'രാമനുണ്ണിയല്ല.. റാം'; 'ഉരുളയ്ക്കുപ്പേരി'യിൽ അർജുന്റെ മാസ് എൻട്രി
അർജുൻ ഇതാ പുതിയ വേഷത്തിൽ പുതിയ പരമ്പരയിൽ എത്തുകയാണ്
സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് അർജുൻ സോമശേഖറും (Arjun Somasekhar)സൗഭാഗ്യ വെങ്കിടേഷും (Saubhagya Venkatesh). സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. ഏറെ ആരാധകരുള്ള പൊലീസുകാരൻ ശിവനായി ചക്കപ്പഴം എന്ന പരമ്പരയിൽ എത്തിയ അർജുൻ, അധികം വൈകാതെ പരമ്പരയിൽ നിന്ന് മാറി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ പിന്മാറ്റം.
തുടർന്ന് പരമ്പരകളിലൊന്നും അഭിനയിക്കാതിരുന്ന അർജുൻ ഇതാ പുതിയ വേഷത്തിൽ പുതിയ പരമ്പരയിൽ എത്തുകയാണ്. അമൃത ടിവിയിലെ ഉരുളയ്ക്കുപ്പേരി എന്ന പരമ്പരയിലാണ് അർജുൻ എത്തുന്നത്. 54-ാം എപ്പിസോഡ് മുതലാണ് ശിവനും സീരിയലിന്റെ ഭാഗമായത്. ശ്രീലത നമ്പൂതിരി അടക്കമുള്ള നിരവധി താരങ്ങൾ അഭിനയിക്കുന്ന പരമ്പരയാണ് ഉരുളയ്ക്ക് ഉപ്പേരി. അർജുന്റെ എൻട്രിയോടെ എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് അർജുനും ഭാര്യ സൗഭാഗ്യ വെങ്കിടേഷും. എട്ടാം മാസം ഗർഭിണിയാണ് സൗഭാഗ്യ. എട്ടാം മാസത്തിലെ ആലസ്യത്തിലും അർജുനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരുന്നു സൗഭാഗ്യ. വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സന്തോഷത്തിനിടെയാണ് അർജുൻ വീണ്ടും മിനിസ്ക്രീനിലേക്കെത്തുന്നത്.
ടെലിവിഷൻ സീരിയലുകളിലൊന്നും സജീവമല്ലായിരുന്ന സൗഭാഗ്യ പക്ഷെ, ടെലിവിഷൻ ആരാധകർക്ക് സുപരിചിതയാണ്. നടി താരാ കല്യാണിന്റെ മകൾ എന്നാണ് ആദ്യം പ്രേക്ഷകർ അറിഞ്ഞതെങ്കിൽ, പിൽക്കാലത്ത് മികച്ച ഒരു ഡാൻസറായി സ്വന്തമായി പേരെടുത്തു സൗഭാഗ്യ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. നർത്തകനായ അർജുൻ നേരത്തെ അഭിനയിച്ച ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് ശ്രദ്ധ നേടിയത്.