ബൈക്കിംഗില്‍ പങ്കാളിയായി സൗബിന്‍, ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍
ജനുവരിയിലാണ് മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയത്
മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ട് സിനിമകള്‍ സമീപകാലത്ത് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജില്ലും മഹേഷ് വെട്ടിയാരുടെ വെള്ളരി പട്ടണവും. ഓണ്‍ സ്ക്രീനില്‍ മാത്രമല്ല, ഓഫ് സ്ക്രീനിലും ഇരുവര്‍ക്കുമിടയില്‍ സൗഹൃദത്തിന്‍റെ ഇഴയടുപ്പമുണ്ട്. ബൈക്കിംഗില്‍ മഞ്ജു വാര്യരുടെ പങ്കാളി കൂടിയാണ് സൗബിന്‍ ഷാഹിര്‍. ഇപ്പോഴിതാ ബൈക്കിംഗിനിടെയുള്ള തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഞ്ജു.
"മുഖാമുഖം നില്‍ക്കാത്ത ഭയം എനിക്ക് അതിര്‍ത്തികള്‍ തീര്‍ക്കും. നല്ല സുഹൃത്തുക്കളായും ക്ഷമയുള്ള വഴികാട്ടികളായും നില്‍ക്കുന്നതിന് സൗബിന്‍ ഷാഹിറിനും ബിനീഷ് ചന്ദ്രയ്ക്കും നന്ദി. കൂള്‍ കക്ഷികളാണ് നിങ്ങള്‍", ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു വാര്യര്‍ കുറിച്ചു. ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നും ചിത്രത്തില്‍ അത് ധരിക്കാന്‍ താന്‍ മറന്നതാണെന്നും മഞ്ജു പറയുന്നുണ്ട്.
ജനുവരിയിലാണ് മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കി.മീ. ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഇതിനെക്കുറിച്ചും ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ചും ലൈസന്‍സ് ലഭിച്ച വേളയില്‍ മഞ്ജു പറഞ്ഞിരുന്നു. പിന്നീടാണ് മഞ്ജു ബൈക്ക് സ്വന്തമാക്കിയത്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ 1250 ജിഎസ് എന്ന ബൈക്ക് ആണ് മഞ്ജു സ്വന്തമാക്കിയത്.
അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 28 ലക്ഷം രൂപയാണ്. ഒപ്പം പോയ ലഡാക്ക് ട്രിപ്പില്‍ അജിത്ത് കുമാര്‍ ഓടിച്ചിരുന്ന അതേ സിരീസില്‍ പെട്ട ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജു വാങ്ങിയത്. രാജ്യത്ത് ആഡംബര ബൈക്കുകളിലെ അവസാന വാക്കുകളിലൊന്നാണ് ഈ മോഡല്‍. 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് കുമാര്‍ ഈ വര്‍ഷം നടത്തുന്നുണ്ട്. ലൈസന്‍സ് സ്വന്തമാക്കിയ മഞ്ജു വാര്യരും ഈ ട്രിപ്പില്‍ ഒരുപക്ഷേ പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അജിത്തിന്‍റെ നായികയായി എത്തിയ തമിഴ് ചിത്രം തുനിവ് ആയിരുന്നു മഞ്ജു വാര്യരുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ്. ആക്ഷന്‍ ഹെയ്സ്റ്റ് വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കണ്‍മണി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.
ALSO READ : ബോക്സ് ഓഫീസില്‍ 1050 കോടി, നിര്‍മ്മാതാക്കള്‍ക്ക് എന്ത് കിട്ടും? 'പഠാന്‍' കണക്കുകള്‍