ഇത് എഐ പിൻ, ടെക് ലോകത്തെ പുത്തൻ താരം, സ്‌ക്രീൻ പോലുമില്ല, പക്ഷേ പലതും നടക്കും! സ്മാർട്ട് ഫോണുകൾ ഞെട്ടുമോ?
സ്മാർട്ട്ഫോണുകളെയടക്കം വെല്ലുവിളിക്കാൻ സാങ്കേതിക ലോകത്ത് പുതിയ താരമെത്തിയിരിക്കുകയാണ്
സ്മാർട്ട്ഫോണുകൾ ഔട്ട്ഡേറ്റട് ആയി തുടങ്ങിയോ ? സംശയിക്കേണ്ട... സ്മാർട്ട്ഫോണുകളെയടക്കം വെല്ലുവിളിക്കാൻ സാങ്കേതിക ലോകത്ത് പുതിയ താരമെത്തിയിരിക്കുകയാണ്. ബ്രിട്ടീഷ് അമേരിക്കൻ ഡിസൈനറും ഹ്യുമേൻ എ ഐ എന്ന എ ഐ കമ്പനിയുടെ സഹസ്ഥാപകനും ചെയർമാനുമായ ഇമ്രാൻ ചൗദ്രിയാണ് ഇതിന് പിന്നിൽ. ആറ് മാസങ്ങൾക്ക് മുമ്പ് ടെഡിൽ (TED) സംസാരിക്കവെയാണ് അദ്ദേഹം ഒരു ഉപകരണം അവതരിപ്പിച്ചത്. സ്‌ക്രീനുകളില്ലാത്ത ഒരു പുത്തൻ സാങ്കേതിക വിദ്യയാണ് ഇത്. സ്മാർട്ട്ഫോണുകൾ ഉൾപ്പടെ വിവിധ ഉപകരണങ്ങൾക്ക് വെല്ലുവിളിയാകുന്നതാണിതെന്ന് അന്നേ ചർച്ചകളുണ്ടായിരുന്നു.
മാസങ്ങൾക്കിപ്പുറമിതാ ഹ്യുമേൻ ആ സാങ്കേതിക വിദ്യ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. 'എഐ പിൻ' എന്ന പേരിൽ. ആപ്പിളിലെ ഡിസൈനർമാരായിരുന്നു ഇമ്രാൻ ചൗദ്രിയും ബെത്തനി ബോജിയോർനോയും. ഇരുവരും ചേർന്നാണ് ഹ്യുമേൻ എ ഐ എന്ന സ്റ്റാർട്ട് അപ്പിന് തുടക്കമിട്ടിരിക്കുന്നത്. സ്മാർട്‌ഫോണിന് പകരം ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയാണ് എ ഐ പിൻ എന്നാണ് ഹ്യുമേൻ പറയുന്നത്. ഇതിന് ഡിസ്‌പ്ലേയുണ്ടാകില്ല എന്നതാണ് പ്രത്യേകത. പകരം ഒരു നീല പ്രൊജക്ടർ ആണുള്ളത്. ഉപഭോക്താക്കൾക്ക് ശബ്ദനിർദേശങ്ങളിലൂടെയും കൈകളുടെ ചലനത്തിലൂടെയുമാണ് ഈ ഉപകരണത്തെ നിയന്ത്രിക്കേണ്ടത്. എ ഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ഇത് നിർമിച്ചിരിക്കുന്നത്.
എക്ലിപ്‌സ്, ലൂണാർ, ഇക്വിനോക്‌സ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 699 ഡോളറാണ് (ഏകദേശം 58212 രൂപ) യാണ് ഇതിന്റെ വില. കൂടാതെ 25 ഡോളറിന്റെ (2082 രൂപ) പ്രതിമാസ സബ്‌സ്‌ക്രിപ്ഷനും ഉണ്ട്. ഒരു കംപ്യൂട്ടറും ഒരു ബാറ്ററി ബൂസ്റ്ററും എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് ഇതിനുള്ളത്. കംപ്യൂട്ടറിനുള്ളിലെ ചെറിയ ബാറ്ററിയ്ക്ക് വേണ്ട എനർജി നൽകുകയാണ് ബൂസ്റ്ററിന്റെ ജോലി. 24 മണിക്കൂർ വരെ ഇത് ഉപയോഗിക്കാം.
ബാറ്ററി ബൂസ്റ്ററിനെ വസ്ത്രത്തിനുള്ളിലും കംപ്യൂട്ടറിനെ പുറത്തുമായാണ് സ്ഥാപിക്കുക. ഒന്നിലധികം ബാറ്ററികൾ മാറ്റി ഉപയോഗിക്കാം. ഗൂഗിൾ അസിസ്റ്റന്റ്, അലക്സ എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട്ട് സ്പീക്കറുകളുമായി എഐ പിന്നിനെ ഉപമിക്കാം. വോയ്‌സ് ട്രാൻസിലേറ്റർ ഉപകരണമായും എ ഐ പിൻ ഉപയോഗിക്കാനാവും. ശബ്ദം, സ്പർശനം, വിരലുകളുടെ ചലനം, ലേസർ ഇങ്ക് ഡിസ്‌പ്ലേ എന്നിവയാണ് ഉപയോക്താവിനെയും ഉപകരണത്തെയും ബന്ധിപ്പിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്പ് ആണ് ഇതിലുള്ളത്. കൂടാതെ അൾട്രൈ വൈഡ് ആർജിബി ക്യാമറയും മോഷൻ സെൻസറുകളും ഇതിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം