ഓപ്പൺ എഐയോട് നേർക്ക് നേരെ നിന്ന് പൊരുതാൻ മസ്കിന്റെ സംരംഭമെത്തുന്നു
ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ എന്നിവയുടെ സിഇഒ ആണ് നിലവിൽ മസ്‌ക്. അദ്ദേഹം ഗവേഷകരുടെയും എഞ്ചിനീയർമാരുടെയും ഒരു ടീം രൂപികരിക്കുകയും നിരവധി നിക്ഷേപകരുമായി സംരംഭത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ഇന്നത്തെക്കാലത്തെ ചർച്ചാവിഷയം. ഗുണങ്ങളും ദോഷങ്ങളും ചൂണ്ടിക്കാട്ടി നിരവധി പ്രമുഖർ എത്തുന്നതിനിടെ ഓപ്പൺ എഐയ്ക്ക് എതിരാളിയെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എലോൺ മസ്ക്. ഓപ്പൺ എഐയുമായി നേർക്കുനേർ നിൽക്കുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് ആരംഭിക്കുകയാണ് മസ്കിന്റെ ലക്ഷ്യമെന്ന് ഫിനാൻഷ്യൽ ടൈംസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.
ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ എന്നിവയുടെ സിഇഒ ആണ് നിലവിൽ മസ്‌ക്. അദ്ദേഹം ഗവേഷകരുടെയും എഞ്ചിനീയർമാരുടെയും ഒരു ടീം രൂപികരിക്കുകയും നിരവധി നിക്ഷേപകരുമായി സംരംഭത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ആൽഫബെറ്റ് ഉൾപ്പെടെയുള്ള മറ്റ് മുൻനിര എഐ സ്ഥാപനങ്ങളിൽ നിന്നും അദ്ദേഹം റിക്രൂട്ട്മെന്റ് നടത്തുന്നതായും റിപ്പോർട്ടുണ്ട്. മാർച്ചിൽ, ഓപ്പൺഎഐയുടെ ജിപിടി-4 നേക്കാൾ മികച്ച എഐ മോഡലുകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ആറുമാസത്തേക്ക് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ഭാവിയിലേ വലിയ അപകടസാധ്യതകളിലൊന്നാണ് എഐ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ബിബിസിയുമായി നടത്തിയ അഭിമുഖത്തിൽ ട്വിറ്റർ തനിക്ക് വളരെയധികം വേദനകളാണ് തരുന്നതെന്നും ഒരു റോളർ കോസ്റ്റർ റൈഡ് പോലെയാണ് ഈ യാത്രയെന്നും മസ്ക് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. ട്വിറ്റർ വാങ്ങിയതിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശരിക്കും സമ്മർദ്ദകരമായ ഒരു സാഹചര്യമാണ് ഉള്ളത്. എന്നാൽ, ട്വിറ്റർ ഏറ്റെടുത്തത് ശരിയായ തീരുമാനമായിരുന്നു എന്നാണ് തനിക്ക് ഇപ്പോഴും തോന്നുന്നതെന്നും മസ്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് െഐ സംബന്ധിച്ച പുതിയ അപ്ഡേഷൻ.
ജോലിഭാരം വളരെ കൂടുതലായതിനാൽ താൻ ചിലപ്പോൾ ഓഫീസിൽ തന്നെയാണ് ഉറങ്ങാറുള്ളതെന്നും ലൈബ്രറിയിൽ ആരും ഉപയോഗിക്കാത്ത ഒരു സോഫ താൻ സ്വന്തമാക്കിയെന്നും മസ്ക് പറയുന്നു.കഴിഞ്ഞ കുറച്ച് മാസങ്ങളായി പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രയാസത്തെക്കുറിച്ചും എലോൺ മസ്‌ക് സംസാരിച്ചു. ട്വിറ്ററിലെ 80 ശതമാനം തൊഴിലാളികളെയും പുറത്താക്കുക എളുപ്പമല്ല. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 8,000ൽ നിന്ന് 1500 ആയി കുറഞ്ഞിരിക്കുകയാണ്. അനുയോജ്യമായ ഒരാളെ കണ്ടെത്തിയാൽ ഉടൻ തന്നെ ട്വിറ്റർ വില്ക്കുമെന്നായിരുന്നു മസ്ക് പറഞ്ഞത്.
Read Also: സുരക്ഷ മുഖ്യം ; പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്സാപ്പ്