'കഴിഞ്ഞ വർഷം ഇത് നേരിൽ കാണാൻ കഴിഞ്ഞില്ല', മകൾക്കൊപ്പമുള്ള സന്തോഷചിത്രവുമായി ലക്ഷ്‍മിപ്രിയ
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാര്‍ഥി ആയിരുന്നു ലക്ഷ്‍മിപ്രിയ
സിനിമ, സീരിയല്‍ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ലക്ഷ്മിപ്രിയ. ജീവന്‍ ടിവിയില്‍ സംപ്രേഷണം ചെയ്ത ‘സ്ത്രീധനം’ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി പ്രിയ മിനിസ്‌ക്രീനില്‍ എത്തിയത്. പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലും ലക്ഷ്മിപ്രിയ പങ്കെടുത്തിരുന്നു. ബിഗ് ബോസിലായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ഈ നേരില്‍ കാണാന്‍ കഴിയാതിരുന്ന കാഴ്ച ഇപ്പോൾ കണ്ടതിന്റെ ആനന്ദം പങ്കുവെക്കുകയാണ് താരം.
മകള്‍ മാതു സ്കൂളിലേക്ക് പോകുന്നതിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ലക്ഷ്മിപ്രിയ ഒരു കുറിപ്പ് എഴുതിയിരിക്കുന്നത്- "മാതുക്കുട്ടി ഗ്രേഡ് 3 ലേക്ക്. കഴിഞ്ഞ വർഷത്തെ ഈ കാഴ്ച എനിക്ക് മിസ്സ് ആയി. ഞാൻ ബിഗ് ബോസിൽ ആയിരുന്നതിനാൽ. മാതൂന്റെ ബുക്സ് കളക്ട് ചെയ്‌തോ? മുടിയ്ക്ക് നീളം ഉള്ളത് കൊണ്ട് പിന്നിക്കെട്ടാൻ ചേട്ടന് അറിയുമോ? പല്ല് ആടി നിന്നത് ഇളകിയോ, അങ്ങനെ ഒരു നൂറായിരം ടെൻഷൻ ആയിരുന്നു എനിക്ക്. മാത്രമല്ല രണ്ട് വർഷത്തിന് ശേഷം സ്കൂളിൽ പോകുവല്ലേ? യൂണിഫോം ഇട്ട ആദ്യ സ്കൂൾ ദിനം കാണാൻ എനിക്ക് കഴിയാത്ത സങ്കടം ആയിരുന്നു കൂടുതൽ.
ലാലേട്ടൻ അവളുടെ ഫോട്ടോ കാണിച്ചു തന്നപ്പോൾ എനിക്ക് വന്ന ഒരു ആനന്ദം. ചേട്ടൻ അമ്മ റോൾ ഗംഭീരമാക്കി. മുടി പിന്നാൻ ചേട്ടൻ ഭംഗിയായി പഠിച്ചു. അന്നത്തെ എന്നെപ്പോലെ ഈ കാഴ്ചകൾ മിസ്സ് ആകുന്ന നൂറ് കണക്കിന് പ്രവാസി അമ്മമാരെ നിറഞ്ഞ സ്നേഹത്തോടെ ഓർക്കുന്നു. അമ്മ റോളും ഗംഭീരമാക്കുന്ന അച്ഛൻമാർക്ക് ആദരവ്. അതികാലത്തുണർന്ന് കുറുമ്പൻമാരെയും കുറുമ്പത്തികളെയും ഒരുക്കി വിടുന്ന അമ്മമാർക്കും അച്ഛൻമാർക്കും വീടകങ്ങളിലെ രാവിലത്തെ 'യുദ്ധ'ത്തിന് സാക്ഷ്യം വഹിക്കുന്ന മറ്റ് കുടുംബാംഗങ്ങൾക്കും സ്നേഹം. ഇന്ന് സ്കൂളിലേക്ക് പോകുന്ന എല്ലാ കുഞ്ഞ് മക്കൾക്കും എന്റെ ഓള്‍ ദ വെരി ബെസ്റ്റ്", ലക്ഷ്മിപ്രിയ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം