'അച്ഛാ, ദേ ആടുതോമ'; ആ ഡയലോഗ് പറഞ്ഞ ബാലതാരത്തെയും കണ്ടെത്തി!
ചങ്ങനാശ്ശേരിക്കാരൻ ടിജി അന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു
പഴയകാല സിനിമകളിലെ ചില പ്രശസ്ത രംഗങ്ങളില്‍ മുഖംകാണിച്ച് പോയ കുട്ടിത്താരങ്ങള്‍ ഇപ്പോള്‍ എവിടെയെന്ന് തേടി കണ്ടെത്തുക കഴിഞ്ഞ വാരങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരുന്നു. എം3ഡിബി പോലെയുള്ള സിനിമാഗ്രൂപ്പുകളില്‍ പഴയ സിനിമയിലെ പ്രസ്തുത സീനിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് ഇപ്പോള്‍ ഈ നടനോ നടിയോ എവിടെയെന്ന് അന്വേഷിക്കുന്നതായിരുന്നു അതിന്‍റെ രീതി. ഞെട്ടിക്കുന്ന വേഗത്തിലാണ് പലപ്പോഴും ആളുകള്‍ കണ്ടെത്തപ്പെടാറ്. പലപ്പോഴും അവരുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടും കണ്ടെത്തിക്കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ടാഗ് ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ ആ നിരയിലേക്ക് പുതിയൊരു കണ്ടെത്തല്‍ കൂടി നടന്നിരിക്കുകയാണ്. അതിനും കാരണമായത് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പ് ആയ എം3ഡിബി ആണ്.
റീമാസ്റ്ററിംഗിലൂടെ എത്തിയപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമായ സ്ഫടികത്തില്‍ മോഹന്‍ലാലിന്‍റെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ ഒരു കുട്ടിയുണ്ട്. പൂക്കോയയെ തല്ലാന്‍ വരുന്ന നായകനെ നോക്കി അച്ഛനോട് അച്ഛാ, ആടുതോമ എന്ന് പറയുന്ന പയ്യന്‍. കള്‍ട്ട് ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ ആയതിനാല്‍ ഈ കുട്ടി ഉള്‍പ്പെടുന്ന ഷോട്ടും സിനിമാപ്രേമികളുടെ മനസില്‍ ഉണ്ടാവും. ഗ്രൂപ്പ് മെംബറും നടനുമായ ജീസ് കൈതാരമാണ് എം3ഡിബിയിലൂടെ ഇയാള്‍ ഇപ്പോള്‍ എവിടെ ആയിരിക്കുമെന്ന അന്വേഷണം നടത്തിയത്. ഈ പോസ്റ്റിന്‍റെ കമന്‍റ് ബോക്സില്‍ തന്നെ ആളെ കണ്ടെത്തിക്കൊണ്ടും അദ്ദേഹത്തിന്‍റെ അക്കൌണ്ട് ടാഗ് ചെയ്തുകൊണ്ടും മറുപടികള്‍ വന്നു. ചങ്ങനാശ്ശേരി സ്വദേശി ടിജി ആണ് ആ സീനിലെ പയ്യന്‍സ്. അന്ന് ഏഴാം ക്ലാസ്സുകാരനായിരുന്ന ടിജി ഇന്ന് യുകെയിലാണ് താമസം. ടിജി സ്ഫടികത്തില്‍ അഭിനയിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ജീസ് കൈതാരത്തിന്‍റെ കുറിപ്പ് ചുവടെ.
ആളെ തെളിവ് സഹിതം കണ്ടുകിട്ടിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. ചങ്ങനാശ്ശേരിക്കാരൻ ടിജി ആണ് കക്ഷി. സ്ഫടികത്തിന്റെ ഷൂട്ടിങ്ങ് കാണാനെത്തിയ ഏഴാം ക്ലാസുകാരനെ ഒരു റോളുണ്ട് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ സ്കൂളിൽ ചില്ലറ കലാപരിപാടികളുമായി സജീവമായ കക്ഷി കേറി ഏൽക്കുകയായിരുന്നു. പിന്നീട് പഠിത്തമൊക്കെ കഴിഞ്ഞ് ഒരു സ്റ്റേഷനറി കട തുടങ്ങിയപ്പോഴും പേരിടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. "സ്ഫടികം". ശേഷം കുറെക്കാലം ദുബൈയില്‍ ഇലക്ട്രീഷനായി ജോലി നോക്കുമ്പോഴും കൈയ്യിലെ മിമിക്രിയും വൺ മാൻ ഷോയും കൈവിട്ടില്ല, ദുബായ് മലയാളികളുടെ നിരവധി സദസ്സുകളിൽ പരിപാടികൾ അവതരിപ്പിക്കുകയും അതുവഴി ദുബൈ റേഡിയോയിലും NTV - UAE യിൽ മകനോടൊപ്പം ഷോ ചെയ്യാനും ഫ്ളേവ്ഴ്സ് ചാനലിന്റെ കോമഡി ഫെസ്റ്റിവലിലും അവസരം ലഭിച്ചു. ഇപ്പോൾ യുകെയിൽ സെറ്റിലായ കക്ഷി അവിടെയും കലാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. ഈ കഴിഞ്ഞ വർഷം 30 ലധികം പ്രോഗാമുകൾ ചെയ്ത ടിജി ഒരു സ്റ്റാൻഡപ് താരം കൂടിയാണ്.
ALSO READ : 300 കോടി ക്ലബ്ബില്‍ മുന്നില്‍ ആര്? തെന്നിന്ത്യന്‍ സിനിമയിലെ വിജയ നായകന്മാര്‍