ചൂരല്‍മലയിലും മേപ്പാടിയിലും മണിക്കൂറുകള്‍ക്കകം 4ജി എത്തി; രക്ഷാപ്രവര്‍ത്തനത്തിന് വേഗം പകര്‍ന്ന് ബിഎസ്എന്‍എല്‍
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കൈത്താങ്ങായി ബിഎസ്എന്‍എല്‍, നടത്തിയത് മാതൃകാപരമായ ഇടപെടല്‍
മുണ്ടക്കൈ: ഇരുനൂറിലേറെ പേരുടെ ജീവന്‍ അപഹരിച്ച ഉരുള്‍പൊട്ടലിന്‍റെ ഞെട്ടലിലാണ് വയനാട് ജില്ല. മേപ്പാടിയിലെ ചൂരല്‍മലയ്ക്കടുത്ത മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലാണ് കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായി നീറുന്നത്. ഉരുള്‍പൊട്ടലുണ്ടായ വിവരമറിഞ്ഞ ഉടനെ ഇടപെട്ട് മാതൃകാപരമായ നടപടികള്‍ പ്രദേശത്തെ മൊബൈല്‍ സേവനദാതാക്കളായ പൊതുമേഖല കമ്പനി ബിഎസ്എന്‍എല്‍ സ്വീകരിച്ചു. ചൂരല്‍മലയിലുള്ള ഏക മൊബൈല്‍ ടവറായ ബിഎസ്എന്‍എല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മൊബൈല്‍ സിഗ്നല്‍, ഇന്‍റര്‍നെറ്റ്, ടോള്‍-ഫ്രീ സൗകര്യങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കുകയായിരുന്നു.
ചൂരല്‍മലയിലെ ടവറിന് അടിയന്തരമായി ജനറേറ്റര്‍ വൈദ്യുതി സൗകര്യം ഒരുക്കിയതും മുടക്കം കൂടാതെ മൊബൈല്‍ സിഗ്നല്‍ ലഭ്യമാക്കിയതും യുദ്ധകാല അടിസ്ഥാനത്തില്‍ ചൂരല്‍മലയിലും മേപ്പാടിയിലും 4ജി സേവനം ലഭ്യമാക്കിയതും രക്ഷാപ്രവര്‍ത്തനം ഈര്‍ജിതമാക്കാന്‍ അതിവേഗ ഇന്‍റർനെറ്റും ടോള്‍-ഫ്രീ നമ്പറുകളും ഒരുക്കിയതും ഇതില്‍ ഉള്‍പ്പെടും. ഇതിന്‍റെ വിശദവിവരങ്ങള്‍ ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഏതൊരു മഹാരക്ഷാപ്രവർത്തനത്തിന്‍റെയും മുഖ്യധാരയിൽ നിൽക്കുന്ന ഒന്നാണ് വാർത്താവിനിമയം. ചൂരൽമലയിൽ ആകെ ഉള്ള മൊബൈൽ ടവർ ബിഎസ്എൻഎല്ലിന്‍റെതാണ്. ദുരന്തം നടന്നത് അറിഞ്ഞ ഉടൻ അവിടെ എത്തിയ ബിഎസ്എൻഎൽ ജീവനക്കാർ വൈദ്യുതി ഇല്ലാത്തത് കാരണം, ആദ്യ പടിയായിത്തന്നെ ജനറേറ്ററിന് ആവശ്യമായ ഡീസൽ അറേഞ്ച് ചെയ്തു. കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ കപ്പാസിറ്റി കൂട്ടൽ അടുത്ത പടിയായി ആ ദിവസം തന്നെ ചെയ്തുതീർക്കാനും കഴിഞ്ഞു. ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ യുദ്ധകാല അടിസ്ഥാനത്തിൽ 4Gയിലേക്ക് മാറ്റുവാനും ബിഎസ്എൻഎല്ലിന് സാധിച്ചു. സാധാരണ 4Gസ്‌പെക്ട്രത്തിന് ഒപ്പം കൂടുതൽ ദൂരപരിധിയിൽ സേവനം ലഭ്യമാക്കാൻ 700 മെഗാ ഹെർട്സ് ഫ്രീക്വൻസി തരംഗങ്ങൾ കൂടെ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
ദുരന്തമുണ്ടായ സമയം മുതൽ ഇതുവരെയും പേമാരിയും ഉരുൾപൊട്ടലും വൈദ്യുതി തടസ്സങ്ങളും അടക്കമുള്ള പ്രതിസന്ധികൾ നേരിട്ടും ദുരിതബാധിത പ്രദേശങ്ങളിൽ നിസ്സീമമായ മൊബൈൽ സേവനം നൽകാൻ ബിഎസ്എന്‍എല്ലിന് സാധിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മൊബൈല്‍ സേവനവും അതിവേഗ ഇന്‍റർനെറ്റിനുമൊപ്പം ആരോഗ്യവകുപ്പിന് വേണ്ടി പ്രത്യേക ടോള്‍-ഫ്രീ നമ്പറുകളും, ജില്ലാ ഭരണകൂടത്തിന് വേണ്ടി അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷനുകളും ഇതിനകം പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. അതിജീവനത്തിന്‍റെ പാതയിൽ ഓരോ മനുഷ്യനും ഒപ്പം ബിഎസ്എൻഎൽ. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
Read more: ബിഎസ്എന്‍എല്ലിന് പിന്നാലെ ജനം; ഒരൊറ്റ സംസ്ഥാനത്ത് മാത്രം രണ്ട് ലക്ഷം പുതിയ കണക്ഷന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം