കടക്കെണിയിലേക്ക് കൂപ്പുകുത്തി 'സിദ്ധാര്‍ത്ഥ്'; 'കുടുംബവിളക്ക്' റിവ്യൂ
സുമിത്ര ജീവിതം കെട്ടിപ്പടുക്കുമ്പോള്‍, മുന്‍ഭര്‍ത്താവായ സിദ്ധാര്‍ത്ഥിന് എല്ലാം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്
ആധുനിക ലോകത്തിലെ ശിഥിലമാകുന്ന കുടുംബങ്ങളുടെ കഥപറഞ്ഞ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് കുടുംബവിളക്ക്. പേരിന് കോട്ടം തട്ടിക്കുന്ന സംഗതികളാണല്ലോ പരമ്പരയില്‍ നടക്കുന്നതെന്ന ആരാധകരുടെ പരാതിയ്ക്ക് മറുപടിയെന്നോണമാണ് പരമ്പര നിലവില്‍ മുന്നോട്ട് പോകുന്നത്. സുമിത്ര എന്ന സാധാരണക്കാരിയായ വീട്ടമ്മ അനുഭവിക്കണ്ടിവരുന്ന ജീവിതമാണ് നാടകീയമായി പരമ്പര പറഞ്ഞു വയ്ക്കുന്നത്. പരമ്പരയിലെ സാധാരണക്കാരിയായ വീട്ടമ്മ സുമിത്ര പ്രതിസന്ധികളിലൂടെ മുന്നോട്ടുപോയി കരുത്തുറ്റ കഥാപാത്രമായി മാറുന്നുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും, പലതരം വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോഴും പ്രതിസന്ധികളോട് പൊരുതാനാണ് സുമിത്ര തീരുമാനിക്കുന്നത്.
സുമിത്ര ജീവിതം കെട്ടിപ്പടുക്കുമ്പോള്‍, മുന്‍ഭര്‍ത്താവായ സിദ്ധാര്‍ത്ഥിന് എല്ലാം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. സുമിത്രയെ ഉപേക്ഷിച്ച് സിദ്ധാര്‍ത്ഥ് വിവാഹം കഴിക്കുന്നത്, യാതൊരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത വേദിക എന്ന സ്ത്രീയെയാണ്. പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ആ ബന്ധത്തില്‍ സംഭവിക്കുന്നുണ്ട്. ഏത് നിമിഷവും ബന്ധം തകരാം എന്ന നിലയില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പരമ്പര മുന്നോട്ട് പോകുന്നത്. വേദികയും സിദ്ധാര്‍ത്ഥും തമ്മില്‍ പിരിയുന്നതും, സിദ്ധാര്‍ത്ഥ് സുമിത്രയുടെ പക്കലേക്ക് മടങ്ങിവരുന്നതും കാത്തുകൊണ്ടാണ് പലരും പരമ്പര കാണുന്നതും.
പുതിയ എപ്പിസോഡില്‍ സംഭവിക്കുന്നത്, വളരെ ആശിച്ച് സിദ്ധാര്‍ത്ഥ് സ്വന്തമാക്കിയ കാര്‍ ഫൈനാന്‍സുകാര്‍ കൊണ്ടുപോകുന്നതാണ്. സിദ്ധാര്‍ത്ഥ് വീട്ടിലില്ലാത്ത സമയം വീട്ടിലെത്തിയ ഫൈനാന്‍സുകാര്‍ വേദികയെ പറഞ്ഞ് പറ്റിച്ചാണ് കാര്‍ കൊണ്ടുപോകുന്നത്. എക്‌സ്ചേഞ്ചിന് സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നുവെന്നും, ഇപ്പോള്‍ ഈ കാര്‍ കൊണ്ടുപോകുകയാണ് എന്നും ഫൈനാന്‍സുകാര്‍ പറയുമ്പോള്‍, സന്തോഷവതിയായ വേദിക കാര്‍ വിട്ടു നല്‍കുന്നു. എന്നാല്‍ വിവരമറിഞ്ഞ് സിദ്ധാര്‍ത്ഥ് ആകെ വ്യാകുലനാകുന്നുണ്ട്. കൂടാതെ സിദ്ധാര്‍ത്ഥിന് വൈകാരികമായിത്തന്നെ അടുപ്പമുണ്ടായിരുന്ന വാഹനം ആരായിരിക്കും കൊണ്ടുപോയതെന്ന സംശയത്തിലാണ് സുമിത്രയും.
പണത്തിന്‍റെ വിഷമതകള്‍ അനുഭവിക്കുമ്പോഴെല്ലാം സിദ്ധാര്‍ത്ഥ് സുമിത്രയെ ഓര്‍ക്കുന്നുണ്ട്. സുമിത്രയൊന്നിച്ച് ജീവിച്ചിരുന്ന കാലത്ത്, പണത്തിന്‍റെ പ്രശ്‌നം വരുമ്പോഴെല്ലാം സ്വര്‍ണ്ണമായോ, പണമായോ സുമിത്ര സഹായിച്ചിരുന്നു. എന്നാല്‍ വേദിക നേരെ തിരിച്ചാണെന്നതും സിദ്ധാര്‍ത്ഥിനെ വേദനിപ്പിക്കുന്നുണ്ട്. സങ്കടത്തിന്‍റെ പല സമയത്തും, അറിയാതെ സുമിത്രേയെന്നുപോലും സിദ്ധാര്‍ത്ഥ് വിളിക്കുന്നുണ്ട്. ഇതെല്ലാമാകുമ്പോള്‍, സിദ്ധാര്‍ത്ഥ് തിരികെ സുമിത്രയുടെ അരികിലേക്ക് എത്തുമെന്നതാണ് പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന കാര്യം. എന്നാല്‍ പെട്ടന്നുതന്നെ സിദ്ധാര്‍ത്ഥ് മടങ്ങിയെത്തിയാല്‍ കഥയുടെ ഗതിക്ക് കോട്ടം സംഭവിക്കാനും സാധ്യതയുണ്ട്. ഏതായാലും വരും എപ്പിസോഡുകള്‍ കാത്തിരുന്ന് കാണാം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona