Meera Jasmine : 'സ്വപ്നതുല്യമായ ആനന്ദം'; ക്യൂട്ട് ലുക്കിൽ മീരാ ജാസ്മിൻ, 'ജെന്നി'യല്ലേയെന്ന് ആരാധകർ
മനോഹരമൊയൊരു ഗൗണിൽ വ്യത്യസ്ത ലുക്കിലാണ് താരമുള്ളത്.
മലയാള ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരമാണ് മീരാ ജാസ്മിൻ(Meera Jasmine). ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ആറു വർഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ്. സത്യൻ അന്തിക്കാട് ചിത്രത്തിലാണ് മീര ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
മനോഹരമൊയൊരു ഗൗണിൽ വ്യത്യസ്ത ലുക്കിലാണ് താരമുള്ളത്. പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി രംഗത്തെത്തിയത്. "ഗ്രാമഫോൺ എന്ന ചിത്രത്തിലെ ജെന്നിയെ പോലെയുണ്ടല്ലോ, അന്നും ഇന്നും എന്നും ഒരുപോലെ, ബ്യൂട്ടിഫുൾ", എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
അതേസമയം, റിലീസിന് ഒരുങ്ങുകയാണ് മകള്‍. ഏപ്രില്‍ 29ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ജയറാമും മീര ജാസ്മിനും ഒന്നിച്ചെത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണിത്.
ആറ് വര്‍ഷത്തിനു ശേഷമാണ് മീര ജാസ്‍മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം പുറത്തെത്തുന്നത്. ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണിത്. 2008ലാണ് ഇന്നത്തെ ചിന്താവിഷയം പുറത്തെത്തിയത്. 12 വര്‍ഷത്തിനു ശേഷമാണ് ജയറാം ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നുവാണ് ജയറാം അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം. ജയറാമും മീര ജാസ്മിനും ഇതിനുമുന്‍പ് ഒരു ചിത്രത്തില്‍ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. സജി സുരേന്ദ്രന്‍റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്സ് ആണിത്.
ജയറാമിനും മീരയ്ക്കുമൊപ്പം ദേവിക സഞ്ജയ്, ശ്രീനിവാസന്‍, സിദ്ദിഖ്, നസ്‍ലെന്‍, ഇന്നസെന്‍റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. എസ് കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്, പശ്ചാത്തല സംഗീതം രാഹുല്‍ രാജ്, ഗാനരചന ഹരിനാരായണന്‍, എഡിറ്റിംഗ് കെ രാജഗോപാല്‍, കലാസംവിധാനം മനു ജഗത്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം പാണ്ഡ്യന്‍, സിങ്ക് സൗണ്ടും സൗണ്ട് ഡിസൈനും അനില്‍ രാധാകൃഷ്ണന്‍, സഹസംവിധാനം അനൂപ് സത്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സ്റ്റില്‍സ് എം കെ മോഹനന്‍ (മോമി), അഡീഷണല്‍ സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, പരസ്യകല ജയറാം രാമചന്ദ്രന്‍ എന്നിവരാണ് മറ്റ് അണിയറക്കാര്‍.
മൂന്ന് വര്‍ഷത്തിനു ശേഷമാണ് സത്യന്‍ അന്തിക്കാട് പുതിയ ചിത്രവുമായി എത്തുന്നത്. 2018ല്‍ പുറത്തെത്തിയ ഞാന്‍ പ്രകാശന്‍ ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ അവസാന ചിത്രം. 2021 ഏപ്രിലിലാണ് സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.