'അമ്മച്ചിമാരുടെ ശത്രുവായിരുന്നു ഞാൻ'; വില്ലത്തി വേഷത്തെ കുറിച്ച് ശാലു കുര്യൻ
ഇത്രയും കാലം കഴിഞ്ഞെങ്കിലും ചന്ദനമഴ എന്ന സീരിയലിന്റെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ നിന്നും പോയിട്ടില്ലെന്നാണ് ശാലു പറയുന്നത്. ഭര്‍ത്താവ് മെല്‍വിനൊപ്പം ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി.
കൊച്ചി: മിനി സ്ക്രീനിൽ വില്ലത്തി വേഷങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ശാലു കുര്യൻ. ചന്ദനമഴയിലെ വർഷ എന്ന കഥാപാത്രം ഉള്‍പ്പെടെ പല സീരിയലുകളിലും വില്ലത്തി ആയി തിളങ്ങിയ ശാലു കുറച്ചുനാളായി തട്ടീം മുട്ടീം പരമ്പരയിലെ വിധു എന്ന രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടുകയുമുണ്ടായി.
എന്‍റെ മാതാവ് എന്ന സീരിയലിലും ലഭിച്ചത് മികച്ച വേഷമായിരുന്നു. ഇത്രയും കാലം കഴിഞ്ഞെങ്കിലും ചന്ദനമഴ എന്ന സീരിയലിന്റെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ നിന്നും പോയിട്ടില്ലെന്നാണ് ശാലു പറയുന്നത്. ഭര്‍ത്താവ് മെല്‍വിനൊപ്പം ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി.
'ചന്ദനമഴ സീരിയല്‍ സംപ്രേഷണം ചെയ്യുന്ന സമയത്ത് അമ്മച്ചിമാരുടെയെല്ലാം ശത്രുവായിരുന്നു ഞാന്‍. ഇങ്ങനെയുള്ള കുറേ കമന്റുകളൊക്കെ കേട്ടിരുന്നു. സീരിയല്‍ കാണുമ്പോള്‍ മാത്രമേ എല്ലാവരും ചീത്ത വിളിക്കുകയുള്ളു. അതല്ലാതെ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. ആ സമയത്ത് ഉദ്ഘാടനങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ എല്ലാവരും സ്നേഹത്തോടെയാണ് പെരുമാറാറുള്ളത്. പുറത്തൊക്കെ പോവുമ്പോള്‍ എല്ലാവരുമായും ഇന്ററാക്റ്റ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്.
എന്തൊരു നല്ല മോളാണ്, സീരിയലില്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ദേഷ്യമാണെന്നാണ് അവരെല്ലാം പറയാറുള്ളത്. പിന്നെ ചന്ദനമഴയില്‍ അങ്ങനെ ഭയങ്കര വില്ലത്തിയൊന്നുമല്ല. മണ്ടത്തരം കാണിക്കുന്ന വില്ലത്തിയാണ്. അമ്മയുടെ ഉപദേശം കേട്ടിട്ട് കംപ്ലീറ്റ് മണ്ടത്തരം കാണിക്കുന്ന കഥാപാത്രമാണ്. ഇപ്പോഴും ആളുകള്‍ എന്നെ വര്‍ഷ എന്ന് പറഞ്ഞാണ് വിളിക്കുന്നത്. ശാലു കുര്യന്‍ എന്ന് വിളിക്കാന്‍ പലര്‍ക്കും പറ്റാറില്ല'യെന്നും ശാലു മനസ് തുറക്കുന്നു.
ചന്ദനമഴയില്‍ മേഘ്ന പാമ്പിനെ പിടിച്ചുള്ള രംഗം ഇപ്പോള്‍ വീണ്ടും വൈറലായതിനെ കുറിച്ചും താരം സംസാരിച്ചു. മേഘ്‌നയുടെ അത്രയും നീളം അതിനുണ്ട്. എന്നോട് എങ്ങാനുമാണ് ഈ സീന്‍ ചെയ്യാന്‍ പറഞ്ഞിരുന്നതെങ്കില്‍ എന്നെ ഒഴിവാക്കിയാലും വേണ്ടില്ല, ഇതെനിക്ക് ചെയ്യാനാവില്ലെന്ന് തന്നെ പറയുമായിരുന്നു. അവള്‍ക്കത്രയും ഡെഡിക്കേഷനുള്ളത് കൊണ്ടാണ് അത് ചെയ്തത്. ആ സമയത്ത് തങ്ങളുടെ മുഖത്തെ എക്സ്പ്രഷൻ ഒറിജിനൽ ആയിരുന്നെന്നും ശാലു പറയുന്നു.
'ദൈവത്തിന്റെ സമ്മാനം'; കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി ടോഷും ചന്ദ്രയും