പ്ലാസ്റ്റിക്ക് നിരോധനത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് എന്ത് കാര്യം? 'കൈകോ‍ർത്ത്' കാര്യമുണ്ടെന്ന് ദില്ലി സർക്കാർ

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താനായി മാർക്കറ്റ് അസോസിയേഷനുകൾ, സ്വാശ്രയ ഗ്രൂപ്പുകൾ, ഇൻഡസ്ട്രിയൽ അസോസിയേഷനുകൾ തുടങ്ങിയ മറ്റ് പങ്കാളികളുമായും ഇ-കൊമേഴ്‌സ് കമ്പനികളുമായും ​ഗവൺമെന്റ് വട്ടമേശ സമ്മേളനം നടത്തും

delhi govt to engage with e-com, food delivery platforms to plastic ban

സിം​ഗിൾ യൂസ് പ്ലാസ്റ്റിക്ക് നിരോധനത്തിൽ പിടിമുറുക്കാൻ ഒരുങ്ങി ദില്ലി ​ഗവൺമെന്റ്. സിംഗിൾ യൂസ് പ്ലാസ്റ്റിക് (എസ്‌യുപി) നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി സൊമാറ്റോ, സ്വിഗ്ഗി, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെ വിവിധ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുമായും ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമുകളുമായും കൈക്കോർക്കാൻ ഡൽഹി ​ഗവൺമെന്റ് പദ്ധതിയിടുന്നുണ്ട്. ഡൽഹിയിൽ നല്ല ബിസിനസ് ഉള്ളവരെയാണ് സർക്കാർ നോട്ടമിടുന്നത്. കോവിഡ് പാൻഡെമിക്കിന് ശേഷം ബിസിനസുകൾ വർദ്ധിച്ചു. പ്ലാസ്റ്റികിന് എതിരെയുള്ള കാമ്പെയ്‌ൻ വിജയകരമാണെന്ന് ഉറപ്പാക്കാൻ ഇത്തരക്കാരെ രംഗത്തിറക്കേണ്ടത് പ്രധാനമാണെന്ന് ​ഗവൺമെന്റ് പറയുന്നു.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താനായി മാർക്കറ്റ് അസോസിയേഷനുകൾ, സ്വാശ്രയ ഗ്രൂപ്പുകൾ, ഇൻഡസ്ട്രിയൽ അസോസിയേഷനുകൾ തുടങ്ങിയ മറ്റ് പങ്കാളികളുമായും ഇ-കൊമേഴ്‌സ് കമ്പനികളുമായും ​ഗവൺമെന്റ് വട്ടമേശ സമ്മേളനം നടത്തും.പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുടെ അധ്യക്ഷതയിൽ നടക്കുന്ന വട്ടമേശയിൽ നിയമവിദഗ്ധർ, എംസിഡി, ഡിപിസിസിയിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെന്നിവർ പങ്കെടുക്കും.

ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ 'പ്ലാസ്റ്റിക് ന്യൂട്രൽ ഡെലിവറി' എന്ന ആശയം ഇതിനകം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം ഓഗസ്റ്റ് 12 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2022 ജൂലൈ ഒന്നു മുതൽ പോളിസ്റ്റൈറൈൻ, വിപുലീകരിച്ച പോളിസ്റ്റൈറൈൻ എന്നിവയുൾപ്പെടെയുള്ള എസ്‌യുപി ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

എസ്‌യുപി ഇനങ്ങളിൽ ഇയർബഡുകൾ, ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പതാകകൾ, മിഠായി സ്റ്റിക്കുകൾ, ഐസ്ക്രീം സ്റ്റിക്കുകൾ, പോളിസ്റ്റൈറൈൻ (തെർമോക്കോൾ), പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, ഫോർക്കുകൾ, സ്പൂണുകൾ, കത്തികൾ, സ്‌ട്രോകൾ, ട്രേകൾ, സ്വീറ്റ് ബോക്‌സുകൾക്ക് ചുറ്റും പൊതിയുന്ന അല്ലെങ്കിൽ പാക്കേജിംഗ് ഫിലിമുകൾ എന്നിവ ഉൾപ്പെടുന്നു. ക്ഷണ കാർഡുകൾ, സിഗരറ്റ് പാക്കറ്റുകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ പിവിസി ബാനറുകൾ, സ്റ്റെററുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. ഡൽഹിയിൽ റവന്യൂ വകുപ്പും ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയും യഥാക്രമം 33, 15 ടീമുകളെ നിരോധനം നടപ്പാക്കുന്നത് ഉറപ്പാക്കാൻ രൂപീകരിച്ചിട്ടുണ്ട്.

പ്രതിദിനം 1,060 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഡൽഹിയിൽ ഉത്പാദിപ്പിക്കുന്നത്. തലസ്ഥാനത്തെ മൊത്തം ഖരമാലിന്യത്തിന്റെ 5.6 ശതമാനം (അല്ലെങ്കിൽ ഒരു മെട്രിക് ടണ്ണിന് 56 കിലോഗ്രാം) ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios