യുഎഇയിലെ എൽജിബിടി സെർച്ച് റിസൾട്ടുകൾക്ക് നിയന്ത്രണവുമായി ആമസോൺ

എൽജിബിടി ഉത്പന്നങ്ങളുടെ വിൽപന ആമസോൺ തടയുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി യുഎഇ അധികൃതരിൽ നിന്ന് നിർബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Amazon restricts  LGBTQ searches and products  in the UAE

അബുദാബി: എൽജിബിടി വിഭാഗത്തിന് നിയന്ത്രണവുമായി റീട്ടെയിൽ സ്ഥാപനമായ ആമസോൺ. യുഎഇയിലെ എൽജിബിടി വിഭാഗവുമായി ബന്ധപ്പെട്ട സെർച്ച് റിസൾട്ടുകൾക്കാണ് ആമസോൺ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. സ്വവർഗാനുരാഗിയാകുന്നത് പലയിടത്തും ക്രിമിനൽ കുറ്റമാണ്. ആ  കൂട്ടത്തിൽ ഉൾപ്പെട്ട 69 രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. 

എൽജിബിടി ആഗോളതലത്തിൽ തന്നെ പ്രൈസ് മന്ത് ആചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നിയന്ത്രണം. എൽജിബിടിക്യൂഎ പ്ലസ് ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും  വൈവിധ്യം, തുല്യത, ഉൾക്കൊള്ളൽ എന്നിവ കാത്തുസുക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ് കമ്പനിയെന്നും ആമസോൺ ഈ വിഷയത്തിൽ പ്രതികരിച്ചു. അതാത് രാജ്യങ്ങളിലെ  പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ട കടമയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലയെന്നും അതിനാലാണ് നിയന്ത്രണമെന്നും ആമസോൺ പറഞ്ഞു.

എൽജിബിടി ഉത്പന്നങ്ങളുടെ വിൽപന ആമസോൺ തടയുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി യുഎഇ അധികൃതരിൽ നിന്ന് നിർബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മാസം ആദ്യം എൽജിബിടി അവകാശങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ടുള്ള അമേരിക്കൻ എംബസിയുടെ ട്വീറ്റിനെതിരേ കുവൈറ്റ് രംഗത്തുവന്നിരുന്നു. പ്രൈഡ് മന്തിൽ ജോ ബൈഡൻ ഭരണകൂടത്തിന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ട്വീറ്റാണ് എംബസി പങ്കുവെച്ചത്. 

കുവൈറ്റിലും സ്വവർഗാനുരാഗം കുറ്റകരമാണ്. സ്വവർഗാനുരാഗം പ്രോത്സാഹിപ്പിക്കുമെന്ന് കാണിച്ച് സൗദി അറേബ്യയിൽ മഴവിൽ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം ആദ്യം, സൗദി അറേബ്യയിലെ അധികാരികൾ മഴവില്ലിന്റെ നിറമുള്ള കളിപ്പാട്ടങ്ങളും കുട്ടികളുടെ വസ്ത്രങ്ങളും പിടിച്ചെടുത്തു, ഇത് സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് അവർ അവകാശപ്പെട്ടത്. തലസ്ഥാനമായ റിയാദിലെ കടകളിൽ നിന്ന് തൊപ്പികൾ, പാവാടകൾ, ടി-ഷർട്ടുകൾ, ഹെയർ ക്ലിപ്പുകൾ, പെൻസിൽ കേസുകൾ എന്നിവയുൾപ്പെടെ നിരവധി സാധനങ്ങൾ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നീക്കം ചെയ്തിരുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങളെ ചിത്രീകരിക്കുന്നതോ പരാമർശിക്കുന്നതോ ആയ സിനിമകളും സൗദി അറേബ്യ നിരോധിച്ചിട്ടുണ്ട്. ഏപ്രിലിൽ, മാർവൽ ചിത്രമായ ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നസിൽ നിന്ന് “എൽജിബിടിക്യു റഫറൻസുകൾ” വെട്ടിക്കുറയ്ക്കാൻ ഡിസ്‌നിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഡിസ്നി ഇത് നിരസിച്ചു. ഡിസ്നിയുടെ ഏറ്റവും പുതിയ ആനിമേഷൻ, സ്വവർഗ ചുംബനം അവതരിപ്പിക്കുന്ന ലൈറ്റ് ഇയർ, സൗദി അറേബ്യയിലും മറ്റ് നിരവധി രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.

Read Also: സ്വവര്‍ഗാനുരാഗം പ്രചരിപ്പിക്കുന്നെന്ന് സംശയം; സൗദിയില്‍ കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു

Latest Videos
Follow Us:
Download App:
  • android
  • ios