Kunchacko Boban : ചാക്കോച്ചനൊപ്പം ഇനി ആ കൂട്ടുകാരനും ഉണ്ടാകും; 'സുധി'യുടെ സ്‌പ്ലെണ്ടർ സ്വന്തമാക്കി താരം
അഭിനയ ജീവിതത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്നതിനിടെയാണ് ചാക്കോച്ചൻ തന്റെ ആദ്യ സിനിമയിലെ ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1997 മാർച്ച് 26. അന്നാണ് ഒരു സ്‌പ്ലെൻഡർ ബൈക്ക് ഓടിച്ച് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ മലയാള സിനിമിലേക്ക് കയറി വന്നത്. അനിയത്തി പ്രാവ് എന്ന ചിത്രത്തിൽ നായകനെ പരിചയപ്പെടുത്തുന്ന ആദ്യസീനിൽ സ്‌പ്ലെൻഡർ ബൈക്ക് ഓടിച്ചുവരുന്ന ചാക്കോച്ചനെ ആരാധികമാരുടെ ചോക്ലേറ്റ് ഹീറോ ആക്കി. പിന്നീട് സിനിമയിലുട നീളം നായകന് കൂട്ടായി ആ ബൈക്കും ഉണ്ടായിരുന്നു. ജൂബിലി നിറവിൽ അനിയത്തിപ്രാവ് നിൽക്കുമ്പോൾ, ആ പഴയ സഹയാത്രികനെ സ്വന്തമാക്കിയിരിക്കുകയാണ് ചാക്കോച്ചൻ.
'25 വർഷങ്ങൾക്കിപ്പുറം ആ സ്‌പ്ലെണ്ടർ ബൈക്ക് സുധിയുടെ കയ്യിലേക്ക് വന്നിരിക്കുകയാണ്. അതൊരു ആലപ്പുഴക്കാരന്റെ കയ്യിൽ തന്നെയായിരുന്നു. ഹോണ്ടയിലെ ജീവനക്കാരനുമായിരുന്നു അദ്ദേഹം. ഇത്രയും കാലം അദ്ദേഹം നല്ല രീതിയിൽ തന്നെ ബൈക്ക് മെയിന്റൈൻ ചെയ്തു. ബൈക്ക് തിരിച്ചു കിട്ടിയ സന്തോഷം ഞാൻ നിങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണ്', കുഞ്ചാക്കോ പറയുന്നു.
അഭിനയ ജീവിതത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്നതിനിടെയാണ് ചാക്കോച്ചൻ തന്റെ ആദ്യ സിനിമയിലെ ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്. ചാക്കോച്ചൻ ഇപ്പോൾ കാസർഗോഡ് ഷൂട്ടിങ് തിരക്കിലാണ്. ഇന്നലെ ആണ് അനിയത്തി പ്രാവ് ബൈക്ക് കൊച്ചിയിലെ വീട്ടിൽ എത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയാൽ ഉടൻ തന്നെ ബൈക്കിൽ ഒരിക്കൽ കൂടി കറങ്ങണം എന്ന് ചാക്കോച്ചൻ പറയുന്നു.
'വായിൽ തോന്നുന്നതെന്തും വിളിച്ചു പറയുന്നതല്ല സ്വാതന്ത്ര്യം', വിനായകൻ മാപ്പ് പറയണം; വിധു വിൻസന്റ്
ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ മീടു സംബന്ധിച്ച് നടൻ വിനായകൻ(Vinayakan) നടത്തിയ പരാമർശങ്ങൾ ഒന്നും തന്നെ കെട്ടടങ്ങിയിട്ടില്ല. നിരവധി പേരാണ് വിനായകനെതിരെ ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ വിനായകനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധു വിൻസന്റ്(Vidhu Vincent). വിനായകൻ സുഹൃത്താണെന്നും എന്നാൽ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നതാണെന്നും വിധു വിൻസന്റ് പറയുന്നു. വിനായകൻ മാപ്പ് പറയണമെന്നും സംവിധായിക ആവശ്യപ്പെട്ടു.
"ഒരുത്തീയുടെ പ്രസ് കോൺഫറൻസിൽ വിനായകൻ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകൻ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകൻ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടത്", എന്നാണ് വിധു വിൻസന്റ് കുറിച്ചത്.
വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം വിനായകൻ പങ്കുവച്ച ആദ്യ പോസ്റ്റും സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. പഞ്ചപാണ്ഡവര്‍ക്കൊപ്പം നിൽക്കുന്ന പാഞ്ചാലിയുടെ ചിത്രമാണ് വിനായകൻ പങ്കുവെച്ചത്. നടൻ സാധാരണ എപ്പോഴും പോസ്റ്റ് ചെയ്യാറുള്ളത് പോലെ ചിത്രത്തിനൊപ്പം ക്യാപ്ഷനുകളൊന്നും തന്നെ നൽകിയിരുന്നില്ല.
രണ്ട് ദിവസം മുമ്പ് ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.