തിത്‌ലി ചുഴലിക്കാറ്റ് കരയോട് അടുക്കുന്നു
വെള്ളിയാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ കാറ്റ് കാര്യമായി ബാധിക്കില്ലെങ്കിലും രണ്ടു ദിവസം നേരിയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്
ദില്ലി: ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളെ ഭീതിയിലാഴ്ത്തി തിത്‌ലി ചുഴലിക്കാറ്റ് കരയോട് അടുക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ അതീതീവ്ര ചുഴലിക്കാറ്റ് ആയി തിത്‌ലി വ്യാഴാഴ്ച രാവിലെ തീരത്തെത്തും. ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതോടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിക്കയിടങ്ങളിലും മഴയും ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
വെള്ളിയാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ കാറ്റ് കാര്യമായി ബാധിക്കില്ലെങ്കിലും രണ്ടു ദിവസം നേരിയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഒഡീഷയിലെ ഗൊപാല്‍പുരിലും ആന്ധ്രയിലെ കലിംഗപട്ടണത്തിനും മധ്യേയുള്ള മേഖലകളിലായിക്കും മഴ ലഭിക്കുക. നാളെ രാവിലെ തന്നെ മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് എത്തുമെന്നാണ് കരുതുന്നത്. കാറ്റ് എത്തുന്നതോടെ തീരങ്ങളില്‍ തിര ഒരു മീറ്റര്‍ വരെ ഉയര്‍ന്നേക്കും.
ഗഞ്ജം, ഗണപതി, പുരി, ബാലസോര്‍, കേന്ദ്രപാറ ജില്ലകളിലായിരിക്കും കനത്ത മഴ എത്തുക. ആന്ധ്രയിലെ വിശാഖപട്ടണം, വിഴിനഗരം, ശ്രീകാകുലം എന്നീ ജില്ലകളിലാണ് ഏറ്റവുമധികം നാശം വരുത്തുക. തുടര്‍ന്ന് ഒഡീഷയിലെ തീരംവഴി പശ്ചിമ ബംഗാളിലേക്ക് കടക്കും. അതേസമയം, ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍, യെമന്‍ തീരത്തെ ലക്ഷ്യമാക്കി അതിതീവ്രതയില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ കരയിലേക്ക് അടിക്കണമെങ്കില്‍ ഇനിയും മൂന്നു ദിവസം കൂടി വൈകും. മത്സ്യത്തൊഴിലാളികള്‍ യെമന്‍ ഭാഗത്തേക്ക് പോകരുതെന്ന് നിര്‍ദേശമുണ്ട്. അറബിക്കടലില്‍ വന്‍ തിരകള്‍ ഇപ്പോഴും ഉയരുന്നുണ്ട്. തെക്കന്‍ മേഖല ഏതാാനും ദിവസങ്ങള്‍ക്കുള്ളില്‍ ശാന്തമാകുമെന്നാണ് നിഗമനം.