താങ്ങാനാവാത്ത വേദനയില്‍ 'വേദിക', ആശ്വസിപ്പിച്ച് 'സുമിത്ര': 'കുടുംബവിളക്ക്' റിവ്യൂ

വേദികയെപ്പോലെ ആവാന്‍ എല്ലാവര്‍ക്കും ഒരു നിമിഷം മതിയെന്ന് സരസ്വതി

kudumbavilakku serial review asianet popular malayalam tv show nsn

കീമോതെറാപ്പി കഴിഞ്ഞ് വേദനകൊണ്ട് പുളയുന്ന വേദികയെ കാണിച്ചുകൊണ്ടാണ് പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡ് തുടങ്ങുന്നത്. ഇത്രനാളത്തെ വില്ലത്തരമെല്ലാം മാറ്റിവച്ച് സുമിത്രയുടെ മടിയില്‍ കിടന്ന് കരയുകയാണ് വേദിക. ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്ക് പോകാനുള്ള അനുമതി ഡോക്ടര്‍ കൊടുക്കുന്നുണ്ടെങ്കിലും വേദികയുടെ വേദന കാണുന്ന രോഹിത്ത് ചോദിക്കുന്നത് ഇന്നുകൂടെ ഇവിടെ നിന്നാലോ എന്നാണ്. എന്നാല്‍ വീട്ടിലേക്ക് പോകാമെന്നാണ് ഒരു കുഞ്ഞിനെപ്പോലെ വേദിക വാശി പിടിക്കുന്നത്. ഛര്‍ദ്ദിയും വേദനയുമെല്ലാം ഇതിന്റെ ഭാഗമായുണ്ടാകാം എന്ന് ഡോക്ടര്‍ ആദ്യമേ പറഞ്ഞിരുന്നെങ്കിലും വേദിക അനുഭവിക്കുന്നത് കാണുമ്പോള്‍ സുമിത്രയ്ക്കും ശരിക്കും വേദനിക്കുന്നുണ്ടെന്നാണ് പ്രേക്ഷകര്‍ക്ക് തോന്നുന്നത്. രോഹിത്തും സുമിത്രയും കൂടി താങ്ങിയാണ് വേദികയെ കാറില്‍നിന്നുമിറക്കി വീട്ടിലേക്ക് കൊണ്ടുപോകുന്നത്.

വീട്ടിലെത്തുന്ന അവശയായ വേദികയെ സരസ്വതി കളിയാക്കാന്‍ ശ്രമിക്കുന്നതിന് രോഹിത്തും ശിവദാസനും ചുട്ട മറുപടി തന്നെയാണ് കൊടുക്കുന്നത്. വേദികയെപ്പോലെ ആകാന്‍ എല്ലാവര്‍ക്കും ഒരു നിമിഷം മതിയെന്നാണ് ശിവദാസന്‍ സരസ്വതിയോട് പറയുന്നത്. എന്തുപറഞ്ഞാലും കുലുക്കമില്ലാത്ത സരസ്വതിയമ്മയ്ക്ക് അതിന് ഒന്നും തിരിച്ച് പറയാനില്ലായിരുന്നു. വേദിക പറയുന്നത് മകനെ കാണണം എന്നാണ്. മകനെ കണ്ടാല്‍ വേദന കുറയുമെന്നാണ് തന്റെ വേദനകള്‍ക്കിടയിലൂടെ വേദിക പറയുന്നത്.

നീരവ് എന്ന വേദികയുടെ മകനെ കുറച്ചുദിവസം വീട്ടിലേക്ക് വിടണമെന്ന് രോഹിത്തും സുമിത്രയും സമ്പത്തിനെ കണ്ട് സംസാരിക്കുന്നുണ്ട്. ഇതിന് മുമ്പ് നീരവിനെ വേദികയുടെ അടുക്കലേക്ക് വിടുമ്പോള്‍ സമ്പത്ത് നാട്ടിലില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമ്പത്ത് നാട്ടിലുള്ളതുകൊണ്ട് മകനെ വിട്ടുകിട്ടാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. രോഹിത്ത് കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ പറ്റില്ലായെന്നാണ് സമ്പത്ത് പറയുന്നത്. സമ്പത്ത് തന്നെ സ്‌നേഹിച്ചിരുന്നെന്നും സിദ്ധാര്‍ത്ഥിന്റെ സ്‌നേഹം ആത്മാര്‍ത്ഥമാണെന്ന് കരുതിയ സമയത്ത് അതെല്ലാം ഉപേക്ഷിച്ച് താന്‍ സിദ്ധാര്‍ത്ഥിന്റെ അടുക്കലേക്ക് എത്തിയതാണെന്നും, എന്നാല്‍ അത് തെറ്റായിരുന്നെന്നുമാണ് വേദിക സുമിത്രയോട് പറയുന്നത്. മറ്റൊരു സ്ത്രീയ്ക്കും ഈയൊരു അവസ്ഥ വരരുതേയെന്നാണ് വേദിക മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നത്.

ALSO READ : 'ഉപ്പും മുളകും' പരമ്പരയിലേക്ക് 'മുടിയന്‍' തിരിച്ചുവരുമോ? നിഷ സാരംഗിന്‍റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios