'നെല്‍സണ്‍ ചൈനാ ടൗണ്‍ കണ്ടിരുന്നോ'? രസകരമായ കൗതുകം കണ്ടെത്തി ആരാധകര്‍
ചൈനാ ടൌണിലെ മാത്തുക്കുട്ടിയും ജയിലറിലെ മാത്യുവും, രസകരമായ താരതമ്യം
തിയറ്ററുകളിലും സോഷ്യല്‍ മീഡിയയിലും ഈ ദിവസങ്ങളില്‍ തരംഗം തീര്‍ക്കുന്നത് ജയിലര്‍ ആണ്. പേട്ടയ്ക്ക് ശേഷം രജനിയെ ഏറ്റവും നന്നായി അവതരിപ്പിച്ച ചിത്രമെന്ന് അഭിപ്രായം നേടുന്ന ജയിലര്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രത്തിന്. മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ പ്രതിനായകനും മലയാളി സിനിമാപ്രേമികള്‍ക്ക് ലഭിച്ച പ്ലസ് ആണ്. മോഹന്‍ലാലിന്‍റെ മാത്യു എന്ന കഥാപാത്രം ഏതാനും മിനിറ്റുകള്‍ മാത്രമാണ് സ്ക്രീന്‍ എത്തുന്നതെങ്കിലും അദ്ദേഹത്തിന്‍റെ ആരാധകരെ സംബന്ധിച്ച് ആഘോഷിക്കാനുള്ളതുണ്ട് അത്. മാത്യു എന്ന കഥാപാത്രത്തെ വച്ചുള്ള നിരവധി റീല്‍സ്, ഷോര്‍ട്സ് വീഡിയോകളിലൊന്ന് ഏറെ കൌതുകം പകരുന്നതാണ്.
മോഹന്‍ലാല്‍ അഭിനയിച്ച് 2011 ല്‍ പുറത്തിറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം ചൈനാ ടൌണുമായി ബന്ധപ്പെടുത്തിയുള്ളതാണ് അത്. ജയിലറിലെ മാത്യു മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അധോലോക രാജാവാണെങ്കില്‍ 12 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ചൈനാ ടൌണിലെ മോഹന്‍ലാല്‍ കഥാപാത്രം ഈ ആഗ്രഹം പങ്കുവെക്കുന്നുണ്ട്. ഈ കഥാപാത്രത്തിന്‍റെ പേര് മാത്തുക്കുട്ടി എന്നാണെന്നതാണ് അതിലേറെ കൌതുകം. ഒരു വിവാഹാലോചനയുമായി ചെല്ലുന്ന ജയറാമിന്‍റെ സക്കറിയയോടാണ് അധോലോക നേതാവായി പേരെടുക്കാനുള്ള തന്‍റെ ആഗ്രഹം മാത്തുക്കുട്ടി പറയുന്നത്. ആ ഡയലോഗ് ഇങ്ങനെ..
"ഏയ്, അതൊന്നും ശരിയാവില്ല. ഭാര്യ, കുടുംബം, കുട്ടികള്‍... ഇതൊന്നും മാത്തുക്കുട്ടിയുടെ ജീവിതത്തിന്‍റെ ലിസ്റ്റിലേ ഇല്ല. റോസമ്മയുടെ കല്യാണം കഴിഞ്ഞാല്‍ പിന്നെ ബാംഗ്ലൂരിലോ ബോംബെയിലോ കല്‍ക്കട്ടയിലോ, അവിടെ എവിടെയെങ്കിലും ഒരു ചെറിയ രീതിയില്‍ ഡോണ്‍ ആയിട്ട് ജീവിക്കുക. കുറച്ച് ആള്‍ക്കാരെ കൂട്ടിയിട്ട് ഒരു ചെറിയ ഗുണ്ടാസംഘം. അതിന്‍റെ ഡോണ്‍ ആവുക. ഈ ഡോണിന് ഭാര്യ, കുടുംബം, കുട്ടികള്‍ ഒക്കെ വന്നാല്‍ എതിര്‍ കക്ഷികള്‍ വന്ന് ഈ കുട്ടികളെ തട്ടിക്കൊണ്ട് പോവുക, അല്ലെങ്കില്‍ മറ്റവര്‍ വന്ന് ഭാര്യയെ പിടിച്ചിട്ട് പൈസ ബാര്‍ഗൈന്‍ ചെയ്യുക, എന്തിന് വെറുതെ തലവേദന?, എന്നാണ് മാത്തുക്കുട്ടിയുടെ മറുപടി". ഈ മാത്തുക്കുട്ടിയെ മാത്യുവുമായി ചേര്‍ത്തുവച്ചാണ് പുറത്തിറങ്ങുന്ന റീലുകള്‍.