ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി അപ്‌ഡേറ്റ് തട്ടിപ്പ് എഐ പൊക്കി; 392 ഫോണുകള്‍ക്കും 31740 നമ്പറുകള്‍ക്കും പൂട്ട്
എസ്എംഎസ്, വാട്‌സ്ആപ്പ് മെസേജ് എന്നിവയിലൂടെയാണ് തട്ടിപ്പ് സംഘം ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യാനാവശ്യപ്പെട്ട് ആളുകളെ സമീപിക്കുന്നത്
ദില്ലി: ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി അപ്‌ഡേറ്റ് തട്ടിപ്പുമായി ബന്ധമുള്ളത് എന്ന് കണ്ടെത്തിയ 392 മൊബൈല്‍ ഫോണുകള്‍ രാജ്യമാകെ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഈ ഫോണുകള്‍ തട്ടിപ്പ് സംഘം ഉപയോഗിക്കുന്നതാണ് എന്നാണ് കണ്ടെത്തല്‍. ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി തട്ടിപ്പുമായി ബന്ധമുള്ളത് എന്ന് കണ്ടെത്തിയ 31,740 മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ സേവനദാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിട്ടുമുണ്ട്.
വൈദ്യുതി സേവനദാതാക്കളുടെയും ബോര്‍ഡുകളുടെയും പ്രതിനിധികള്‍ എന്ന് പരിചയപ്പെടുത്തി എസ്എംഎസ്, വാട്‌സ്ആപ്പ് മെസേജ് എന്നിവയിലൂടെയാണ് തട്ടിപ്പ് സംഘം ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യാനായി ആളുകളെ സമീപിക്കുന്നത്. 24ഓ 48ഓ മണിക്കൂറിനുള്ളില്‍ കെവൈസി അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കും എന്ന മുന്നറിയിപ്പോടെയാണ് മെസേജുകള്‍ വരുന്നത്. വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കാനാവശ്യപ്പെട്ടുകൊണ്ടുള്ള നിഗൂഢമായ ലിങ്കുകളും എസ്എംഎസുകള്‍ക്കും വാട്‌സ്ആപ്പ് മെസേജുകള്‍ക്കും ഒപ്പമുണ്ടാവാറുണ്ട്. വലിയ സാമ്പത്തിക തട്ടിപ്പാണ് സംഘം ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി അപ്‌ഡേറ്റിംഗ് സ്കാമിനെ പറ്റി അനവധി പേര്‍ ചക്ഷു വെബ്‌സൈറ്റ് വഴി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മൊബൈല്‍ ഫോണുകളും നമ്പറുകളും വിലക്കാന്‍ ടെലികോം മന്ത്രാലയം തീരുമാനമെടുത്തത്. സ്‌കാം സ്വഭാവമുള്ള ഫോണ്‍കോളുകളും മെസേജുകളും എസ്‌എംഎസുകളും അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ സംവിധാനമാണ് 'ചക്ഷു വെബ്‌സൈറ്റ്'. ഇതുവഴി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കുറയ്ക്കാനാകും എന്ന് കരുതുന്നു. ചക്ഷുവില്‍ എഐ ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കെവൈസി തട്ടിപ്പുമായി ബന്ധപ്പെട്ട 392 മൊബൈല്‍ ഫോണുകളും 31,740 മൊബൈല്‍ നമ്പറുകളും കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഈ മൊബൈല്‍ ഫോണുകളും നമ്പറുകളും രാജ്യമാകെ വിലക്കാന്‍ ടെലികോം മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം