ട്രംപിന്‍റെ തിരിച്ചുവരവ് ഇന്ത്യക്ക് അത്രമേൽ ഗുണമോ? ഓഹരി വിപണിയിൽ ഒറ്റ ദിവസത്തിൽ സംഭവിച്ചത് വമ്പൻ കുതിപ്പ്!

ക്രൂഡ് ഓയിൽ വിലയാകട്ടെ 2 ശതമാനം കുറഞ്ഞ് ബാരലിന് 70 ഡോളർ ആയിട്ടുണ്ട്

Donald Trump victory effect Indian Stock market today Sensex Nifty jump

ദില്ലി: അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്‍റെ വമ്പൻ തിരിച്ചുവരവ് ഇന്ത്യക്ക് അത്രമേൽ ഗുണമാകുമോ? ഒറ്റ ദിവസത്തിൽ ഇന്ത്യൻ വിപണിയിൽ കണ്ട കുതിപ്പ് അതിനുള്ള സാധ്യതകളാണ് മുന്നോട്ട് വയ്ക്കുന്നത്. ട്രംപ് അധികാരത്തിലേറുന്നുവെന്ന സൂചനകൾ പുറത്തുവന്നപ്പോൾ മുതൽ ഇന്ത്യൻ ഓഹരി വിപണിയും ഒപ്പം കുതിക്കാൻ തുടങ്ങി. ട്രംപിന്‍റെ മുന്നേറ്റത്തിനൊപ്പം തന്നെ കുതിച്ചുയർന്ന ഇന്ത്യൻ ഓഹരിവിപണിയും അതിനനുസരിച്ച് കുതിപ്പ് തുടർന്നു. സെൻസെക്സും നിഫ്റ്റിയും ഇന്ന് വലിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ട്രംപിനൊപ്പം കുതിച്ചുകയറി ക്രിപ്റ്റോയും; ബിറ്റ്കോയിന്‍ ആദ്യമായി 75,000 ഡോളര്‍ കടന്നു

സെൻസെക്സ് 700 പോയിന്റ് ഉയർന്ന് വീണ്ടും 80000 മാർക്ക് കടന്നു. നിഫ്റ്റിയുടെ കുതിപ്പാകട്ടെ 24400 മാർക്കും കടന്നാണ് മുന്നേറിയത്. ദീപാവലി മുഹൂർത്ത വ്യാപാരത്തിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ കനത്ത ഇടിവ് നേരിട്ട ഇന്ത്യൻ ഓഹരി വിപണിക്ക് ട്രംപ് അധികാരത്തിലേക്ക് എന്ന് ഉറപ്പായതോടെയാണ് വമ്പൻ ഉണർവിലേക്ക് തിരിച്ചെത്തിയത്. രാവിലെ വ്യാപാരം തുടങ്ങിയതുമുതൽ ഉയർച്ചയിലായിരുന്നു സൂചികകൾ. ഐ ടി കമ്പനി ഓഹരികൾ കാര്യമായ നേട്ടം ഉണ്ടാക്കി. ക്രിപ്റ്റോ കറൻസികളും നേട്ടം ഉണ്ടാക്കി. ക്രൂഡ് ഓയിൽ വിലയാകട്ടെ 2 ശതമാനം കുറഞ്ഞ് ബാരലിന് 70 ഡോളർ ആയിട്ടുണ്ട്. സെൻസെക്‌സ് സൂചികയിൽ ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.

നേരത്തെ ബിറ്റ്കോയിന്‍ വിലയും വൻ കുതിപ്പാണ് നടത്തിയത്. ബിറ്റ്കോയിന്‍ ആദ്യമായി 75,000 ഡോളര്‍ കടന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിറ്റ്കോയിന്‍ വില 9 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. കഴിഞ്ഞ ഒരു മാസമായി ബിറ്റ്കോയിന്‍റെ വില 20.28 ശതമാനം ആണ് വര്‍ധിച്ചത്. ഒരു വര്‍ഷത്തിനിടെ 112 ശതമാനം ആണ് വിലയിലുണ്ടായ വര്‍ധന. ക്രിപ്റ്റോകറന്‍സി വിപണിക്ക് ട്രംപിന്‍റെ നയങ്ങള്‍ കൂടുതല്‍ അനുകൂലമാണെന്നാണ് ബിറ്റ്കോയിന്‍ നിക്ഷേപകരുടെ വിശ്വാസം.

ട്രംപ് അധികാരത്തിലേറുന്നതോടെ ബിറ്റ്കോയിന്‍റെ വില ഇനിയും ഉയരുമെന്ന് നിക്ഷേപകര്‍ വിലയിരുത്തുന്നു. ക്രിപ്റ്റോകളെ സാമ്പത്തിക മുഖ്യധാരയിലേക്ക് എത്തിക്കുന്നത് തന്നെയാണ് ലക്ഷ്യം എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയില്‍ ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്ന ആളുകളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 16 ശതമാനമാണ്, തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഇവര്‍ക്ക് ശക്തിയുണ്ട് എന്നുള്ളതുകൂടിയാണ് ക്രിപ്റ്റോയോടുള്ള ട്രംപിന്‍റെ പ്രിയത്തിന് കാരണം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios