ് വാട്സ്ആപ്പിന് 2024 സെപ്റ്റംബര്‍ മാസം ലഭിച്ചത്. അവയില്‍ 3,744 എണ്ണം നിരോധന അപ്പീലുകളായിരുന്നു. ഇവ പരിഗണിച്ച് 33 അക്കൗണ്ടുകളുടെ നിരോധനം വാട്‌സ്ആപ്പ് നീക്കി. ഈ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. 

ഡിജിറ്റല്‍ സുരക്ഷയ്ക്ക് വളരെ പ്രാധാന്യമുള്ള ഇന്ത്യയില്‍ ഓരോ മാസവും ദശലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് ദുരുപയോഗം ചൂണ്ടിക്കാണിച്ച് വാട്സ്ആപ്പ് നിരോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസം 71 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ കമ്പനി നിരോധിച്ചിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ വാട്സ്ആപ്പ് 84 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ നിരോധിച്ചു. 10,707 പരാതികള്‍ ഓഗസ്റ്റില്‍ ഉയര്‍ന്നപ്പോള്‍ 4,788 ബാന്‍ അപ്പീലുകളുണ്ടായി. ജൂലൈ മാസം 61 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് ബാന്‍ വന്നു.

Read more: വാട്‌സ്ആപ്പ് വീഡിയോ കോളിന്‍റെ ക്ലാരിറ്റി പോകുന്നോ; തെളിച്ചം കൂട്ടാന്‍ പുതിയ ഫീച്ചര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios