Kudumbavilakku : 'കുടുംബവിളക്കും ചിക്കന്‍ പഫ്സ്സും തമ്മിലെന്താണ് ബന്ധം' : വീഡിയോയുമായി ആനന്ദ്
അഞ്ച് മാസം ഗർഭിണിയായിരിക്കുന്ന 'അനന്യ'യെ കാണാൻ അഞ്ച് കൂട്ടം പലഹാരങ്ങളും അഞ്ച് ആളേയും കൂട്ടിയാണ് 'അനിരുദ്ധ്' പോയത്.
മലയാളിയുടെ പ്രിയ പരമ്പരയായ കുടുംബവിളക്കിലെ (Kudumbavilakku) പ്രധാന താരങ്ങളിലൊരാളാണ് ആനന്ദ് നാരായണ്‍ (Anand Narayan). പരമ്പരയില്‍ അല്പം വില്ലത്തരങ്ങളെല്ലാം ഉണ്ടെങ്കിലും ആനന്ദ് വാ തുറക്കുന്നത് തമാശ പറയാനാണെന്ന് മലയാളികള്‍ അറിഞ്ഞത് ആനന്ദിന്റെ യൂട്യൂബ് ചാനലിലൂടെയാണ്. പരമ്പരയില്‍ വില്ലത്തരം കാണിച്ച് മലയാളികളുടെ വെറുപ്പിന് പാത്രമായെങ്കിലും യൂട്യൂബിലെത്തിയതോടെ ആനന്ദ് എന്ന വ്യക്തിയെ ആരാധകര്‍ തിരിച്ചറിയുകയായിരുന്നു. അതിനുശേഷം ആനന്ദിന്റെ ഫാന്‍സ് പവര്‍ കൂടിയെന്നും പറയാം. വീട്ടുവിശേഷങ്ങളും സഹതാരങ്ങളുടെ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ആനന്ദിന്റെ പുതിയ വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്.
'ഞങ്ങളെ ഞെട്ടിച്ച ഗര്‍ഭം, കുടുംബവിളക്കിലെ അനന്യയോടൊത്ത് ഒരു ദിവസം' എന്ന ക്യാപ്ഷനോടെയാണ് ആനന്ദ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പരമ്പരയില്‍ ഡോക്ടര്‍ അനിരുദ്ധായി വേഷമിടുന്ന ആനന്ദിന്റെ സ്‌ക്രീനിലെ ഭാര്യയാണ് അനന്യ. അനന്യയായെത്തുന്നത് തിരുവനന്തപുരം സ്വദേശിനിയായ ആതിരാ മാധവാണ് (Athira Madhav). ഗര്‍ഭിണിയായ ആതിരയെ കാണാനായി കുടുംബവുമായെത്തിയ വിശേഷങ്ങളാണ് പുതിയ വീഡിയോയിലുള്ളത്. ആനന്ദിന്റെ തമാശ കലര്‍ന്ന സംസാരം കേട്ടിരുന്ന് പോകുമെന്നാണ് ആരാധകര്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത്. അതുപോലെതന്നെയാണ് പുതിയ വീഡിയോയുടെ കാര്യവും. വളരെ രസകരമായാണ് താരം വീഡിയോ അവതരണമായെത്തുന്നത്.
വീട്ടില്‍ റെസ്‌റ്റെടുക്കുന്ന ആതിരയെ കാണാന്‍ അമ്മയേയും ഭാര്യയേയും രണ്ട് മക്കളേയും കൂട്ടിയാണ് ആനന്ദ് എത്തിയത്. ആതിരയ്ക്ക് അഞ്ചാം മാസം ആയതിനാല്‍, അഞ്ച് കൂട്ടം പലഹാരങ്ങളും വാങ്ങിയായിരുന്നു ആനന്ദിന്റെ വരവ്. സെറ്റിലെ വിശേഷങ്ങളും, ആതിര ഗര്‍ഭിണിയാണെന്നറിഞ്ഞ മുഹൂര്‍ത്തവും, സെറ്റില്‍ ആതിര തലകറങ്ങി വീണതുമടക്കമുള്ള കാര്യങ്ങളെല്ലാംതന്നെ ആനന്ദ് വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് ചിക്കന്‍ പഫ്സ്സും കൂടുംബവിളക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആതിരയും ആനന്ദും വാചാലരായത്. പരമ്പരയും പഫ്‌സും തമ്മിലെന്ത് വിശേഷം എന്നുപറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. സംഗതി വളരെ രസകരമാണ്.
''ഞങ്ങളുടെ (കുടുംബവിളക്ക്) സെറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ അഭിനേതാക്കാള്‍, അങ്ങനെ വേര്‍തിരിവുകള്‍ ഒന്നുമില്ല. 'ഞാന്‍ വലിയ ആര്‍ട്ടിസ്റ്റാണ്' എന്ന ചിന്തയൊന്നും ആര്‍ക്കും ഇല്ലതന്നെ. ഞങ്ങള്‍ തമ്മിലുള്ള പരമ്പര സ്‌നേഹം വളരെ കൂടുതലാണ്.'' എന്നായിരുന്നു ആതിര പറഞ്ഞത്. അതിന് മറുപടി എന്നവണ്ണം ആനന്ദ് പറഞ്ഞത് സെറ്റിലെ രസകരമായ ഒരു അനുഭവമായിരുന്നു. ''സെറ്റില്‍ രാവിലെ നാരങ്ങാവെള്ളമോ കട്ടന്‍ചായയോ ബിസ്‌ക്കറ്റും കിട്ടും, പക്ഷെ എല്ലാവരും സെറ്റിലെത്തിയാല്‍ ആദ്യത്തെ പണി പിരിവിടലാണ്. അമ്പത്, നൂറ് എന്നിങ്ങനെ മിക്കവരും ഗൂഗില്‍പേ ചെയ്യും. അങ്ങനെ ചിക്കന്‍ പഫ്സ്സ്, മീറ്റ് റോള്‍, കപ്പലണ്ടി എന്നിങ്ങനെ പലതും സെറ്റിലെത്തും. അതിപ്പോ ഇന്നലെ ഞാന്‍ ഇട്ടു, ഇന്നും ചോദിക്കരുത്. നീ ഇന്നലെ ഇട്ടില്ലല്ലോ, അങ്ങനെയൊന്നും ഇല്ല. ശരിക്കും ഒരു കുടുംബം പോലെ തന്നെയാണ് ലൊക്കേഷന്‍.'' കൂടാതെ ലൊക്കേഷനിലെ രസകരമായ പല അനുഭവങ്ങളും ഇരുവരും വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
വീഡിയോ മുഴുവന്‍ കാണാം