'പൂനവും, ഷെര്‍ലിന്‍ ചോപ്രയും പറയുന്നത് നുണ'; രാജ് കുന്ദ്രയെ ന്യായീകരിച്ച് നടി രംഗത്ത്
നേരത്തെ രാജ് കുന്ദ്രയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചവരില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജറാകാന്‍ മുംബൈ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയ താരമാണ് ഗിഹനാ വസിഷ്ഠ്.
മുംബൈ: ബിസിനസുകാരനായ രാജ് കുന്ദ്ര അശ്ലീല ചിത്ര നിര്‍മ്മാണകേസില്‍ അറസ്റ്റിലായതിന്‍റെ അലയൊലികള്‍ അടങ്ങാതെ ബോളിവുഡ്. കുന്ദ്രയെ പിന്തുണച്ച് ഇപ്പോള്‍ നടി ഗിഹനാ വസിഷ്ഠ് രംഗത്ത് എത്തി. നേരത്തെ രാജ് കുന്ദ്രയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചവരില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജറാകാന്‍ മുംബൈ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയ താരമാണ് ഗിഹനാ വസിഷ്ഠ്.
മുംബൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നത് ഇങ്ങനെ, "ഏതെങ്കിലും നടിമാരെ രാജ് കുന്ദ്ര ബലമായി പോണ്‍ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിട്ടില്ല. ഇപ്പോള്‍ പല പെണ്‍കുട്ടികളും രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തുന്നു. പ്രത്യേകിച്ച് പൂനം പാണ്ഡേയും, ഷെര്‍ലിന്‍ ചോപ്രയും. അവര്‍ എത്രയോ വര്‍ഷമായി നഗ്ന വീഡിയോകള്‍ ചെയ്യുന്നു. പൂനം തന്‍റെ ഭര്‍ത്താവുമായി ചേര്‍ന്നുള്ള ഇത്തരം വീഡിയോകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ വന്ന കേസില്‍ അവരുടെ പേരും വരും എന്നതിനാലാണ് ഇവര്‍ രാജിനെ തള്ളിപ്പറയുന്നത്".
രാജ് കുന്ദ്രയ്ക്ക് ഇന്ത്യയ്ക്ക് പുറത്തും ബിസിനസുകള്‍ ഉണ്ടെന്നും ഗിഹനാ വസിഷ്ഠ് പറയുന്നു. കഴിഞ്ഞ വാരമാണ് ബിസിനസുകാരനും, നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് ആപ്പുകള്‍ വഴി വിറ്റതിന് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ഇദ്ദേഹത്തിന്‍റെ ഭാര്യ ശില്‍പ ഷെട്ടിയെ കഴിഞ്ഞ ദിവസം പൊലീസ് ആറുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ഭര്‍ത്താവ് രാജ്കുന്ദ്ര നിര്‍മ്മിച്ചത് പോണ്‍ ചിത്രങ്ങളല്ലെന്നും ലൈംഗികത ഉണര്‍ത്തുന്ന ചിത്രങ്ങളാണെന്നും നടി ശില്‍പ ഷെട്ടി ചോദ്യം ചെയ്യലില്‍ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. മുംബൈ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ശില്‍പ ഷെട്ടി ഭര്‍ത്താവിനെ ന്യായീകരിച്ച് മൊഴി നല്‍കിയത്. ഹോട്‌ഷോട്‌സ് എന്ന ആപ്ലിക്കേഷനില്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സാമ്പത്തിക ലാഭം പറ്റിയിട്ടില്ലെന്നും ശില്‍പ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഹോട്‌ഷോട്‌സ് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് കുന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം നീലച്ചിത്രം പ്രചരിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍, നീലച്ചിത്ര നിര്‍മാണത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്നും കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷി എന്നയാളാണ് ആപ്പിന് പിന്നിലെന്നും ശില്‍പ മൊഴി നല്‍കി. പ്രത്യക്ഷമായി ലൈംഗിക രംഗങ്ങള്‍ കാണിക്കുന്നില്ലെന്നും ലൈംഗിക താല്‍പര്യം ഉണര്‍ത്തുന്ന ദൃശ്യങ്ങളാണെന്നും ശില്‍പ ഷെട്ടി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവ് രാജ് കുന്ദ്ര നിരപരാധിയാണെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. ആപ്പുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ലൈംഗിക ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നുണ്ടെന്നും ശില്‍പ ഷെട്ടി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona