'കാസ്റ്റിംഗ് കൗച്ചിന് ഇരയാവുന്നവർ പെൺകുട്ടികൾ മാത്രമല്ല'; നേരിട്ട അനുഭവത്തെക്കുറിച്ച് റിയ ജോർജ്
തന്നോട് വിട്ടുവീഴ്ചകള്‍ ആവശ്യപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിയ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് റിയ ജോർജ്. സുന്ദരിയെന്ന പരമ്പരയിൽ വൈദേഹി എന്ന കഥാപാത്രമായാണ് റിയ എത്തുന്നത്. ഇതിനു പുറമെ സീ കേരളത്തിലെ ശ്യാമാംബരം എന്ന സീരിയലിലും നടി അഭിനയിക്കുന്നുണ്ട്.
തന്നോട് വിട്ടുവീഴ്ചകള്‍ ആവശ്യപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിയ ഇപ്പോൾ. ജനിച്ചതും വളർന്നതും ഉത്തരേന്ത്യയില്‍ ആണെന്നത് മോശം രീതിയില്‍ സമീപിക്കാന്‍ ചിലര്‍ക്ക് ഒരു ലൈസന്‍സ് പോലെയാണെന്നും താരം പറയുന്നു. കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നവർ പെൺകുട്ടികൾ മാത്രമല്ലെന്നും നടി പറഞ്ഞു. ഇൻഡ്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റിയ.
'ഞാൻ സോഷ്യൽ ആയത് കൊണ്ടും ബോൾഡ് ആയ വ്യക്തിയാണെന്ന തോന്നൽ ഉള്ളത് കൊണ്ടും ചില മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നോർത്ത് ഇന്ത്യൻ ആണെന്ന് പറയുമ്പോൾ മോശമായി പെരുമാറാമെന്ന ചിന്തയാണ് പലര്‍ക്കും. മുൻപ് ഫ്‌ളൈറ്റ് അറ്റൻഡന്റ് ആയിരുന്നു എന്ന് പറയുമ്പോൾ ക്യാപ്റ്റന്മാരുടെ കൂടെ കിടക്കാറുണ്ടോ എന്നൊക്കെയാണ് ചോദിക്കുക. എല്ലാ ഇൻഡ്ട്രികളിലും ഈ പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ ഞാൻ എനിക്ക് മുന്നിൽ ഒരു മതിൽ തീർത്തിട്ടുണ്ട്',
ഒരു സിനിമാ പ്രൊജക്ടിൽ ജോയിൻ ചെയ്ത ശേഷം അഡ്ജസ്റ്റ് ചെയ്യണം എന്ന രീതിയിൽ സമ്മർദ്ദം ചെലുത്തും. അതിന് തയ്യാറായില്ലെങ്കിൽ സെറ്റിൽ ചീത്ത വിളിക്കുകയും ഒക്കെ ചെയ്യും. കുറെ റീടേക്കുകൾ എടുക്കും. സീനും ഡയലോഗും കട്ട് ചെയ്യും. അങ്ങനെ പലതും കേട്ടിട്ടുണ്ട്. എന്നാൽ നാല് സീരിയൽ ചെയ്തിട്ടും എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. അതിന് ദൈവത്തോട് നന്ദിയുണ്ട്', റിയ ജോർജ് പറഞ്ഞു.
ഫ്‌ളൈറ്റ് അറ്റൻഡന്റ് ആയി ജോലി ചെയ്തിരുന്ന റിയ ആ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി സീരിയലിൽ സജീവമാണ് താരം. അഭിനയത്തിന് പുറമെ അധ്യാപിക കൂടിയാണ് റിയ. ഏവിയേഷൻ ഇന്സ്റ്റിറ്റ്യൂട്ടുകലില്‍ താരം ക്ലാസ്സെടുക്കുന്നുണ്ട്.
ALSO READ : 'മോഹന്‍ലാല്‍ സാറിനൊപ്പം ഒരു മുഴുനീള ചിത്രം'; ആഗ്രഹം വെളിപ്പെടുത്തി നെല്‍സണ്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം