'ജോര്‍ജ് മാര്‍ട്ടി'നും 'പാര്‍ഥിപനും' തികച്ചും വ്യത്യസ്‍തര്‍, പക്ഷേ വരവില്‍ ഒരു സാമ്യമുണ്ട്; എന്താണത്?
രണ്ടും ത്രില്ലര്‍ ചിത്രങ്ങള്‍ ആണെങ്കിലും തികച്ചും വ്യത്യസ്തരായ കഥാപാത്രങ്ങളാണ് ജോര്‍ജ് മാര്‍ട്ടിനും പാര്‍ഥിപനും
തമിഴ്, മലയാളം സിനിമകളില്‍ നിന്ന് സമീപകാലത്തെ വലിയ ഹിറ്റുകളായിരുന്നു ലിയോയും കണ്ണൂര്‍ സ്ക്വാഡും. ബജറ്റിലും കളക്ഷനിലുമൊന്നും താരതമ്യം സാധ്യമല്ലെങ്കിലും രണ്ട് ഇന്‍ഡസ്ട്രികളിലെയും എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളുടെ ലിസ്റ്റില്‍ ഈ ചിത്രങ്ങളുണ്ട്. വിജയ്‍യുടെയും മമ്മൂട്ടിയുടെയും ഈ സിനിമകളിലെ പ്രകടനങ്ങളും പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയില്‍ പാര്‍ഥിപന്‍, ലീയോ എന്നീ രൂപാന്തരങ്ങളിലാണ് വിജയ് എത്തുന്നതെങ്കില്‍ നവാഗതനായ റോബി വര്‍ഗീസ് രാജിന്‍റെ കണ്ണൂര്‍ സ്ക്വാഡില്‍ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പൊലീസുകാരനായാണ് മമ്മൂട്ടി എത്തിയത്.
രണ്ടും ത്രില്ലര്‍ ചിത്രങ്ങള്‍ ആണെങ്കിലും തികച്ചും വ്യത്യസ്തരായ കഥാപാത്രങ്ങളാണ് ജോര്‍ജ് മാര്‍ട്ടിനും പാര്‍ഥിപനും. എങ്കിലും ഈ രണ്ട് കഥാപാത്രങ്ങളുടെയും അവതരണത്തില്‍ കൌതുകമുണര്‍ത്തുന്ന ഒരു സമാനതയുണ്ട്. അവരുടെ ഇന്‍ട്രൊഡക്ഷന്‍ സീക്വന്‍സുകളിലാണ് അത്. രണ്ട് പേരെയും അവതരിപ്പിക്കുന്നത് വാഹനങ്ങളിലാണ് എന്ന് മാത്രമല്ല, ഒരേ തരം ഷോട്ടുകളും വിജയ്, മമ്മൂട്ടി ഇന്‍ട്രൊ സീക്വന്‍സുകളില്‍ കാണാം. കണ്ണൂര്‍ സ്ക്വാഡില്‍ മമ്മൂട്ടിയുടെ മുഖം ആദ്യമായി കാണിക്കുന്നത് റിയര്‍ വ്യൂ മിററില്‍ ആണ്. അതുപോലെതന്നെയാണ് ലിയോയില്‍ വിജയ്‍യുടെ ഇന്‍ട്രോയും. കണ്ണൂര്‍ സ്ക്വാഡിന്‍റെ ഒടിടി റിലീസിന് പിന്നാലെ ഈ സമാനത ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.
അതേസമയം കണ്ണൂര്‍ സ്ക്വാഡിന്‍റെ ഒടിടി റിലീസ് ഏതാനും ദിവസം മുന്‍പായിരുന്നു. ഒടിടി റിലീസിന് ശേഷം മലയാളികള്‍ അല്ലാത്ത പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ എക്സില്‍ ട്രെന്‍ഡിംഗുമാണ് ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 82 കോടിയാണ് ചിത്രം നേടിയത്. ലിയോയുടെ ഗ്രോസ് 600 കോടി പിന്നിട്ടിരുന്നു.
ALSO READ : സല്‍മാന്‍ ഖാന് കേരളത്തില്‍ ആരാധകരുണ്ടോ? 'ടൈഗര്‍ 3' ഒരാഴ്ച കൊണ്ട് ഇവിടെനിന്ന് നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക