'ചിട്ടി പിടിച്ചാണ് മസ്‍താങ് ജിടി വാങ്ങിയത്'; സ്വപ്‍ന വാഹനം സ്വന്തമാക്കിയതിനെക്കുറിച്ച് ടിനി ടോം
"ഞാന്‍ സീറോ ബാങ്ക് ബാലന്‍സില്‍ തുടങ്ങിയവനാണ്"
സ്പോര്‍ട്സ് കാര്‍ പ്രേമികളുടെ പ്രിയ വാഹനമായ മസ്താങ് ജിടി നടന്‍ ടിനി ടോം സ്വന്തമാക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ സ്വപ്ന വാഹനം സ്വന്തമാക്കിയതിനെക്കുറിച്ച് പറയുകയാണ് ടിനി ടോം. ചിട്ടി പിടിച്ചാണ് കാര്‍ സ്വന്തമാക്കിയതെന്ന് പറയുന്നു ടിനി ടോം. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോം ഇതേക്കുറിച്ച് പറയുന്നത്.
ഒരുപാട് പേര് അഭിനന്ദനങ്ങള്‍ ഒക്കെ പറഞ്ഞ് കമന്‍റ് ഇടും. എന്നാല്‍ ചിലര്‍ നമ്മളെ വേദനിപ്പിക്കാനായി ചില കമന്‍റ് ഇടും. ആദായ നികുതി റെയ്ഡ് നടത്തണമെന്നൊക്കെ പറഞ്ഞ്. പക്ഷേ എനിക്ക് വേദനിക്കാറില്ല. ഞാന്‍ ചിട്ടിയൊക്കെ പിടിച്ചിട്ടാണ് ഈ വണ്ടി എടുത്തേക്കുന്നത്. അല്ലാതെ വീട്ടില്‍ കാശ് ഉണ്ടായിട്ടൊന്നുമല്ല. എന്‍റെ ഭാര്യ പറയും ഫ്ലാറ്റോ സ്ഥലമോ മറ്റോ വാങ്ങിയിട്ടാല്‍ കുറേക്കാലം കഴിഞ്ഞ് പൈസ തിരിച്ചുകിട്ടുമല്ലോ. പക്ഷേ നമ്മുടെ ആഗ്രഹങ്ങള്‍ നമുക്ക് തിരിച്ചുകിട്ടില്ല.
ഞാന്‍ സീറോ ബാങ്ക് ബാലന്‍സില്‍ തുടങ്ങിയവനാണ്. വീട്ടില്‍ കാശ് ഇല്ലാഞ്ഞിട്ടല്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഒറ്റയ്ക്ക് ഒരു മുറിയില്‍ ജീവിതം തുടങ്ങിയതാണ്. അന്ന് വാഹനം, വീട് എന്നൊക്കെ പറഞ്ഞാല്‍ സ്വപ്നമായിരുന്നു. ഈ വണ്ടി ജീവിതത്തിലേക്ക് വന്നതും ഒരു മാജിക് ആണ്. ഒരു സുഹൃത്താണ് വിളിച്ചു പറഞ്ഞത് ഇങ്ങനെ ഒരു വണ്ടി ഉണ്ടെന്ന്. കുറച്ച് പ്രായമുള്ള ഒരാള്‍ക്ക് മകന്‍ സമ്മാനം കൊടുത്തതാണ് ഈ വണ്ടി. അദ്ദേഹത്തിന് ഓടിക്കാനാവില്ല. ഒട്ടും ഓടാത്ത വണ്ടിയാണെന്ന് പറഞ്ഞ് എന്‍റെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു, ടിനി ടോം പറയുന്നു.
സ്പോര്‍ട്സ് മസില്‍ കാര്‍ എന്ന് അറിയപ്പെടുന്ന മസ്താങ് ജിടി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ല. ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ച സമയത്ത് 75 ലക്ഷമായിരുന്നു കാറിന്‍റെ വില. പ്രീമിയം യൂസ്ഡ് കാര്‍ ഷോറൂം ആയ ഹര്‍മന്‍ മോട്ടോഴ്സില്‍ നിന്നാണ് ടിനി കാര്‍ വാങ്ങിയത്.