'പാസിംഗ് റോള്‍ ആയാലും സാരമില്ല, അഭിനയിച്ചാല്‍ മതി'; മനസ് തുറന്ന് മായ കൃഷ്‍ണ
"എന്നാല്‍ അവര്‍ ആ വീടും സ്ഥലവും വിറ്റ് പോകുമ്പോഴാണ്, ഇതൊന്നും എന്റേതല്ല എന്ന ബോധം വന്നത്"
ചിരിച്ചും ചിരിപ്പിച്ചും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന മായ കൃഷ്ണ കടന്നുവന്ന വഴികള്‍ അത്ര ലളിതമായിരുന്നില്ലെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലൂടെയാണ് ആരാധകര്‍ തിരിച്ചറിഞ്ഞത്. സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ മായ ആ വഴികളുടെ ചില വിശദാംശങ്ങള്‍ വീണ്ടും പറഞ്ഞു.
'അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നെ ഒരു വീട്ടിലാക്കി. അവിടെയുള്ള പ്രായമായ അപ്പൂപ്പനെയും അമ്മൂമ്മയെയും നോക്കണം. അവരെന്നെ പഠിപ്പിക്കും. അങ്ങനെ ഡിഗ്രി ഫൈനല്‍ ഇയര്‍ വരെ അവിടെ നിന്നാണ് പഠിച്ചത്. അത് എന്റെ വീടല്ല എന്നൊരിക്കലും തോന്നിയിരുന്നില്ല. അവര്‍ പോകുന്നിടത്തെല്ലാം എന്നെ കൊണ്ടുപോകും. അവരിലൊരാളായി എന്നോട് പെരുമാറും. ഞാനും വല്ല ഡോക്ടറെയും എന്‍ജിനിയറെയുമൊക്കെ കല്യാണം കഴിച്ച് പോകും എന്നാണ് കരുതിയത്.
എന്നാല്‍ അവര്‍ ആ വീടും സ്ഥലവും വിറ്റ് പോകുമ്പോഴാണ്, ഇതൊന്നും എന്റേതല്ല എന്ന ബോധം വന്നത്. പിന്നീട് അടുക്കള പണിക്ക് തന്നെ പലയിടത്തും പോയി. ആദ്യം നിന്ന ഇടത്തിലുള്ളവരാണ് എന്നെ ഡാന്‍സ് പഠിപ്പിച്ചത്. അത് വഴി ഐഡിയ സ്റ്റാര്‍ സിംഗറില്‍ പിന്നില്‍ നിന്ന് ഡാന്‍സ് ചെയ്യുന്നവരുടെ സംഘത്തില്‍ അവസരം കിട്ടി. അവിടെയുള്ള ഒരു കുട്ടിയാണ് എന്നെ സിനിമാറ്റിക് ഡാന്‍സ് പഠിക്കാനും പ്രോത്സാഹിപ്പിച്ചത്. അതോടെ കൂടുതല്‍ അവസരങ്ങള്‍ കിട്ടി. അതിലൂടെ കോമഡി ഷോകളിലേക്കും വന്നു.
ചെറുപ്പം മുതലേ ആഗ്രഹിക്കുന്നതാണ് നടിയാവണം എന്ന്. എന്നെക്കൊണ്ട് ഒരിക്കലും സാധിക്കില്ല, അതിനുള്ള ഭംഗിയില്ല എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ എങ്ങനെയൊക്കെയോ ഞാനിവിടെ വരെ എത്തി. പാസിംഗ് റോള്‍ ആയാലും സാരമില്ല, അഭിനയിച്ചാല്‍ മതി എന്നായിരുന്നു. അങ്ങനെ ഒരുപാട് അവസരങ്ങള്‍ കൈയ്യില്‍ വന്നിട്ട്, നിറത്തിന്റെ പേരില്‍ പോയിട്ടുണ്ട്'. - മായ കൃഷ്ണ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം