'സ്വര്‍ഗ്ഗത്തിലിരുന്ന് അവന്‍ എന്നെ കാണുന്നുണ്ടാകും'; മകന്‍റെ ഓര്‍മ്മയില്‍ സബിറ്റ
മൂന്ന് മക്കളുടെ അമ്മയുടെ വേഷത്തിൽ ചക്കപ്പഴത്തിലെത്തുന്ന സബിറ്റ അഞ്ച് വര്‍ഷം മുമ്പ് തന്നെ വിട്ടുപോയ മകന്‍ മാക്‌സ് വെല്ലിന്‍റെ ഓര്‍മ്മ പങ്കുവെക്കുന്നു
പ്രേക്ഷകപ്രീതി നേടിയ ചക്കപ്പഴം (Chakkappazham) എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് സബിറ്റ ജോര്‍ജ് (Sabitta george) എന്ന നടി മലയാളികള്‍ക്ക് പരിചിതയാകുന്നത്. ഹാസ്യപ്രധാനമുള്ള പരമ്പരയില്‍ ഏറെ പ്രാധാന്യമുള്ള ലളിതാമ്മയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മൂന്ന് മക്കളുടെ അമ്മയുടെ വേഷത്തിലാണ് സബിറ്റ പരമ്പരയില്‍ എത്തുന്നത്. സോഷ്യല്‍മീഡിയയില്‍ വ്യക്തിപരമായ വിശേഷങ്ങളും കാര്യങ്ങളും പങ്കുവയ്ക്കുന്ന സബിറ്റ, അഞ്ച് വര്‍ഷം മുമ്പ് തന്നെ വിട്ടുപോയ മകന്‍ മാക്‌സ് വെല്ലിന്‍റെ ഓര്‍മ്മയാണ് കഴിഞ്ഞദിവസം കുറിച്ചിരിക്കുന്നത്.
'ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അവന് പതിനേഴ് വയസ് തികഞ്ഞേനെ. സ്വര്‍ഗത്തില്‍ ഇരുന്ന് എന്‍റെ മുത്ത് അമ്മയുടെ സന്തോഷവും സങ്കടവുമെല്ലാം കാണുന്നുണ്ടെന്ന് അമ്മയ്ക്കറിയാം. പിറന്നാളാശംസകള്‍ മാക്‌സി. ഒരുപാട് മിസ് ചെയ്യുന്നു.' എന്നാണ് സബിറ്റ കുറിച്ചത്. സബിറ്റയുടെ സങ്കടത്തില്‍ തങ്ങളും പങ്കുചേരുന്നുവെന്നും, അകലങ്ങളില്‍ അവന് നല്ലത് വരട്ടെയെന്നും പറഞ്ഞ് നിരവധി ആരാധകരാണ് പോസ്റ്റിന് കമന്‍റ് ചെയ്തിരിക്കുന്നത്.
ആദ്യ പ്രസവ സമയത്ത് യുഎസ്സിലായിരുന്നു സബിറ്റ. ആദ്യത്തെ പ്രസവമായിരുന്നതിനാല്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിമായിരുന്നെങ്കിലും, ആശുപത്രിക്കാരുടെ ചില കൈപ്പിഴകള്‍ കാരണം മകന്‍ ഭിന്നശേഷിയോടെ ജനിച്ചു എന്നാണ് സബിറ്റ മകനെക്കുറിച്ച് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ളത്. ആശുപത്രിക്കാരുടെ അനാസ്ഥ കാരണം, വയറിന് പുറത്ത് എത്തുന്നതിന് മുന്നേതന്നെ പൊക്കിള്‍ മുറിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്. മൂന്ന് ദിവസത്തെ ആയുസ്സു മാത്രമേ കുഞ്ഞിനുണ്ടാവൂ എന്ന് വിധിയെഴുതിയെങ്കിലും സെറിബ്രല്‍ പാള്‍സി (cerebral palsy) എന്ന അവസ്ഥയോടെ മാക്‌സ് വെല്‍ പന്ത്രണ്ട് വര്‍ഷം സബിറ്റയ്‌ക്കൊപ്പമുണ്ടായിരുന്നു.