'വിവാഹ വാര്‍ഷികമെങ്കിലും ആഘോഷിക്കാമെന്ന് കരുതിയതാണ് കൊറോണ സമ്മതിക്കില': പ്രദീപ് ചന്ദ്രന്‍
ആദ്യമായി അഭിനയിച്ച കറുത്തമുത്തിലെ കഥാപാത്രത്തിന്റെ അതേ പേര് തന്നെ പ്രദീപ് മകന് നല്‍കിയത് സോഷ്യല്‍മീഡിയയിലും മറ്റും വാര്‍ത്തയായിരുന്നു.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കറുത്തമുത്ത് പരമ്പരയിലെ ഡി.സി.പി അഭിറാം എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ പേരാണ് പ്രദീപ് ചന്ദ്രന്‍. പരമ്പരയിലൂടെ ഹൃദയത്തിലേറ്റിയ താരത്തെ മലയാളികള്‍ അടുത്തറിഞ്ഞത് ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയായിരുന്നു. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായെത്തി, ശക്തമായ മത്സരം കാഴ്ചവച്ച പ്രദീപ് നിരവധി ആരാധകരെ സ്വന്തമാക്കിയാണ് മടങ്ങിയത്. കഴിഞ്ഞ ലോക്ക്ഡൗണിലായിരുന്നു കൊവിഡ് മാനദണ്ഡങ്ങളോടെ താരത്തിന്റെ വിവാഹം. കരുനാഗപ്പള്ളി സ്വദേശിനിയായ അനുപമയായിരുന്നു വധു. അടുത്തിടെ താരം അച്ഛനായ വിവരവും സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ അറിഞ്ഞിരുന്നു
ആദ്യമായി അഭിനയിച്ച കറുത്തമുത്തിലെ കഥാപാത്രത്തിന്റെ അതേ പേര് തന്നെ പ്രദീപ് മകന് നല്‍കിയത് സോഷ്യല്‍മീഡിയയിലും മറ്റും വാര്‍ത്തയായിരുന്നു. അഭിനയ ജീവതത്തില്‍ ഒരിക്കലും മറക്കാനാവാത്ത പേരാണ് അഭിറാമെന്നതെന്നും, ആ പേര് എന്നും ജീവിതത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പ്രദീപ് അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം താരത്തിന്റെ ഒന്നാം വിവാഹവാര്‍ഷികമായിരുന്നു. വിവാഹവാര്‍ഷികത്തില്‍ താരം പങ്കുവച്ച കുറിപ്പാണിപ്പോള്‍ ആരാധകശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്.
വിവാഹം കൊറോണക്കാലത്തായിരുന്നതിനാല്‍ പലര്‍ക്കും പങ്കെടുക്കാനായിരുന്നില്ല. അതിന്റെ സങ്കടം ഒന്നാം വിവാഹവാര്‍ഷികത്തില്‍ തീര്‍ക്കാം എന്നായിരുന്നു കരുതിയത്. എന്നാല്‍ ഇപ്പോഴും സ്ഥിതി മറിച്ചല്ല. ഇനിയുള്ള പ്രതീക്ഷ മകന്റെ ഒന്നാം പിറന്നാളാണ്, അപ്പോഴെങ്കിലും കൊറോണ പോയിരുന്നെങ്കില്‍ എന്നാണ് ഭാര്യയും കുഞ്ഞുമൊന്നിച്ചുള്ള ചിത്രത്തോടൊപ്പം പ്രദീപ് കുറിച്ചത്.
താരത്തിന്റെ കുറിപ്പ് വായിക്കാം
'ഇന്ന് ജൂലൈ 12.. കഴിഞ്ഞ വര്‍ഷം ഇതേദിവസം ഞങ്ങളുടെ വിവാഹമായിരുന്നു. കോവിഡ് കാലത്തെ വിവാഹം ആ സമയത്തു പുതുമയായിരുന്നു. വിവാഹത്തില്‍ ഒരുപാട് പ്രിയപ്പെട്ടവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയപ്പോള്‍, ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാമെന്ന് ആശ്വസിച്ചു. പക്ഷേ അന്നത്തെ അതേ നില ഇപ്പോഴും തുടരുന്നു. ഇനിയുള്ള പ്രതീക്ഷ മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാണ്. അതിനു മുന്‍പേ ഈ വിഷമഘട്ടം കടന്നു പോകട്ടേ എന്ന് പ്രത്യാശിക്കുന്നു.'
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona