ഐഫോണ്‍ 8 പുറത്തിറങ്ങാന്‍ നിമിഷങ്ങള്‍ മാത്രം- Live
ആപ്പിള്‍ ഐഫോണിന്റെ എട്ടാം പതിപ്പ് പുറത്തിറങ്ങാന്‍ നിമിഷങ്ങള്‍ മാത്രം. ഐഫോണിന്‍റെ പത്താം വാര്‍ഷികത്തിലാണ് എട്ടാം പതിപ്പ് പുറത്തിറങ്ങുന്നത്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ പേരിലുള്ള തിയറ്ററില്‍ ചടങ്ങുകള്‍ ആരംഭിച്ചു.
ആകര്‍ഷകമായ പ്രത്യേകതകളോടെ ആപ്പിള്‍ വാച്ചിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി
ആപ്പിള്‍ വാച്ചിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ആപ്പിള്‍ ആസ്ഥാനത്ത് സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ പേരിലുള്ള തീയറ്ററില്‍ കമ്പനി സി.ഇ.ഒ റ്റിം കുക്കാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഐഫോണിന്റെ പത്താം വാർഷികത്തില്‍ നടന്ന ആപ്പിള്‍ മെഗാ ഇവന്റ് സ്റ്റീവ് ജോബ്സിന്റെ സന്ദേശങ്ങളോടെയാണ് ആരംഭിച്ചത്.
ഐ ഫോണ്‍ 8ന്റെ പ്രഖ്യാപനത്തിനായി ലോകം പ്രതീക്ഷിച്ചിരുന്ന ചടങ്ങില്‍ ആപ്പിള്‍ വാച്ചാണ് ചടങ്ങില്‍ ആദ്യം പുറത്തിറക്കിയത്. ഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്ഥമാണ് പുതിയ പതിപ്പ്. സിം കാര്‍ഡിട്ട് പ്രവര്‍ത്തിപ്പിക്കാം. ഇന്റര്‍നെറ്റും മാപ്പും അടക്കമുള്ളവ ഇതില്‍ നിന്ന് നേരിട്ട് ഉപയോഗിക്കാം. ഐ ഫോണില്‍ ഉപയോഗിക്കുന്ന അതേ കണക്ഷന്‍ തന്നെ മിറര്‍ ചെയ്ത് ആപ്പിള്‍ ഫോണിലും ഉപയോഗിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെര്‍ച്വല്‍ അസിസ്റ്റന്റായ സിരിയില്‍ വോയ്സ് സപ്പോര്‍ട്ട് ചെയ്യും.
ഉപയോക്താവിന്റെ ഹൃദയമിടിപ്പ് നിരക്കുകള്‍ കൂടുതല്‍ വ്യക്തമായി മനസിലാക്കാനും മുന്നറിയിപ്പ് നല്‍കാനുമുള്ള കൂടുതല്‍ സംവിധാനങ്ങള്‍ പുതിയ ആപ്പിള്‍ വാച്ചിലുണ്ടാവും. watchOS 4 സെപ്തംബര്‍ 19 മുതല്‍ ലഭ്യമാവും. ആപ്പിള്‍ വാച്ചുകളുടെ ഇരട്ടി 50 ശതമാനത്തിലധികം വര്‍ദ്ധിച്ചുവെന്നും റോളക്സിനെ പിന്‍തള്ളി ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാച്ചായി ആപ്പിള്‍ വാച്ച് മാറിയെന്നും കമ്പനി അവകാശപ്പെട്ടു.
ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ്
ലോകമെമ്പാടുമുള്ള ആപ്പിള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിള്‍ ഐ ഫോണിന്റെ എട്ടാം പതിപ്പുകള്‍ പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ആപ്പിള്‍ മെഗാ ഇവന്റില്‍ വെച്ചാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് എന്നിവ പുറത്തിറക്കിയത്. ഇരു വശങ്ങളിലും ഗ്ലാസ് പ്രതലങ്ങളാണ് ഈ ഫോണുകളുടെ സവിശേഷത. ആറ് കോറുകളുള്ള A11 ബയോണിക് ചിപ്പുകളും 64 ബിറ്റ് ഡിസൈനുമായിരിക്കും ഐഫോണ്‍ 8ലും 8 പ്ലസിലും.
ഐ ഫോണ്‍ 8 പ്ലസില്‍ ഡ്യുവല്‍ ക്യാമറയും ഐഫോണ്‍ 8ല്‍ 12 മെഗാ പിക്സലുള്ള ഒറ്റ ക്യാമറയും ആയിരിക്കും ഉണ്ടാവുക. ഡ്യുവല്‍ ക്യാമറയില്‍ പോര്‍ട്രൈറ്റ് ലൈറ്റിങ് മോഡിന്റെ ബീറ്റാ വെര്‍ഷനും സജ്ജീകരിക്കുമെന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. പ്രകാശം അനുസരിച്ച് ക്രമീകരിക്കപ്പെടുന്ന ഈ സംവിധാനം പ്രത്യേക മെനുവിലൂടെയാവും ലഭ്യമാവുക.
ചടങ്ങുകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്...