'കൊവിഡ് കാലത്തെ ജോലി വെല്ലുവിളിയാണ്, പ്രത്യേകിച്ച് കുഞ്ഞുള്ളപ്പോൾ'; അവന്തിക പറയുന്നു
തിരിച്ചുവരവിന്റെ ആവേശത്തിലും, രണ്ട് വയസുള്ള കുഞ്ഞുള്ള തന്റെ കൊവിഡ് കാലത്തെ ജോലി ആശങ്കകളും പങ്കുവയ്ക്കുകയാണ് അവന്തിക.
മിനിസ്ക്രീനിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി അവന്തിക മോഹൻ. ശ്രേയ നന്ദിനി ഐപിഎസിന്റെ വേഷത്തിൽ ഏഷ്യാനെറ്റ് പരമ്പര തൂവൽ സ്പർശത്തിലാണ് അവന്തിക എത്തുന്നത്. നേരത്തെ ബിഗ് സ്ക്രീനിലടക്കം സാന്നിധ്യമായിരുന്ന താരത്തിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. തിരിച്ചുവരവിന്റെ ആവേശത്തിലും, രണ്ട് വയസുള്ള കുഞ്ഞുള്ള തന്റെ ജോലി ആശങ്കകളും പങ്കുവയ്ക്കുകയാണ് അവന്തിക. ഇടൈംസ്-ടിവിയോട് സംസാരിക്കുകയായിരുന്നു താരം.
ഈ കൊവിഡ് കാലഘട്ടത്തിൽ ജോലി ചെയ്യുന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഞാൻ അപകടത്തിലാക്കുന്നത് എന്നെപ്പോലെ കുടുംബാംഗങ്ങളെയുമാണല്ലോ... ഇതൊക്കെയാണെങ്കിലും അച്ഛന്റെ വാക്കാണ് എനിക്ക് കരുത്താകുന്നത്. ഈ അസുലഭ അവസരം കളയരുത്, അവസരങ്ങൾ രണ്ടാമതും വാതിലിൽ വന്ന് മുട്ടില്ല. ഞങ്ങളെ കുറിച്ച് ഓർത്ത് ആശങ്കവേണ്ട. അത് ചെയ്യൂ.. എന്ന് പറഞ്ഞ് അച്ഛൻ ആത്മവിശ്വാസം പകരുന്നു. മകനെ അവർ നോക്കിക്കോളും, സീരിയൽ തിരക്കുകൾക്കിടയിലും അവരോടാപ്പം സന്തോഷത്തോടെ നിൽക്കുന്ന മകനെ കാണുന്നത് അമ്മയെന്ന നിലയിൽ സന്തോഷം നൽകുന്നു- അവന്തിക പറയുന്നു.
ഷൂട്ടിന് ശേഷം വളരെയധികം മുൻകരുതലുകൾ എടുക്കുന്നുണ്ട്. ഞാൻ ലൊക്കേഷനിൽ നിന്ന് മടങ്ങിയെത്തിയ ഉടൻ തന്നെ കൈയും ഡ്രസുമെല്ലാം സാനിറ്റൈസ് ചെയ്യുന്നുണ്ട്. കുടുംബത്തിന് അടുത്ത് എത്തും മുമ്പ് 10 മിനിറ്റ് ആവി പിടിക്കുകയും ചെയ്യും. ഇതെല്ലാം ഇപ്പോൾ പതിവാണെന്നും അവന്തിക വ്യക്തമാക്കുന്നു.
ജനപ്രിയ പരമ്പര 'ആത്മസഖി'യിൽ നന്ദിത എന്ന കഥാപാത്രവുമായി എത്തി പ്രേക്ഷക ഹൃദയം കവർന്ന താരമാണ് അവന്തിക. പിന്നീട് 'പ്രിയപ്പെട്ടവൾ' എന്ന സിനിമയിൽ വേഷമിട്ടെങ്കിലും ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നന്ദിതയാണിപ്പോഴും. ഇടവേളയ്ക്ക് ശേഷമാണ് നന്ദിനിയായി താരം എത്തുന്നത്. പരമ്പരയിൽ സഹോദരി മാളുവായെത്തുന്നത് സാന്ദ്ര ബാബുവുമാണ്. മിനിസ്‌ക്രീനിലൂടെ മലയാളിക്ക് സുപരിചിതനായ ദീപന്‍ മുരളിയാണ് അവിനാഷ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona