ഇന്നും നാളെയും ആകാശം നിറങ്ങളാല്‍ നിറയും; നോർത്തേൺ ലൈറ്റ്സ് ദൃശ്യമാകുമെന്ന് പ്രവചനം

ന്യൂയോര്‍ക്കിലും ഐഡഹോ സംസ്ഥാനത്തുമാണ് നോര്‍ത്തേണ്‍ ലൈറ്റ്‌സ് ദൃശ്യമാവുക

Aurora alert northern lights could see in New York on Aug 3 and Aug 4

ന്യൂയോര്‍ക്ക്: സൗരകൊടുങ്കാറ്റുകളെ തുടര്‍ന്നുണ്ടാകുന്ന 'നോർത്തേൺ ലൈറ്റ്സ്' അഥവാ 'ധ്രുവദീപ്‌തി' (അറോറാ) അമേരിക്കയിലും കാനഡയിലും ഈ ആഴ്‌ച ദൃശ്യമായിരുന്നു. എന്നാല്‍ ആകാശത്തെ വര്‍ണക്കാഴ്‌ച അവസാനിക്കുന്നില്ല എന്നാണ് ശാസ്ത്രലോകത്തിന്‍റെ പ്രവചനം. ഓഗസ്റ്റ് 3, 4 ദിവസങ്ങളില്‍ അമേരിക്കയില്‍ നോർത്തേൺ ലൈറ്റ്സ് കാണാനാകും. എന്നാല്‍ ഇത്രനേരം ഈ ആകാശക്കാഴ്‌ച ദൃശ്യമാകും എന്ന് വ്യക്തമല്ല. 

സൗരകൊടുങ്കാറ്റുകള്‍ സജീവമായി തുടരുകയാണ് എന്ന് അമേരിക്കന്‍ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിക്കുന്നു. ഇതിനാല്‍ ഓഗസ്റ്റ് 3, 4 തിയതികളിലേക്ക് മിതമായ തോതിലുള്ള ജിയോമാഗ്‌നറ്റിക് കൊടുങ്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാനായി കാത്തിരിക്കുന്നവര്‍ക്ക് വളരെ ആകാംക്ഷ നല്‍കുന്ന വാര്‍ത്തയാണിത്. ഓഗസ്റ്റ് 1ന് സംഭവിച്ച വളരെ ശക്തമായ M.8 ക്ലാസ് സൗരകൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കൊറോണൽ മാസ് ഇജക്ഷൻ (സിഎംഇ) കളാണ് ഇന്നും നാളെയും ധ്രുവദീപ്തിക്ക് കാരണമാകുന്നത്. ന്യൂയോര്‍ക്കിലും ഐഡഹോ സംസ്ഥാനത്തുമാണ് നോര്‍ത്തേണ്‍ ലൈറ്റ്‌സ് ദൃശ്യമാവുക എന്നാണ് അമേരിക്കന്‍  ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍. 

എന്താണ് ധ്രുവദീപ്‌തി?

സൂര്യന്‍റെ ഉപരിതലത്തിലുണ്ടാവുന്ന വലിയ രീതിയിലുള്ള പൊട്ടിത്തെറികള്‍ സൗരകൊടുങ്കാറ്റുകൾക്ക് കാരണമാകും. ഭൂമിയിലേക്ക് ധാരാളം ഊർജ്ജ കണികകളുടെ പ്രവാഹം ഇതിനെ തുടർന്നുണ്ടാകും. സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്‍റെ സ്വാധീനത്താൽ ആകർഷിക്കപ്പെടും. ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. ഈ നിറക്കാഴ്‌ച കാണാന്‍ തെളിഞ്ഞ ആകാശം പ്രധാനമാണ്. 2024 മെയ് മാസത്തിലെ ധ്രുവദീപ്‌തി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2003ന് ശേഷമുള്ള ഏറ്റവും ശക്തമായ ജി5 ജിയോമാഗ്നറ്റിക് കൊടുങ്കാറ്റാണ് മെയ്‌ മാസത്തിലുണ്ടായത്. വ്യത്യസ്ത വേഗതയിലുള്ള നിരവധി സിഎംഇകള്‍ ഭൂമിയിലേക്ക് സഞ്ചരിച്ചാണ് അന്ന് ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. 

Read more: ക്ലിക്ക് ചെയ്യാന്‍ റെഡിയായിക്കോളൂ; നോർത്തേൺ ലൈറ്റ്സ് ഇനി എപ്പോള്‍, എവിടെ എന്ന് കൃത്യമായി അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios