Mammootty : വീണ്ടും വൈറല്‍ മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ ചിത്രം

നാല് ശ്രദ്ധേയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്നത്

mammootty viral photo social media bheeshma parvam puzhu cbi 5

ആരോഗ്യ സംരക്ഷണത്തിന്‍റെയും സ്റ്റൈലിംഗിന്‍റെയും കാര്യത്തില്‍ മലയാള സിനിമയില്‍ മമ്മൂട്ടിയെ (Mammootty) വെല്ലാന്‍ മറ്റൊരാളില്ല. സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലേതല്ലാത്ത തന്‍റെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്നത് കുറവാണെങ്കിലും ആ ചിത്രങ്ങളൊക്കെയും ആരാധകര്‍ വളരെവേഗം ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രവും വൈറല്‍ (Viral pic) ആയത് നിമിഷങ്ങള്‍ക്കുള്ളിലാണ്. കളര്‍ഫുള്‍ ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ഷേവ് ചെയ്ത മുഖവുമൊക്കെയായി പതിവുപോലെ സുന്ദരമാണ് പുതിയ ചിത്രത്തിലും മമ്മൂട്ടി. 

ഒരു മണിക്കൂറിനുള്ളില്‍ ഫേസ്ബുക്കില്‍ അറുപതിനായിരത്തോളം ലൈക്കുകളും ആറായിരത്തിലേറെ കമന്‍റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒപ്പം അറുനൂറോളം ഷെയറുകളും. അതേസമയം നാല് ശ്രദ്ധേയ സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്നത്. അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം, നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, എസ് എന്‍ സ്വാമി- കെ മധു ടീമിന്‍റെ സിബിഐ സിരീസിലെ അഞ്ചാം ചിത്രം എന്നിവയാണ് അവ. ഇതില്‍ ആദ്യം പുറത്തെത്തുക ഭീഷ്മ പര്‍വ്വമാണ്. മാര്‍ച്ച് 3 ആണ് റിലീസ് തീയതി.

ബിഗ് ബി എന്ന മലയാളത്തിലെ ശ്രദ്ധേയ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാലാ'ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

അതേസമയം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പുഴു. സെന്‍സറിംഗ് നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയ ചിത്രത്തിന് കട്ടുകളൊന്നുമില്ലാത്ത യു സര്‍ട്ടിഫിക്കറ്റ് ആണ്. 'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ഛായാഗ്രഹണവും തേനി ഈശ്വര്‍ ആയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios