വീണ്ടും തനിനിറം കാണിച്ച് 'തമ്പി'; 'സാന്ത്വനം' റിവ്യൂ
കലിയടക്കാനാകാത്ത ഹരിയുടെ മുഖം കാണുമ്പോള്‍ അപ്പു കാര്യം തിരക്കുകയാണ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. തമിഴിലെ പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. 'കൃഷ്ണ സ്റ്റോഴ്‌സ്' നടത്തുന്ന സാന്ത്വനം കുടുംബത്തിന്റെ വീടിനകത്തും പുറത്തുമുള്ള ജീവിതമാണ് പരമ്പര പറയുന്നത്. കൂട്ടുകുടുംബത്തിലെ സ്‌നേഹവും പരിഭവവും സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ പരമ്പര നല്ല രീതിയില്‍ തന്നെ വിജയിച്ചെന്ന് പറയാം. സാന്ത്വനം വീട്ടിലേക്ക് ഒരു കുഞ്ഞതിഥി എത്തിയതിന്‍റെ സന്തോഷത്തിലാണ് കഥാപാത്രങ്ങളും പ്രേക്ഷകരും. ഏറെനാള്‍ ആഗ്രഹിച്ച കുഞ്ഞിന്റെ വരവ് ഇപ്പോഴാണ് പരമ്പരയില്‍ സംഭവിച്ചത്. എന്നാല്‍ അപ്പുവിന്റെ കുഞ്ഞിന്‍റെ വരവ് സംബന്ധിച്ച് പല സങ്കീര്‍ണ്ണതകളും പരമ്പരയില്‍ നടന്നിരുന്നു. സാന്ത്വനം കുടുംബവും അമരാവതി കുടുംബവും പരിഭവങ്ങളെല്ലാം ഉപേക്ഷിച്ച് ഒന്നിച്ചാലേ താന്‍ എല്ലാവര്‍ക്കുമൊപ്പം ഉണ്ടാവുകയുള്ളൂവെന്ന് പറഞ്ഞാണ് അപ്പു അവസാനമായി നിലപാട് എടുത്തത്.
പരമ്പരയില്‍ നിലവിലെ ഏറ്റവും പ്രശ്‌നക്കാരന്‍ അപ്പുവിന്റെ അച്ഛനായ തമ്പിയാണ്. മകള്‍ പാവപ്പെട്ട സാന്ത്വനം കുടുബത്തിലെ ഹരിയെ പ്രണയിച്ചതും വിവാഹം കഴിച്ചതും തമ്പിയ്ക്ക് ഇഷ്ടമല്ലായിരുന്നു. എന്നാല്‍ എല്ലാം തന്റെ മകള്‍ക്കുവേണ്ടി ക്ഷമിച്ച തമ്പി ശ്രമിച്ചത്, മകളെയും മരുമകനെയും തന്നിലേക്ക് അടുപ്പിക്കാനായിരുന്നു. അതിനായി തമ്പി തിരഞ്ഞെടുത്ത വഴികള്‍ മിക്കതും തെറ്റായതുമായിരുന്നു. അപ്പു തന്റെ നിലപാട് പറയുന്നതോടെ തമ്പി ഇതുവരെ ചെയ്തതെല്ലാം അഭിനയം മാത്രമായിരുന്നെന്ന് മനസിലാക്കുകയാണ് പ്രേക്ഷകര്‍. മകളും കുഞ്ഞും തന്റെ അമരാവതി വീട്ടില്‍ എത്തിയതോടെ തമ്പിയുടെ സ്വഭാവം പാടെ മാറിയിരിക്കുകയാണ്. കൂടാതെ തമ്പിയുടെ സഹോദരിയായ രാജേശ്വരിയും അപ്പുവിന്റെയും കുഞ്ഞിന്റെയും നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.
കുട്ടിയുടെ ആരോഗ്യം നന്നായി നോക്കാന്‍ ആരെയും അപ്പുവിന്റെയും കുഞ്ഞിന്റേയും അടുത്തേക്ക് വിടരുത് എന്ന് രാജേശ്വരി ഹോംനേഴ്‌സിനോട് ചട്ടം കെട്ടുന്നുണ്ട്. അത് ഹോംനേഴ്‌സ് വള്ളിപുള്ളി വിടാതെ അനുസരിക്കുന്നുമുണ്ട്. അതുതന്നെയാണ് ഏറ്റവും പുതിയ എപ്പിസോഡില്‍ സംഭവിച്ചിരിക്കുന്ന പ്രശ്‌നവും. മകന്റെ കുഞ്ഞിനെ കാണാനായി വളരെ ആഗ്രഹത്തോടെയും സന്തോഷത്തോടെയുമാണ് ഹരിയുടെ അമ്മയായ ലക്ഷ്മിയമ്മയും മറ്റ് സാന്ത്വനത്തിലെ ആളുകളും അമരാവതിയില്‍ എത്തുന്നത്. എന്നാല്‍ അത് അവിടെ വലിയൊരു സംഘര്‍ഷം സൃഷ്ടിക്കുകയാണ്. ലക്ഷ്മിയമ്മയെയും ശിവനെയുമൊന്നും കുഞ്ഞിനെ കാണിക്കാന്‍ വീട്ടുകാരും ഹോംനേഴ്‌സും തയ്യാറാകുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളാണ് കാരണമായി പറയുന്നത്. അങ്ങനെ ഹരിയും ദേവിയും അഞ്ജുവും അപ്പുവിന്റെ മുറിയിലേക്ക് പോവുകയാണ്.
കലിയടക്കാനാകാത്ത ഹരിയുടെ മുഖം കണ്ടപ്പോഴേക്കും അപ്പു കാര്യം തിരക്കുകയാണ്. ഹോസ്പിറ്റലില്‍ നിന്നും പറയാതെ പോയതാണ് ഹരിയുടെ പ്രധാന പ്രശ്‌നം. എന്നാല്‍ ഹരിയോട് അത് പറഞ്ഞുവെന്ന് തമ്പി തന്നെ അറിയിച്ചിരുന്നെന്നാണ് അപ്പുവിന്‍റെ പക്ഷം. കൂടെ അപ്പു, ഹരിയോട് കുറേയധികം ക്ഷമ പറയുന്നുമുണ്ട്. എന്നിട്ടും ഹരിയുടെ മുഖത്ത് ചെറിയ ദേഷ്യം കാണുന്ന അപ്പു കാര്യം തിരക്കുമ്പോള്‍, ഇപ്പോള്‍ വീട്ടില്‍ നടന്ന കാര്യങ്ങളും ഹരി പറയുന്നു. അത് കേള്‍ക്കുന്ന അപ്പു ആകെ രോഷാകുലയാകുകയും, ലക്ഷ്മിയമ്മയ്ക്ക് കുഞ്ഞിനെ കാണിക്കണോ വേണ്ടയോ എന്ന് കുഞ്ഞിന്റെ അച്ഛനും അമ്മയും തീരുമാനിക്കും എന്നും പറയുകയാണ്. ശേഷം ദേവി കുഞ്ഞിനെയെടുത്ത് കൊണ്ടുപോയി ലക്ഷ്മിയെയും മറ്റും കാണിക്കുന്നുമുണ്ട്. ഇതെല്ലാം കാണുമ്പോള്‍ തമ്പിയ്ക്ക് ദേഷ്യം വരുന്നെങ്കിലും, ഒന്നും പ്രകടിപ്പിക്കാന്‍ സാധിക്കാതെ നില്‍ക്കുകയാണ്.
WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ