Santhwanam Serial| ശിവന്‍ സങ്കടപ്പെടുമ്പോഴെല്ലാം 'സാന്ത്വനം' ഹിറ്റാവുകയാണല്ലോ

അത്യന്തം ആകാംക്ഷയേറ്റുന്ന കഥാമുഹൂർത്തങ്ങളിലൂടെയാണ് സാന്ത്വനം മുന്നോട്ട് പോകുന്നത്. 

malayalam popular serial santhwanam became hit while sivan get hurt

കൂട്ടുകുടുംബത്തിന്റെ സ്നേഹവും കരുതലും മലയാളിക്ക് സമ്മാനിക്കുന്ന പരമ്പരയാണ് സാന്ത്വനം (Santhwanam Serial). മനോഹരമായ കഥയും മികച്ച അഭിനേതാക്കളും ഒത്തുചേര്‍ന്നതോടെ പരമ്പര ജനലക്ഷങ്ങളാണ് ഹൃദയത്തിലേറ്റിയത്. 'ശിവാഞ്ജലി' (Sivanjali) എന്ന പ്രണയജോടികളോടാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയമെങ്കിലും പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഏഷ്യാനെറ്റിലെ ഇക്കാലമത്രയുമുള്ള പരമ്പരകളുടെ ചരിത്രം എടുത്താല്‍, പ്രേക്ഷകപ്രിയത്തില്‍ സാന്ത്വനത്തെ വെല്ലാന്‍ മറ്റൊരു പരമ്പര കാണില്ലെന്നാണ് ആരാധകര്‍  പറയുന്നത്. പ്രണയവും, വീട്ടിലെ കലഹവും മാത്രമേ പരമ്പരയിലുള്ളോ എന്നൊരു ചോദ്യം ആരാധകര്‍ ചോദിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു പരമ്പര വളരെയധികം ആകാംക്ഷയൂറുന്ന നിമിഷങ്ങളിലേക്ക് കടന്നത്.

പ്രവചനാതീതമായ കഥാമുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. സാന്ത്വനം വീട്ടിലെ മരുമകളായ അപര്‍ണ്ണയുടെ അച്ഛനായ തമ്പി സൃഷ്ടിച്ച പ്രശ്‌നങ്ങളാണ് പരമ്പരയെ കലുക്ഷിതമാക്കുന്നത്. വീട്ടിലെ മറ്റൊരു മരുമകളായ അഞ്ജലിയുടെ വീട്ടുകാരെ വീട്ടില്‍നിന്ന് ഇറക്കിവിട്ടത് തമ്പിയായിരുന്നു. അഞ്ജലിയുടെ അച്ഛനേയും അമ്മയേയും തിരികെ വീട്ടിലെത്തിച്ചത് ശിവനായിരുന്നു. പലതരം പ്രശ്‌നങ്ങളിലൂടെ കടന്നാണ് വീട് മടക്കി കിട്ടിയത്. തമ്പിയുടെ അക്രമത്തിനെതിരെ ശിവന്‍ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. തമ്പിയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുന്നതുവരെയെത്തിയിരുന്നു കാര്യങ്ങള്‍. അതുകൊണ്ടുതന്നെ തമ്പിയുടെ കണ്ണിലെ കരടായിരിക്കുകയാണ് ശിവന്‍.

ഗര്‍ഭിണിയായ അപര്‍ണയ്ക്ക് സ്വന്തം വീട്ടിലേക്ക് പോകണം എന്നാണ് ആഗ്രഹം. എന്നാല്‍ മോശമായ അനുഭവങ്ങള്‍ സാന്ത്വനം വീട്ടില്‍നിന്നും ഉണ്ടായതുകാരണം മകളെ കാണാന്‍ വരാനോ, കൂട്ടിക്കൊണ്ടുപോകാനോ തമ്പി തയ്യാറാകുന്നില്ല. കരച്ചിലും മറ്റുമായി വീട്ടില്‍ സങ്കടപ്പെട്ടിരിക്കുന്ന അപര്‍ണ്ണയ്ക്കുവേണ്ടി തമ്പിയെ കാണാന്‍ പോയത് ശിവനായിരുന്നു. താന്‍ അപര്‍ണയെ കാണാന്‍ വരാമെന്നും, എന്നാല്‍ ആ സമയത്ത് ശിവന്‍ വീട്ടില്‍ ഉണ്ടാകാന്‍ പാടില്ലെന്നുമാണ് തമ്പി പറയുന്നത്. അപര്‍ണ്ണയുടെ സന്തോഷമാണ് വലുതെന്ന് തോന്നിയ ശിവന്‍ അതെല്ലാം സമ്മതിക്കുകയായിരുന്നു. എന്നാല്‍ അപര്‍ണ്ണയുടെ ഭര്‍ത്താവായ ഹരി പറഞ്ഞ് വീട്ടുകാര്‍ കാര്യങ്ങളെല്ലാം അറിയുകയാണ്.

ശിവന്റെ മനസ് വായിക്കുന്ന ഏട്ടത്തിയമ്മ ശ്രീദേവിയും മറ്റും അപര്‍ണ്ണയെ കുറ്റപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ സങ്കടമെല്ലാം മാറ്റിവച്ച് ശിവന്‍ ഗര്‍ഭിണിയായ അപര്‍ണയെ സന്തോഷിപ്പിക്കാനുള്ള ശ്രമത്തിലാണ്. കടയില്‍നിന്നും വരുമ്പോള്‍ അപര്‍ണ്ണയ്ക്കായി മസാലദോശ വാങ്ങിവരുന്ന ശിവന്‍ വീട്ടുകാരോടൊത്ത് ചിരിച്ച് കളിക്കാന്‍ ശ്രമിക്കുന്നെങ്കിലും വീട്ടുകാര്‍ക്ക് ശിവന്റെ സങ്കടം മനസ്സലാകുന്നുണ്ട്.

ശിവന്റെ സങ്കടം അടക്കിവച്ച് വീട്ടുകാരൊത്ത് ചിരിക്കുന്ന ഭാഗത്തിന്റെ പ്രൊമോ ഹിറ്റായിരുന്നു. പ്രൊമോ പങ്കുവച്ച് മണിക്കൂറുകള്‍കൊണ്ട് വീഡിയോ കണ്ടത് ഇരുപത് ലക്ഷത്തോളം ആളുകളാണ്. അഞ്ജുവിന്റെ അച്ഛനായ ശങ്കരന്റെ കടം വീട്ടാനായ അഞ്ജുവിന്റെ സ്വര്‍ണ്ണാഭരണം വീട്ടുകാരറിയാതെ പണയം വച്ചതിന് ഏട്ടനായ ബാലന്‍ ശിവനെ കടയില്‍നിന്നും അടിച്ച് ഇറക്കി വിടുന്ന പ്രൊമോ അടുത്തിടെ കണ്ടത് ഇരുപത്തഞ്ച് ലക്ഷത്തോളം ആളുകളായിരുന്നു. ശിവന്‍ സങ്കടപ്പെടുമ്പോഴാണല്ലോ പ്രൊമോയും, പരമ്പരയും ഹിറ്റാകുന്നതെന്നാണ് ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ തമാശയായി പറയുന്നത്.

പുതിയ പ്രൊമോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios