മണ്ണിര ചൊവ്വയുടെ മണ്ണിലും ജീവിക്കും.
വാഗനിംഗൻ: മണ്ണിര ചൊവ്വയുടെ മണ്ണിലും ജീവിക്കുമെന്ന് ഉറപ്പായി. ശാസ്ത്രലോകം ചൊവ്വയിൽ മനുഷ്യവാസം സാധ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് ചൊവ്വയുടെ മണ്ണിൽ മണ്ണിരയെ വളർത്തിയത്.
നെതർലൻഡ്സിലെ വാഗനിംഗൻ യൂണിവേഴ്സിറ്റി ആൻഡ് റിസർച്ച് സെന്ററിലെ ഗവേഷകർ ചൊവ്വയുടെ മണ്ണിൽ മണ്ണിരകളെ വളർത്തിയെടുക്കുകയായിരുന്നു. ചൊവ്വയുടെ പ്രതലത്തിൽ മനുഷ്യവാസം സാധ്യമാകുമോ, വിളകൾ നടാനാകുമോ എന്നതിനൊക്കെ ഈ പരീക്ഷണം ഉത്തരം നല്‍കുമെന്നാണ് ഗവേഷകർ പറയുന്നത്.
ചൊവ്വയിൽ മനുഷ്യവാസം സാധ്യമായാൽ ഭക്ഷണാവശ്യത്തിന് കൃഷി അത്യാവശ്യമാണ്. കൃഷി ചെയ്യണമെങ്കിലും ജൈവാവശിഷ്ടങ്ങൾ ഇല്ലാതാക്കാനും മണ്ണിൽ മണ്ണിരകൾ വേണം. ഇതാണ് പരീക്ഷണത്തിനു പിന്നിലെ ലക്ഷ്യം. നാസയിലെ ശാസ്ത്രജ്ഞർ നല്കിയ ചൊവ്വയിലെ മണ്ണിന്റെ സാമ്പിളില്‍ റൂകോള ചെടികൾ നട്ടു.
ഇതിനൊപ്പം മണ്ണിരയെയും വളമായി പന്നിക്കാഷ്ഠവും നല്കി. ദിവസങ്ങൾ കഴിഞ്ഞിട്ടും മണ്ണിരകൾ ജീവിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. പരീക്ഷണത്തിന്റെ പ്രധാന വിജയം എന്നത് മണ്ണിരകളുടെ പ്രജനനം നടന്നതാണെന്ന് ഗവേഷകർ പറയുന്നു.