'വര്‍മന്‍' ഓണ്‍ ഫുള്‍ പവര്‍; 'ജയിലറി'ലെ ഈ രംഗം എവിടെ? ഛായാഗ്രാഹകനോട് തമിഴ് പ്രേക്ഷകര്‍
നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം സ്വാതന്ത്ര്യദിന വാരാന്ത്യം ലക്ഷ്യമാക്കി ഓഗസ്റ്റ് 10 നാണ് തിയറ്ററുകളിലെത്തിയത്
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി സിനിമയില്‍ ഉള്ള ആളാണ് വിനായകന്‍. ചില മലയാള സിനിമകളിലെ അദ്ദേഹത്തിന്‍റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. എന്നാല്‍ മലയാളികളല്ലാത്ത പ്രേക്ഷകരിലേക്ക് വിനായകന്‍ എത്തിയിരുന്നില്ല. ആ വിടവ് നികത്തിയിരിക്കുകയാണ് തമിഴ് ചിത്രം ജയിലര്‍. രജനികാന്ത് നായകനായ, മോഹന്‍ലാലും ശിവ രാജ്‍കുമാറും ജാക്കി ഷ്രോഫും അതിഥിതാരങ്ങളായെത്തിയ ചിത്രത്തില്‍ ഒരേയൊരു പ്രതിനായകനായിരുന്നു വിനായകന്‍. വര്‍മന്‍ എന്ന വിനായകന്‍ കഥാപാത്രത്തെ ഇരുകൈയും നീട്ടിയാണ് തമിഴ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ജയിലറിന്‍റെ ഛായാഗ്രാഹകനായ വിജയ് കാര്‍ത്തിക് കണ്ണന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വര്‍മന്‍റെ ഒരു ചിത്രം ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തത്. ചിത്രത്തില്‍ ഇല്ലാത്ത ഒരു രംഗം എന്ന തോന്നലുളവാക്കുന്നതാണ് വിജയ് പുറത്തുവിട്ട ഈ ചിത്രം. ഗംഭീര ഫ്രെയ്‍മില്‍ വര്‍മനായി നിറഞ്ഞ് നില്‍ക്കുകയാണ് വിനായകന്‍. ഈ രംഗം ചിത്രത്തില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്നും ഡിലീറ്റഡ് സീന്‍ ആയിട്ടെങ്കിലും പുറത്തുവിടാനും പറയുകയാണ് അവര്‍. മൂവായിരത്തിലധികം ലൈക്കുകളും അഞ്ഞൂറോളം ഷെയറുകളും എക്സില്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം സ്വാതന്ത്ര്യദിന വാരാന്ത്യം ലക്ഷ്യമാക്കി ഓഗസ്റ്റ് 10 നാണ് തിയറ്ററുകളിലെത്തിയത്. ആദ്യദിനം തന്നെ വന്‍ പോസിറ്റീവ് പബ്ലിസിറ്റി നേടിയെടുത്ത ചിത്രത്തിന് ബോക്സ് ഓഫീസില്‍ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ആദ്യ രണ്ടാഴ്ച കൊണ്ട് മാത്രം 520 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത്. കേരളത്തിലും വമ്പന്‍ വിജയമായിരുന്നു ചിത്രം. 50 കോടിയില്‍ അധികമാണ് കേരളത്തില്‍ നിന്ന് ചിത്രം നേടിയത്. വിനായകന്‍റെ പ്രതിനായകവേഷത്തിനൊപ്പം മോഹന്‍ലാലിന്‍റെ അതിഥിവേഷവും മലയാളികള്‍ക്കിടയില്‍ ചിത്രത്തിന് ഇഷ്ടക്കൂടുതലുണ്ടാക്കിയ ഘടകങ്ങളാണ്.
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ