'ഭഗവാന്റെ വേഷത്തിൽ അച്ഛനും, അച്ഛന്റെ കരവലയത്തിൽ ഞാനും'; ചത്രവുമായി ശ്രുതി
പരമ്പരയുടെ അണിയറ വിശേഷങ്ങൾക്കൊപ്പം സ്വന്തം വിശേഷങ്ങളും ശ്രുതി പങ്കുവയ്ക്കാറുണ്ട്. ഇതിനായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിട്ടുണ്ട്.
ചക്കപ്പഴം എന്ന ഹാസ്യ കുടുംബ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ശ്രുതി രജനീകാന്തിന്റേത്. പൈങ്കിളിയെന്ന സൂപ്പർ ഹിറ്റ് കഥാപാത്രമാണ് താരത്തെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയത്. ബാല താരമായി തന്നെ പരമ്പരകളിൽ അരങ്ങേറിയെങ്കിലും ചക്കപ്പഴമായിരുന്നു കരിയർ ബ്രേക്ക് കഥാപാത്രം. വരാനിരിക്കുന്ന ചില സിനിമകളിലും ശ്രുതി സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.
നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. പരമ്പരയുടെ അണിയറ വിശേഷങ്ങൾക്കൊപ്പം സ്വന്തം വിശേഷങ്ങളും ശ്രുതി പങ്കുവയ്ക്കാറുണ്ട്. ഇതിനായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തീർത്തും വ്യത്യസ്തമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.
കഥകളി വേഷത്തിലുള്ള അച്ഛനൊപ്പം നെഞ്ചോട് ചേർന്നിരിക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ഏറ്റവും പ്രിയപ്പെട്ട ഭഗവാന്റെ വേഷത്തിൽ അച്ഛനും അച്ഛന്റെ കരവലയത്തിൽ ഞാനും അമ്പലപ്പുഴ കൃഷ്ണന്റെ മണ്ണിൽ, ഇതിൽ പരം സുകൃതം എന്തുണ്ട്..'- എന്ന കുറിപ്പും താരം പങ്കുവയ്ക്കുന്നു. കലാകാരനായ അച്ഛൻ രജനീകാന്തിനൊപ്പം അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രമാണിത്.
നർത്തകി കൂടിയാണ് ശ്രുതി. ജേണലിസം വിദ്യാർത്ഥിയായിരിക്കെ തന്നെ നിരവധി ഹ്രസ്വചിത്രങ്ങളും താരം സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്. എട്ട് സുന്ദരികളും ഞാനും എന്ന പരമ്പരയിൽ ബാലതാരമായാണ് ശ്രുതി അഭിനയം തുടങ്ങിയത്. പ്രസാദ് നൂറനാടിന്റെ ചിലപ്പോൾ പെൺകുട്ടി എന്ന സിനിമയിലും വേഷമിട്ട ശ്രുതി ഭാഗമായ നിരവധി സിനിമകൾ റിലീസിനൊരുങ്ങുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona