38കാരിയായ തനിക്ക് 60കാരിയുടെ വേഷം, വെല്ലുവിളികൾ ഉണ്ടായിരുന്നുവെന്ന് രേഖ
ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളിക്ക് പ്രിയങ്കരിയായ താരമാണ് രേഖ രതീഷ്.
ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളിക്ക് പ്രിയങ്കരിയായ താരമാണ് രേഖ രതീഷ്. പരസ്പരം എന്ന ജനപ്രിയ പരമ്പരയിലൂടെ മിനിസ്‌ക്രീനിലെ മികച്ച നായികയ്ക്കുള്ള പുരസ്‌ക്കാരമടക്കം താരത്തെ തേടിയെത്തിയിരുന്നു. പരസ്പരത്തില്‍ കാർക്കശ്യക്കാരിയായ അമ്മായിയമ്മയുടെ വേഷമായിരുന്നു രേഖയുടേത്.
നിലവിൽ ഏഷ്യനെറ്റിലെ പുതിയ കുടുംബ പരമ്പരയായ സസ്നേഹത്തിലാണ് രേഖ അഭിനയിക്കുന്നത്. പരസ്പരത്തില്‍ നിന്ന് നേര്‍ വിപരീതമായി മക്കളുടെ അവഗണന സഹിച്ച് സ്വന്തം വീട്ടില്‍ അന്യയായി കഴിയുന്ന കഥാപാത്രത്തെയാണ് രേഖ അവതരിപ്പിക്കുന്നത്. സസ്‌നേഹത്തിലെ ഇന്ദിരാമ്മയെ അതിവേഗം പ്രേക്ഷകർ ഏറ്റെടുത്തുവെന്ന് പുതിയ റേറ്റിങ് ചാർട്ടും സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴിതാ സസ്നേഹത്തിലെ അറുപതുകാരിയുടെ വേഷത്തെ കുറിച്ചും അതിലേക്കെത്തിയതിനെ കുറിച്ചും സംസാരിക്കുകയാണ് രേഖ. ഇടൈംസ്-ടിവിയോട് സംസാരിക്കുകയായിരുന്നു താരം.
'എന്റെ അടുത്ത സുഹൃത്ത് കൂടിയായ, പരമ്പരയുടെ നിർമ്മാതാവ് ഡോ. ഷാജു ഒരു പുതിയ പ്രോജക്റ്റിന് എന്നെ ക്ഷണിച്ചെങ്കിലും ഞാൻ ഒന്നു മടിച്ചു. പക്ഷേ കഥ കേട്ടപ്പോൾ, ശ്രമിച്ചുനോക്കാൻ ഞാൻ തീരുമാനിച്ചു. ചാനൽ പോലും ഈ വേഷം അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിൽ നിന്ന് കേട്ടപ്പോൾ അമ്പരക്കുകയായിരുന്നു. അതോടെ ഇതൊരു സുവർണ്ണാവസരമെന്ന നിലയ്ക്ക് ഞാൻ സ്വീകരിക്കുകയായിരുന്നു. മേക്ക് ഓവർ എനിക്ക് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു ഫിറ്റ്‌നെസ് പ്രേമി ആയതിനാൽ, എന്റെ ശരീരം ഫിറ്റായി നിലനിർത്താൻ ഞാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ, 38 വയസ്സുള്ള എന്നെ 60 വയസുകാരിയാക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ആദ്യത്തേത് നരച്ച മുടിയായിരുന്നു, എന്റെ കഥാപാത്രം അത് ആവശ്യപ്പെടുന്നുവെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ ഞാൻ ആ മാറ്റത്തിനൊപ്പം പോകാൻ തീരുമാനിച്ചു. ആളുകൾ എന്നെ കളർഫുൾ സാരിയിലാണ് കണ്ടിട്ടുള്ളത്. പക്ഷേ ഇന്ദിര സെറ്റും മുണ്ടും ഉടുത്ത ഒരു സാധാരണ സ്ത്രീയാണ്. ഇന്ദിരയ്‌ക്കായി ഞങ്ങൾ ചെയ്ത ഒരേയൊരു മേക്കപ്പ് എന്റെ പ്രായം കാണിക്കാൻ മുഖത്ത് കുറച്ച് ചുളിവുകൾ ചേർക്കുന്നു എന്നതാണ്- രേഖ പറയുന്നു.
സഹ പ്രവർത്തകനായ കെപിഎസി ഷാജി നൽകുന്ന പിന്തുണ വലുതാണെന്നും അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും താരം കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona