പണക്കാരനാര് പാവപ്പെട്ടവനാരെന്ന് ഫേസ്ബുക്ക് തീരുമാനിക്കും
ദില്ലി: പണക്കാരനാര് പാവപ്പെട്ടവനാര് എന്ന് ഇനി ഫേസ്ബുക്ക് തീരുമാനിക്കും. ഓട്ടോമാറ്റിക് ആയി ഉപയോക്താക്കളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതികളെന്തെന്ന് തിരിച്ചറിയാനും അവരുടെ ക്ലാസ് വേര്‍തിരിച്ച് അറിയാനും സാധിക്കുന്ന സാങ്കേതിക വിദ്യയുടെ പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക് എന്നാണ് ആഗോള ടെക് സൈറ്റുകള്‍ പറയുന്നത്.
തങ്ങളുടെ പരസ്യസംവിധാനനും, പരസ്യത്തിന്‍റെ വിതരണവും കാര്യക്ഷമം ആക്കുവാന്‍ ആണ് ഇത്തരം ഒരു സാങ്കേതിക വിദ്യ ഫേസ്ബുക്ക് വികസിപ്പിക്കുന്നത് എന്നാണ് സൂചന. പേറ്റന്‍റിലെ വിവരങ്ങള്‍ അനുസരിച്ച്, ഉപയോക്താക്കളുടെ സാമ്പത്തിക സ്ഥിതി പ്രവചിക്കാന്‍ സഹായിക്കുന്ന വീട്ടുടമസ്ഥാവകാശം, ഇന്‍റര്‍നെറ്റ് ഉപഭോഗം,വിദ്യാഭ്യാസം തുടങ്ങിയ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു സംവിധാനം നിര്‍മ്മിക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്.
ഉപയോക്താക്കളുടെ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ടോ, അവരുടെ യാത്രകള്‍, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ള എത്ര ഉപകരണങ്ങള്‍ സ്വന്തമായുണ്ട്, തുടങ്ങിയ വിവരങ്ങളും ഫേസ്ബുക്ക് ശേഖരിക്കും. ഈ വിവരങ്ങളെല്ലാം പരിശോധിച്ചാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സാമ്പത്തിക സാമൂഹിക വിവരങ്ങള്‍ കണക്കുകൂട്ടുക. എന്നാല്‍, ഉപയോക്താക്കളുടെ ശമ്പളവിവരങ്ങള്‍ ഫേസ്ബുക്ക് അന്വേഷിക്കില്ലെന്നാണ് സൂചന.