'അത്ര നല്ല അനുഭവങ്ങളിലൂടെയല്ല ഇതുവരെ എത്തിയത്'; ജീവിതം പറഞ്ഞ് നസീർ സംക്രാന്തി
15-ാം വയസ്സില്‍ ആരംഭിച്ച കലാജീവിതം, അനുഭവങ്ങളുമായി നസീര്‍ സംക്രാന്തി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസീര്‍ സംക്രാന്തി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് നസീര്‍ കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്. നിരവധി ചാനലുകളിലും വേദികളിലും പല വേഷങ്ങള്‍ ചെയ്‌തെങ്കിലും തട്ടീം മുട്ടീം എന്ന പരമ്പരയാണ് ജീവിതത്തില്‍ വഴിത്തിരിവായത്. പരമ്പരയില്‍ അവതരിപ്പിച്ച കമലാസനന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ടെലിവിഷനിലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ ആ കഥാപാത്രം നസീറിനു നേടികൊടുത്തിട്ടുണ്ട്.
ചിരിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് സ്‌ക്രീനില്‍ അവതരിപ്പിക്കാറുള്ളതെങ്കിലും അത്ര നല്ല അനുഭവങ്ങളിലൂടെയല്ല താന്‍ കടന്ന് പോയതെന്ന് നസീര്‍ സംക്രാന്തി പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് നസീർ ജീവിതം പറയുന്നത്. ഭിക്ഷയെടുക്കേണ്ടി വന്നതിനെക്കുറിച്ചും നടൻ പറയുന്നുണ്ട്. 'ഭിക്ഷ എന്നല്ല കപ്പയ്ക്ക് പോവുക എന്നാണ് അതിന് പറയുന്നത്. ഉണക്ക് കപ്പയൊക്കെയുള്ള സമയമാണ്, ഒരു കൊട്ടയൊക്കെ എടുത്ത് വീടുകളില്‍ പോയി കപ്പ ചോദിക്കുമായിരുന്നു. ഒരുവിധത്തില്‍ പറഞ്ഞാല്‍ അത് ഭിക്ഷയാണ്. അമ്മച്ചീ എന്ന് വിളിച്ച് ഞാന്‍ വീടുകളില്‍ പോയിട്ടുണ്ട്. ഭക്ഷണവും വസ്ത്രവുമൊക്കെ എനിക്ക് കിട്ടിയിട്ടുണ്ട്'. മോഷ്ടിച്ചും പിടിച്ചുപറിച്ചുമല്ലാതെ ചെയ്യുന്നതെല്ലാം തൊഴിൽ ആണെന്നാണ് തന്‍റെ അഭിപ്രായമെന്നും നസീര്‍ സംക്രാന്തി പറയുന്നു.
മക്കൾ അഭിനയത്തിലേക്ക് വരുന്നതിൽ താല്പര്യമില്ലെന്നും നസീർ കൂട്ടിച്ചേർക്കുന്നു. ഈ ഫീൽഡിൽ ഇറങ്ങിയാൽ രക്ഷപ്പെടണം, താനൊക്കെ എങ്ങനെയോ രക്ഷപെട്ടതാണെന്നും താരം പറയുന്നു. നടൻ മമ്മൂട്ടിയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന നസീർ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ആദ്യ സിനിമയിൽ മുഖം കാണിക്കുന്നത്. നല്ല വേഷങ്ങളിലെത്തുന്ന സിനിമകൾ പുറത്തിറങ്ങാൻ ഉണ്ടെന്നും നസീർ പറഞ്ഞു.
15ാം വയസ്സിലാണ് നസീര്‍ കലാരംഗത്തേക്ക് ഇറങ്ങിതിരിക്കുന്നത്. ആദ്യമാദ്യം നാട്ടിലെ അമ്പലങ്ങളിലെ പരിപാടികള്‍ക്ക് അവസരം ചോദിച്ചു. പിന്നീട് പ്രഫഷണല്‍ ട്രൂപ്പുകളിലേക്ക് എത്തിചേര്‍ന്നു. ട്രൂപ്പുകളില്‍ സജീവമായതോടെ ടെലിവിഷന്‍ ചാനലുകളിലെ കോമഡി പരിപാടികളില്‍ അവസരം ലഭിച്ചുതുടങ്ങി.