വാച്ച് വീഡിയോ പ്ലാറ്റ് ഫോം ആഗോളതലത്തിലേക്ക് വ്യാപിപ്പിച്ച് ഫേസ്ബുക്ക്

 വീഡിയോ ഉണ്ടാക്കുന്നവര്‍ക്ക് ആ വീഡിയോയില്‍ യൂട്യൂബിനെപ്പോലെ പരസ്യം ചെയ്യാവുന്ന സംവിധാനമാണ് ഇത്. ഇതോടെ ഫേസ്ബുക്ക് വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് പണം സമ്പാദിക്കാം

Facebook rolls out its Watch video service worldwide

ഫേസ്ബുക്ക് വീഡിയോ ഓണ്‍ ഡിമാന്‍റ് സര്‍വീസ് ആഗോള വ്യാപകമായി അവതരിപ്പിച്ചു.  ഇപ്പോള്‍ ലോക വ്യാപകമായി തന്നെ ഈ സര്‍വീസ് ലഭിക്കും എന്നാണ് ഫേസ്ബുക്ക് പറയുന്നത്. വീഡിയോ ഉണ്ടാക്കുന്നവര്‍ക്ക് ആ വീഡിയോയില്‍ യൂട്യൂബിനെപ്പോലെ പരസ്യം ചെയ്യാവുന്ന സംവിധാനമാണ് ഇത്. ഇതോടെ ഫേസ്ബുക്ക് വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് പണം സമ്പാദിക്കാം. ഫേസ്ബുക്കിന് വേണ്ടി വീഡിയോ കണ്ടന്‍റ് ഉണ്ടാക്കുന്നവര്‍ക്ക് പണവും, അവരുടെ വീഡിയോയുടെ മികച്ച പ്രകടനവുമാണ് ഈ സര്‍വീസിലൂടെ ഫേസ്ബുക്ക് വാഗ്ദാനം ചെയ്യുന്നത്.

ഇപ്പോള്‍ തന്നെ അമേരിക്കയിലെ വളരെ പ്രശസ്തമായ വെബ്ഷോകള്‍ ഫേസ്ബുക്ക് വഴിയാണ് പ്രചാരം നേടുന്നത്. ഇതിലെ ഉദാഹരണമാണ് റെഡ് ടേബിള്‍ ടോക്ക്, ഏതാണ്ട് 30 ലക്ഷം കാഴ്ചക്കാരാണ് ഈ പരിപാടിക്ക് ഫേസ്ബുക്കില്‍ ലഭിക്കുന്നത്. ഇതിന് പുറമേ ഗോള്‍ഫിലെ പിജിഎ ടൂര്‍, ബേസ് ബോള്‍ ടൂര്‍ണമെന്‍റുകള്‍ എന്നിവ ടിവി പോലെ തന്നെ എഫ്ബി വഴി അമേരിക്കയില്‍ പരസ്യത്തോടെ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ലാ ലീഗയുടെ പ്രക്ഷേപണം എടുത്തിരിക്കുന്നത് ഫേസ്ബുക്കാണ്. ഇതും പുതിയ വീഡിയോ ഓണ്‍ ഡിമാന്‍റ് പദ്ധതിയോട് ചേര്‍ത്ത് വായിക്കാം.

വീഡിയോകള്‍ ആഗോള വ്യാപകമായി ലഭിക്കും എങ്കിലും, വീഡിയോയില്‍ പരസ്യങ്ങള്‍ നല്‍കാനുള്ള സംവിധാനം തുടക്കത്തില്‍ യുകെ, അയര്‍ലാന്‍റ് , ന്യൂസിലാന്‍റ് രാജ്യത്തെ വീഡിയോ ക്രിയേറ്റര്‍മാര്‍ക്കാണ് ഇപ്പോള്‍ ലഭിക്കുക. തുടര്‍ന്ന് ഇത് അടുത്ത മാസം 21 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. ഒരു ഫേസ്ബുക്ക് ക്രിയേറ്റര്‍ക്ക് വീഡിയോയില്‍ പരസ്യം ലഭിക്കാന്‍ കുറഞ്ഞത് 10,000 ഫോളോവേര്‍സും, മാസവും 30,000 മിനുട്ട് വ്യൂവും ആവശ്യമാണ്. 

വാച്ച് എന്ന് അറിയപ്പെടുന്ന വീഡിയോ പദ്ധതിക്ക് മാത്രം 200 കോടി ഡോളര്‍ ഫേസ്ബുക്ക് മുടക്കുന്നുണ്ട് എന്നാണ് കണക്ക്. ഇത് മറ്റ് വീഡിയോ പ്ലാറ്റ് ഫോമുകളായ യൂട്യൂബ്, നെറ്റ് ഫ്ലെക്സ് എന്നിവയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വലിയൊരു തുക തന്നെയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios